കൊവിഡിന്റെ ഉത്ഭവം അന്വേഷിക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന ; ചൈനയോട് റിപ്പോർട്ട് തേടി
വുഹാനിൽ ഉത്ഭഭവിച്ച് മൂന്ന് വർഷങ്ങൾക്കിപ്പുറവും കൊറോണ വൈറസ് വിതച്ച ഭീതിയിൽ നിന്ന് ലോകം മുക്തമായിട്ടില്ല
ലോകത്തെ പിടിച്ചുലച്ച കൊറോണ മഹാമാരിയുടെ ഉറവിടം കണ്ടെത്താനൊരുങ്ങി ലോകാരോഗ്യ സംഘടന. ഇത് സംബന്ധിച്ച വിവരങ്ങൾ ചൈനയോട് ആവശ്യപ്പെട്ടതായി ഡബ്ല്യുഎച്ച്ഒ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. കൊറോണ വൈറസിന്റെ ഉത്ഭവം മനസിലാക്കുന്നതിനും കൂടുതൽ പഠനങ്ങൾ നടത്തുന്നതിനുമാണ് വിവരങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ലോകത്ത് ആദ്യമായി കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാനിലാണ്. വുഹാനിൽ ഉത്ഭഭവിച്ച് മൂന്ന് വർഷങ്ങൾക്കിപ്പുറവും കൊറോണ വൈറസ് വിതച്ച ഭീതിയിൽ നിന്ന് ലോകം മുക്തമായിട്ടില്ല. എങ്ങനെയാണ് വൈറസ് ഭൂമിയിലെത്തിയതെന്ന് സംബന്ധിച്ച ചർച്ചകൾ ഇപ്പോഴും പുരോഗമിക്കുകയാണ്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരാൻ കഴിവുള്ള ശ്വാസകോശ രോഗകാരിയായി തുടരുകായണ് സാർസ്-കോവ് 2.
വൈറസിന്റെ ഉത്ഭവത്തെ സംബന്ധിച്ച് രണ്ട് പ്രധാന സാധ്യതകളാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. സ്വാഭാവിക സൂനോട്ടിക് സ്പിൽ ഓവറിന്റെ ഫലമായോ അല്ലെങ്കിൽ ഗവേഷണവുമായി ബന്ധപ്പെട്ടോ അല്ലെങ്കിൽ അതിന്റെ അനന്തരഫലമായോ ആകാം വൈറസ് മനുഷ്യരെ ബാധിച്ചതെന്നാണ് വിദഗ്ധരുടെ വാദം. ഇപ്പോഴും ഈ മാരക വൈറസ് അന്താരാഷ്‌ട്ര തലത്തിൽ അടിയന്തരാവസ്ഥ സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
2023 ജനുവരിയിൽ ചേരുന്ന കൊറോണ അടിയന്തര സമിതിയുടെ അടുത്ത യോഗത്തിൽ അടിയന്തരാവസ്ഥ അവസാനിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ചർച്ച ചെയ്യുമെന്ന് ഡബ്ല്യുഎച്ച്ഒ തലവൻ പറഞ്ഞു. എന്നാൽ വൈറസ് പൂർണമായും ഭൂ മുഖത്ത് നിന്ന് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...