New Delhi : റഷ്യ - യുക്രൈൻ വിഷയത്തിൽ ഇന്ത്യക്ക് മധ്യസ്ഥത വഹിക്കാൻ കഴിയുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്. പ്രശ്‌ന പരിഹാരത്തിന് ഇന്ത്യയുടെ ഇടപെടൽ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ സെർജി ലാവ്‌റോവ് ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ദ്വിദിന സന്ദർശനത്തിനായി വ്യാഴാഴ്ചയാണ് റഷ്യൻ വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തിയത്. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യക്കെതിരായ യുഎസ് സമ്മർദ്ദം, വർധിച്ചുവരുന്ന ഊർജ വില, റഷ്യക്കെതിരായ ഉപരോധം എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങൾ ചർച്ചയായി. ഇന്ത്യയുടെ വിദേശനയത്തെ സെർജി ലാവ്‌റോവ് പ്രശംസിച്ചു. യുക്രൈനും റഷ്യക്കുമിടയിൽ മധ്യസ്ഥരായി ഇന്ത്യക്ക് ഗുണപരമായി ഇടപെടാനാകുമെന്ന് ലാവ്‌റോവ് പറഞ്ഞു. 


'ഇന്ത്യ പ്രധാനപ്പെട്ട ഒരു രാജ്യമാണ്. അന്താരാഷ്ട്ര പ്രശ്നങ്ങളോട് നീതിപൂർണവും യുക്തിസഹവുമായ സമീപനമാണെങ്കിൽ ഇന്ത്യയുടെ ഇടപെടൽ പ്രശ്‌നപരിഹാരത്തിന് തീർച്ചയായും സഹായിക്കും' - ലാവ്‌റോവ് പറഞ്ഞു. കാലങ്ങളായി ഇന്ത്യയും റഷ്യയുമായി വളരെ നല്ല ബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


യുഎസ് സമ്മർദ്ദം ഇന്ത്യയും റഷ്യയുമായുള്ള ബന്ധത്തെ ഒരുതരത്തിലും ബാധിക്കില്ല. ഇന്ത്യയും റഷ്യയുമായുള്ള വാണിജ്യത്തിന് ഒന്നും തടസമാവില്ലെന്ന് ലാവ്‌റോവ് പറഞ്ഞു. അമേരിക്ക അവരുടെ രാഷ്ട്രീയം മറ്റുള്ളവരെ അടിച്ചേൽപ്പിക്കുകയാണ് ചെയ്യുന്നതെന്നും റഷ്യൻ വിദേശകാര്യമന്ത്രി കുറ്റപ്പെടുത്തി. അതേസമയം യുക്രൈനിലെ സൈനിക നടപടിയെ യുദ്ധമെന്ന് വിളിക്കുന്നത് ശരിയല്ലെന്ന് ലാവ്‌റോവ് പറഞ്ഞു. കീവ് ഉയർത്തുന്ന ഭീഷണി ഇല്ലാതാക്കുകയാണ് സൈനിക നടപടിയുടെ ലക്ഷ്യമെന്നും സെർജി ലാവ്‌റോവ് വ്യക്തമാക്കി.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.