ജനീവ: ലോകത്തെ പിടിമുറുക്കി യിരിക്കുന്ന കൊറോണ വൈറസിനൊപ്പം ജീവിക്കാന്‍ പഠിക്കണമെന്ന് ലോകാരോഗ്യ സംഘടന  (World Health Organisation) തലവന്‍ ടെഡ്രോസ് അഥനോം ഗബ്രിയാസിസ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡ്‌  ബാധിച്ചുവെന്നാല്‍   ജീവിതം അവസാനിച്ചെന്ന് അര്‍ത്ഥമില്ലെന്നും വൈറസിനൊപ്പം ജീവിക്കാന്‍ പഠിക്കണമെന്നു൦   അദ്ദേഹം അഭിപ്രായപ്പെട്ടു.  വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തിലായിരുന്നു ലോകാരോഗ്യ സംഘടന (WHO)  തലവന്‍ ടെഡ്രോസ് അഥനോം ഗബ്രിയാസിസിന്‍റെ  പ്രതികരണം.


ചില രാജ്യങ്ങളില്‍ വൈറസ് വ്യാപനം വര്‍ധിക്കുന്നതിനു കാരണം യുവാക്കളുടെ അശ്രദ്ധയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലമാകുന്നതിനാലാണ് വൈറസ് വ്യാപനം വര്‍ധിക്കുന്നതെന്നും യുവാക്കളുടെ അശ്രദ്ധയ്ക്ക് ഇതില്‍ വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.  പ്രായമായവര്‍ക്കും  കുട്ടികള്‍ക്കും വൈറസ്  രോഗ സാധ്യത കൂടുതലാണെങ്കിലും  ചെറുപ്പക്കാർക്കും അപകടസാധ്യതയുണ്ട്. ഈ അപകടസാധ്യതയെക്കുറിച്ച് ചെറുപ്പക്കാരെ ബോധ്യപ്പെടുത്തുക എന്നതാണ് ഞങ്ങൾ നേരിടുന്ന ഒരു വെല്ലുവിളി. യുവാക്കള്‍ വൈറസിന് മുന്നില്‍ അപരാജിതരല്ല, ടെഡ്രോസ് അഥനോം ചൂണ്ടിക്കാട്ടി. 


രാഷ്ട്രീയ നേതൃത്വവും സാമൂഹ്യ സഹകരണവും വൈറസിനെ പ്രതിരോധിക്കുന്നതില്‍ നിര്‍ണായകമാണെന്ന് അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 


അതേസമയം, നിലവില്‍ അമേരിക്ക, ഇംഗ്ലണ്ട്, ചൈന എന്നീ രാജ്യങ്ങളുടെ വാക്‌സിനുകള്‍ മൂന്നാം ഘട്ട പരീക്ഷണങ്ങളിലാണെന്നും 24 വാക്‌സിനുകളുടെ പരീക്ഷണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞെന്നും അദ്ദേഹം അറിയിച്ചു.


തന്‍റെ വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ ലോകത്താകമാനമുള്ള മുസ്ലീം സഹോദരങ്ങള്‍ക്ക്‌ അദ്ദേഹം ഈദ്  ആശംസകള്‍ നേര്‍ന്നു.