ബ്രിട്ടണിലെ കഴിഞ്ഞ 6 വർഷത്തിനിടയിലെ അഞ്ചാമത്തെ പ്രധാനമന്ത്രിയാകാൻ തയ്യാറെടുക്കുന്നത് ആരൊക്കെയാണെന്ന് തിങ്കളാഴ്ചയോടെ വ്യക്തമാകും. ലിസ് ട്രസിന്റെ പിൻഗാമിയാകാൻ കൺസർവേറ്റീവ് പാർട്ടിയിൽ കടുത്ത മത്സരമായിരിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. അവസാന റൗണ്ടുകളിൽ ട്രസിനോടു തോറ്റ പെനി മോർഡന്റ് മാത്രമാണ് ഇതുവരെ സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. അവസാന റൗണ്ട് വരെ പൊരുതി പരാജിതനായ ഇന്ത്യൻ വംശജൻ ഋഷി സുനക് മത്സരസന്നദ്ധത അനൗദ്യോഗികമായി നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ തവണ സുനകിനെ പിന്തുണയ്ക്കാത്ത ചില എംപിമാർ ഇത്തവണ പിന്തുണ അറിയിച്ചിട്ടുണ്ട്. അതേ സമയം മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ അന്തിമതീരുമാനം ഇതുവരെ അറിഞ്ഞിട്ടില്ല. 2019 ലെ പൊതുതിരഞ്ഞെടുപ്പിൽ ബോറിസ് ജോൺസന്റെ നേതൃത്വത്തിൽ കൺസർവേറ്റീവ് പാർട്ടി നേടിയത് ഉജ്വലവിജയമാണ്. യൂറോപ്യൻ യൂണിയൻ വിട്ടുപോരാനുള്ള ബ്രെക്സിറ്റ് പദ്ധതിയിലൂടെ രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം തന്നെ തിരുത്തിയ നേതാവായി ജനപ്രീതി നേടി ബോറിസ് ജോൺസൻ. 


ALSO READ: Liz Truss : ലിസ് ട്രസിന് പകരം ആര്? ഋഷി സുനക്കിനാകുമോ സാധ്യത?


80 സീറ്റുകളുടെ ഭൂരിപക്ഷമാണു പാർലമെന്റിൽ കൺസർവേറ്റീവ് പാർട്ടി നേടിയത്. 1987ൽ മാർഗരറ്റ് താച്ചർക്കുശേഷം മറ്റൊരു കൺസർവേറ്റീവ് നേതാവിനും ഇത്രയും വലിയ ഭൂരിപക്ഷം നേടാനായിട്ടില്ല. 5 വർഷം സുഗമമായ ഭരണം ഉറപ്പിച്ചായിരുന്നു ജോൺസന്റെ അധികാര പ്രവേശനം. എന്നാൽ രണ്ടരവർഷം പിന്നിട്ടപ്പോഴേക്കും സ്ഥിതി മാറി. വിവാദങ്ങൾ ഒന്നിന് പുറകെ ഒന്നായി ജോൺസനെ തേടിയെത്തി. എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം നടക്കുമ്പോൾ സെന്റ് പോൾസ് കത്തീ‍ഡ്രലിലെ  വേദിയിലേക്ക് എത്തിയ ബോറിസ് ജോൺസനെയും ഭാര്യ കാരി സിമോൺസിനെയും ജനക്കൂട്ടം കൂവലോടെയാണു സ്വീകരിച്ചത്. 


കോവിഡ് ലോക്ഡൗണിൽ നട്ടം തിരിഞ്ഞ് ജനം വീട്ടിലിരുന്നപ്പോൾ, പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലും സർക്കാർ ഓഫിസുകളിലുമായി ജോൺസൺ നടത്തിയത് 17 ആഘോഷ പാർട്ടികളായിരുന്നു. ലോക്ഡൗൺ വ്യവസ്ഥകൾ ലംഘിച്ചതിന്  ജോൺസന് പിഴയടയ്ക്കേണ്ടി വന്നു. മാത്രമല്ല, ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കെ നിയമലംഘനം നടത്തിയ ആദ്യ പ്രധാനമന്ത്രിയായും മാറി. 2021 ഏപ്രിലിൽ, ഫിലിപ് രാജകുമാരന്റെ സംസ്കാരത്തിനു തലേന്ന് 2 മദ്യവിരുന്നുകൾ പ്രധാനമന്ത്രിയുടെ വസതിയിൽ നടന്നെന്ന വെളിപ്പെടുത്തലും പുറത്തുവന്നു.അതും ജോൺസന്റെ പ്രതിച്ഛായയെ തകർത്തു.


ഭരണകർത്താവ് എന്നനിലയിൽ ഉറച്ച രാഷ്ട്രീയനയമോ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനുള്ള തന്ത്രപരമായ നീക്കങ്ങളോ ജോൺസന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല എന്നതും വ്യക്തം. ബോറിസ് ജോൺസൺ മത്സരിച്ചാൽ പിന്തുണയ്ക്കുമെന്നു മന്ത്രിമാരായ ബെൻ വാലസും ജേക്കബ് റീസ് മോഗും പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതോടെ, വാലസ് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്ക്  വിരാമമായി. കുറഞ്ഞത് 100 പാർട്ടി എംപിമാരുടെയെങ്കിലും പിന്തുണയുള്ളവർക്ക് തിങ്കളാഴ്ചയ്ക്കുള്ളിൽ സ്ഥാനാർഥികളാകാം. എന്തായാലും ബ്രിട്ടീഷ് രാഷ്ട്രീയത്തിന്റെ ഭാവി എന്താകുമെന്നാണ് ലോകം ആകാംഷയോടെ കാത്തിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.