Ukraine Evacuation : യുക്രൈനിൽ നിന്നുള്ള ആദ്യ സംഘം ഇന്ന് അർധരാത്രിയോടെ എത്തും; പോളണ്ട് അതിർത്തിയിലേക്ക് എത്തുന്നവർക്ക് പ്രത്യേക നിർദ്ദേശം
Ukraine Rescue Mission : എയർ ഇന്ത്യയുടെ പ്രത്യേക വിമാനം റൊമാനിയയുടെ ബുക്കറെസ്റ്റ് വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്.
New Delhi : യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന രക്ഷദൗത്യത്തിന്റെ ഭാഗമായി ആദ്യ സംഘം ഇന്ന് അർധരാത്രിയോടെ മുംബൈ വിമാനത്താവളത്തിൽ എത്തും. റൊമാനിയയിൽ നിന്നുള്ള സംഘമാണ് ഇന്നെത്തുന്നത്. 470 പേരാണ് സംഘത്തിലുള്ളത്. ഇതിൽ 30 മലയാളി വിദ്യാർഥികളും ഉണ്ട്. ഇതിനായി എയർ ഇന്ത്യയുടെ പ്രത്യേക വിമാനം റൊമാനിയയുടെ ബുക്കറെസ്റ്റ് വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്. ഇന്ന്, ഫെബ്രുവരി 26 ന് വൈകിട്ടോട് കൂടി വിമാനം അവിടന്ന് തിരിക്കും.
ഇന്ന് രാവിലെയോടെ റൊമാനിയ അതിർത്തിയിലെത്തിയ സംഘത്തെ വിമാനത്താവളത്തിൽ എത്തിച്ചു. ഇവർക്ക് ഭക്ഷണവും സൗകര്യങ്ങളും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ഒരുക്കിയിരുന്നു. ഇവരുടെ യാത്രയ്ക്കുള്ള എല്ലാ നടപടികളും പൂർത്തികരിച്ചിട്ടുണ്ട്. റൊമാനിയ വഴി രണ്ടാം സംഘവും ഇന്ന് അതിർത്തി കടക്കും. കൂടാതെ ഹംഗറിയിൽ നിന്നുള്ള അടുത്ത സംഘത്തിനായി വിമാനം ഇന്ന് പുറപ്പെടും.
അതേസമയം യുക്രൈനിന്റെ കിഴക്കൻ അതിർത്തിയിലുള്ള രക്ഷാപ്രവർത്തനം കൂടുതൽ ദുര്ഘടമായി കൊണ്ടിരിക്കുകയാണ്. കിഴക്കൻ പ്രദേശങ്ങളിൽ ഉള്ളവർ അവിടെ തന്നെ സുരക്ഷിത സ്ഥാനങ്ങളിൽ കഴിയണമെന്ന് അറിയിച്ചിട്ടുണ്ട്. താമസ സ്ഥലം സുരക്ഷിതമെങ്കിൽ അവിടെത്തന്നെ കഴിയാണെമന്നാണ് എംബസി നിർദ്ദേശം നൽകുന്നത്. രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്നത് പൂർണമായും ഒഴിവാക്കണമെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം പോളണ്ട് അതിർത്തിയിൽ എത്തിയ നിരവധി പേർ അതിർത്തികളിൽ കുടുങ്ങി കിടക്കുകയാണ്. ഇവരെ തിരികെയെത്തിക്കാനുള്ള നടപടികൾ ഉടൻ പൂർത്തിയാകുമെന്ന് എംബസി അറിയിച്ചിട്ടുണ്ട്. മുൻകൂട്ടി അറിയിക്കാതെ അതിർത്തികളിൽ എത്തരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. അതിർത്തി കടക്കാൻ അനുവാദമുള്ള രണ്ട് പോയിന്റുകളിൽ തന്നെ എത്താൻ ശ്രമിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
പോളണ്ട് അതിർത്തിയിൽ എത്തുന്നവർക്ക് പ്രത്യേക നിർദ്ദേശം
1) ഒരുമിച്ച് പോളണ്ട് അതിർത്തിയിലേക്ക് എത്തുന്നത് ഒഴിവാക്കണം
2) എംബസിയുടെ നിർദ്ദേശം അനുസരിച്ച് മാത്രമേ അതിർത്തിയിൽ എത്താൻ പാടുള്ളൂ
3) രാത്രി യാത്ര ഒഴിവാക്കുക
4) അതിർത്തി കടക്കാൻ അനുവാദമുള്ള പോയിന്റുകളിൽ തന്നെ എത്തുക
5) സുരക്ഷിതമെങ്കിൽ താമസസ്ഥലങ്ങളിൽ തുടരണം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...