സിയോള്‍‍: ഉത്തര കൊറിയയുടെ പ്രകോപനത്തിന് പിന്നാലെ അമേരിക്കയുടെ യുദ്ധവിമാനങ്ങളും ബോംബറുകളും കൊറിയന്‍ ഉപദ്വീപില്‍ പറന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

എഫ് 35ബി വിഭാഗത്തില്‍പെട്ട നാല് സ്റ്റെല്‍ത്ത് വിമാനങ്ങളും രണ്ട് ബി-1ബി ബോംബര്‍ വിമാനങ്ങളുമാണ് ഉത്തര കൊറിയന്‍ മേഖലയില്‍ നിരീക്ഷണം നടത്തിയത്. 


കഴിഞ്ഞ ദിവസങ്ങളില്‍ ഉത്തര കൊറിയ നടത്തിയ ന്യൂക്ലിയര്‍ പരീക്ഷണങ്ങള്‍ക്കും മിസൈല്‍ പരീക്ഷണങ്ങള്‍ക്കും പിന്നാലെയാണ് അമേരിക്കയുടെ പോര്‍വിമാനങ്ങള്‍ വട്ടമിട്ടത്. ദക്ഷിണ കൊറിയയുടെ നാല് എഫ്-15കെ വിമാനങ്ങളും ഇതിനൊപ്പം ചേര്‍ന്നു.


അതേസമയം, പതിവ് പരിശീലന പറക്കല്‍ മാത്രമായിരുന്നു ഇതെന്ന് അമേരിക്ക വ്യക്തമാക്കി. അമേരിക്കയുടെ സഖ്യകക്ഷികള്‍ തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായുള്ള സൈനികാഭ്യാസം മാത്രമാണ് നടന്നതെന്നും അധികൃതര്‍ പറഞ്ഞു.


ആണവ പരീക്ഷണം നിറുത്തണമെന്ന് ഉത്തര കൊറിയയ്ക്ക് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. പരീക്ഷണം തുടര്‍ന്നാല്‍ ഉത്തര കൊറിയയെ നശിപ്പിക്കുമെന്ന് യുഎന്നിലെ അമേരിക്കയുടെ അംബാസഡര്‍ നിക്കി ഹാലി വ്യക്തമാക്കിയിരുന്നു. 


ഉത്തര കൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചതോടെയാണ് മേഖലയില്‍ സംഘര്‍ഷ സാദ്ധ്യത രൂക്ഷമായത്. 


എന്നാല്‍ ഉത്തര കൊറിയയ്ക്കെതിരെയുള്ള സൈനിക നടപടി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തള്ളിയിട്ടില്ല.


ആയുധ ശേഷിയില്‍ അമേരിക്കയ്ക്ക് തുല്യമാകുകയാണ് തന്‍റെ ലക്ഷ്യമെന്നും അത് നേടുന്നതുവരെ ശ്രമങ്ങള്‍ തുടരുമെന്നും ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.