Ukraine Russia war: വെടിനിർത്തൽ ലംഘിച്ച് റഷ്യ; സുമിയിൽ നിന്ന് ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിക്കുന്നതിൽ അനിശ്ചിതത്വം
വിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. ഈ പ്രദേശങ്ങളിൽ വെടിനിർത്തൽ ലംഘനം ഉണ്ടാകുന്നതായാണ് റിപ്പോർട്ടുകൾ.
സുമി (യുക്രൈൻ): സുമിയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിക്കുന്നത് നിർത്തിവച്ചതായി ഇന്ത്യൻ എംബസി. വിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. ഈ പ്രദേശങ്ങളിൽ വെടിനിർത്തൽ ലംഘനം ഉണ്ടാകുന്നതായാണ് റിപ്പോർട്ടുകൾ.
ആക്രമണം രൂക്ഷമായി തുടരുന്ന പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നതിനായി റഷ്യ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ മേഖലയിൽ റഷ്യ ആക്രമണം തുടരുന്നതായാണ് റിപ്പോർട്ടുകൾ. വിദ്യാർഥികളെ ബസുകളിൽ കയറ്റിയ ശേഷമാണ് യാത്ര ആരംഭിക്കാൻ സാധിക്കില്ലെന്ന് എംബസി അറിയിച്ചത്. ഏകദേശം എഴുന്നൂറോളം വിദ്യാർഥികളാണ് സുമിയിൽ കുടുങ്ങിക്കിടക്കുന്നത്.
ഹർകീവ് നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലും ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇവരെ ഒഴിപ്പിക്കുന്നതിനും ഇന്ത്യ ഊർജ്ജിത ശ്രമം നടത്തുകയാണ്. സുമിയിലും ഹർകീവിലെ പ്രാന്തപ്രദേശങ്ങളിലുമായി ആകെ 1200 ഓളം പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്.
യുക്രൈന്റെ കിഴക്കൻ മേഖലകളിൽ ആക്രമണം ശക്തമായതിനെ തുടർന്ന് വിദ്യാർഥികൾക്ക് ഷെൽട്ടറുകളിൽ നിന്ന് പുറത്ത് കടക്കാൻ കഴിയാത്ത സാഹചര്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കിയുമായും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായും ചർച്ച നടത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...