Russia-Ukraine: യുക്രൈന്റെ കിഴക്കൻ വിമതമേഖലകളെ സ്വതന്ത്ര രാജ്യങ്ങളാക്കി റഷ്യ; സൈന്യത്തെ അയച്ചു, യുക്രൈൻ യുഎസ് കോളനിയായി മാറിയെന്ന് പുടിൻ
2014 മുതൽ റഷ്യൻ പിന്തുണയോടെ യുക്രൈൻ സൈന്യവുമായി ഏറ്റുമുട്ടുന്ന വിമത വിഭാഗമാണ് ഡൊണെറ്റ്സ്കും ലുഹാൻസ്കും.
മോസ്കോ: യുക്രൈന്റെ കിഴക്കൻ വിമത പ്രദേശങ്ങളെ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പുടിൻ പ്രഖ്യാപനം നടത്തിയത്. ഡൊണെറ്റ്സ്കിനേയും ലുഹാൻസ്കിനേയുമാണ് റഷ്യ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ചത്. രണ്ട് പ്രദേശങ്ങളിലും സമാധാനം ഉറപ്പ് വരുത്താൻ പുടിൻ ഉത്തരവിട്ടു. 2014 മുതൽ റഷ്യൻ പിന്തുണയോടെ യുക്രൈൻ സൈന്യവുമായി ഏറ്റുമുട്ടുന്ന വിമത വിഭാഗമാണ് ഡൊണെറ്റ്സ്കും ലുഹാൻസ്കും.
രാജ്യത്തെ അഭിസംബോധന ചെയ്ത്കൊണ്ട് സംസാരിച്ച പുടിൻ, റഷ്യയുടെ ചരിത്രത്തിന്റെ അവിഭാജ്യ ഘടകമാണ് യുക്രൈൻ എന്ന് വിശേഷിപ്പിച്ചു. കിഴക്കൻ യുക്രൈൻ പുരാതന റഷ്യൻ ഭൂമിയാണെന്ന് പുടിൻ പറഞ്ഞു. തന്റെ തീരുമാനത്തെ റഷ്യൻ ജനത പിന്തുണയ്ക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും പുടിൻ പറഞ്ഞു.
"വളരെക്കാലം മുമ്പ് എടുക്കേണ്ടിയിരുന്ന ഒരു തീരുമാനം ഇപ്പോൾ എടുക്കേണ്ടത് അത്യാവശ്യമാണെന്ന് ഞാൻ കരുതുന്നു, ഡൊണെറ്റ്സിക് പീപ്പിൾസ് റിപ്പബ്ലിക്കിന്റെയും ലുഹാൻസ്ക് പീപ്പിൾസ് റിപ്പബ്ലിക്കിന്റെയും സ്വാതന്ത്ര്യവും പരമാധികാരവും അംഗീകരിക്കുന്നു" പുടിൻ പ്രസംഗത്തിൽ വ്യക്തമാക്കി.
റഷ്യയുടെ നീക്കം സമാധാന ചർച്ചകൾക്ക് തിരിച്ചടിയായിരിക്കുകയാണ്. റഷ്യൻ സൈന്യത്തിന് യുക്രൈന്റെ കിഴക്കൻ മേഖലയിലൂടെ എളുപ്പത്തിൽ പ്രവേശിക്കാൻ പുടിന്റെ നടപടിയിലൂടെ സാധിക്കുമെന്നാണ് യുഎസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾ ആശങ്കപ്പെടുന്നത്. റഷ്യ, യുക്രൈന്റെ കിഴക്കൻ പ്രദേശത്തേക്ക് അയക്കുന്ന സൈന്യത്തെ സംബന്ധിച്ച് ഇതുവരെ വ്യക്തതയുണ്ടായിട്ടില്ല. എന്നാൽ ഡൊണെറ്റ്സ്കിലും ലുഹാൻസ്കിലും സൈനിക താവളങ്ങൾ നിർമ്മിക്കാൻ റഷ്യയ്ക്ക് ഇപ്പോൾ അധികാരമുണ്ടെന്ന് റഷ്യ അവകാശപ്പെടുന്നു.
അതിനിടെ, യുഎസിന്റെയും ബ്രിട്ടന്റെയും ഫ്രാൻസിന്റെയും അഭ്യർഥന മാനിച്ച് യുഎൻ രക്ഷാസമിതി ഉടൻ യോഗം ചേരും. സ്വതന്ത്രരാജ്യങ്ങളായി പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങളിലെ വിഘടനവാദികൾ ഉൾപ്പെടെ 1,50,000 സൈനികരെ റഷ്യ ഈ മേഖലയിൽ വിന്യസിച്ചിട്ടുണ്ടെന്നും ദിവസങ്ങൾക്കുള്ളിൽ റഷ്യക്ക് യുക്രൈനെ ആക്രമിക്കാൻ കഴിയുമെന്നും യുഎസ് വ്യക്തമാക്കുന്നു. എന്നാൽ, യുക്രൈനെ ആക്രമിക്കാൻ പദ്ധതിയില്ലെന്നാണ് റഷ്യ ആവർത്തിക്കുന്നത്. പക്ഷേ, യുക്രൈൻ നാറ്റോ സഖ്യത്തിൽ ചേരില്ല എന്നതുൾപ്പെടെയുള്ള ഉറപ്പുകൾ ലഭിക്കാത്ത പക്ഷം, സൈനിക വിന്യാസം പിൻവലിക്കില്ലെന്നാണ് വ്യക്തമാകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...