ലൂയിസ് വില്ല: അന്തരിച്ച ബോക്‌സിങ് താരം മുഹമ്മദലിയുടെ അന്ത്യോപചാര ചടങ്ങുകള്‍ ജന്മനാടായ കെന്റക്കിയിലെ ലൂയിസ് വില്ലയില്‍ വ്യാഴാഴ്ച്ച വൈകിയിട്ട് നടന്നു. അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിദ്ധ്യത്തില്‍ വെള്ളിയാഴ്ച്ച മൃതദേഹം മറമാടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കന്‍ സിനിമാതാരം വില്‍ സ്മിത്ത്, മുന്‍ ബോക്‌സിങ് ചാമ്പ്യന്‍ ലെനോക്‌സ് ലെവിസ് എന്നിവര്‍ക്കൊപ്പം മുഹമ്മദലിയുടെ ആറ് അടുത്ത ബന്ധുക്കളും ചേര്‍ന്നായിരിക്കും മൃതദേഹം വഹിക്കുക. പതിനയ്യായിരത്തോളം ആളുകള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കനഡയില്‍ നിന്നുമെല്ലാം ആയിരക്കണക്കിന് ആളുകളാണ് ചടങ്ങുകളില്‍  പങ്കെടുക്കാന്‍ എത്തിയിരുന്നത് 


മുഹമ്മദലിയും കുടുംബവും വര്‍ഷങ്ങള്‍ക്ക് മുമ്പേ അന്ത്യകര്‍മങ്ങള്‍ക്ക് വേണ്ട ആസൂത്രണങ്ങള്‍ ചെയ്തിരുന്നുവെന്നും 1964ല്‍ ഇസ്‌ലാം സ്വീകരിച്ച മുഹമ്മദലിയുടെ അന്ത്യകര്‍മങ്ങള്‍ ഒരു മുസ്‌ലിം ചാമ്പ്യന്‍റെ  അന്തസ്സിന്‍റെ  അടയാളമായി മാറുമെന്നും മാധ്യമ റിപോര്‍ട്ട് സൂചിപ്പിച്ചു.മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍, സിനിമാതാരം ബില്ലി ക്രിസ്റ്റല്‍ തുടങ്ങിയ പ്രമുഖര്‍ അന്ത്യോപചാരമര്‍പ്പിച്ച് സംസാരിക്കുമെന്നും പ്രതീക്ഷിക്കുന്നു.