ലോകത്തെ പവർഫുൾ പാസ്പോർട്ട് ആർക്കാണ്?... ഹെൻലി പാസ്‌പോർട്ട് ഇൻഡക്സ് പട്ടിക നോക്കാം
കോവിഡ് മഹാമാരിയിൽ വലഞ്ഞ ലോകരാജ്യങ്ങളെല്ലാം യാത്രാ നിയന്തണങ്ങളൊക്കെ ഭാഗികമായും പൂർണമായും മാറ്റിയിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും പവർഫുൾ പാസ്‌പോർട്ട് ഏത് രാജ്യത്തിന്റേതായിരിക്കും. നമുക്ക് നോക്കാം.. കോവിഡ് മഹാമാരിയിൽ വലഞ്ഞ ലോകരാജ്യങ്ങളെല്ലാം യാത്രാ നിയന്തണങ്ങളൊക്കെ ഭാഗികമായും പൂർണമായും മാറ്റിയിട്ടുണ്ട്. കോവിഡ് കാലയളവിന് മുമ്പുള്ള ആ പ്രതാപകാലത്തിന്റെ 75 ശതമാനത്തിലേക്ക് ആഗോള യാത്രാകളുടെ കണക്കുകൾ എത്തിയിട്ടുണ്ട്. അതിർത്തികൾ പൂർണമായും തുറന്നതോടെയാണ് ഹെൻലി പാസ്‌പോർട്ട് ഇൻഡക്സ് ലോകത്തിലെ ശക്തമായ പാസ്പോർട്ടുള്ള രാജ്യങ്ങളുടെ പട്ടിക പുറത്ത് വിട്ടിരിക്കുന്നത്.
എന്താണ് ഹെൻലി പാസ്‌പോർട്ട് ഇൻഡക്സ് എന്ന് നോക്കാം.
രാജ്യങ്ങളുടെ പാസ്പോർട്ടിന്റെ കണക്കുകൾ സംബന്ധിച്ച് കൃത്യവും ആധികാരികവുമായ കണക്കുകളാണ് ഹെൻലി പാസ്‌പോർട്ട് ഇൻഡക്സ് പുറത്ത് വിടുന്നത്. പാസ്‌പോർട്ട് ഉടമയ്ക്ക് മൂൻകൂർ വിസയില്ലാതെ സഞ്ചരിക്കാവുന്ന ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണമാണ് ഇതിന് അടിസ്ഥാനം. ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷനിൽ നിന്നും ശേഖരിച്ച കണക്കുകളായതിനാൽ തന്നെ ലോകത്തിലെ ഏറ്റവും വലിയ യാത്രാരേഖകളാണ് ഈ പട്ടിക തയ്യാറാക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ഏഷ്യൻ രാജ്യങ്ങ്യൾ പട്ടികയിൽ മികച്ച സ്ഥാനം നേടിയെന്നതാണ് ഇത്തവണത്തെ പ്രത്യേകത.
തുടർച്ചയായ അഞ്ചാം വർഷവും ജപ്പാൻ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. 193 രാജ്യങ്ങളിലേക്ക് ജാപ്പനീസ് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാൻ സാധിക്കും. രണ്ടാം സ്ഥാനം ഏഷ്യൻ രാജ്യമായ സിംഗപ്പൂർ സ്വന്തമാക്കി. പാസ്പോർട്ട് ഉടമകൾക്ക് 192 രാജ്യങ്ങൾ സന്ദർശിക്കാൻ വിസ ആവശ്യമില്ല. ദക്ഷിണ കൊറിയയും രണ്ടാം പങ്കിടുന്നുണ്ട്. മൂന്നാം സ്ഥാനത്തും രണ്ട് രാജ്യങ്ങളുണ്ട്. ജർമനി, സ്പെയിൻ എന്നിവിടങ്ങളിലെ പൗരന്മാർക്ക് 190 രാജ്യങ്ങൾ വിസരഹിതമായി യാത്രചെയ്യാം. യൂറോപ്യൻ രാജ്യങ്ങളായ ഇറ്റലി, ഫിൻലൻഡ്, ലക്സംബർഗ് എന്നീ രാജ്യങ്ങൾ നാലാം സ്ഥാനത്തുണ്ട്. 189 രാജ്യങ്ങളിലേക്ക് ഇവർക്ക് വിസാ രേഖകളില്ലാതെ കടന്നുചെല്ലാം.
പട്ടികയിലെ അഞ്ചാം സ്ഥാനം ഓസ്ട്രിയ,ഡെൻമാർക്ക്, നെതർലാൻഡ്സ് സ്വീഡൻ എന്നീ രാജ്യങ്ങൾ ചേർന്നാണ് സ്വന്തമാക്കിയത്. ഇവിടങ്ങളിൽ നിന്നുള്ളവർക്ക് വിസയില്ലാതെ 188 രാജ്യങ്ങളിലെത്താം. 2022 ന്റെ തുടക്കത്തിൽ അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ഫ്രാൻസ് ഒന്ന് പിന്നോട്ട് പോയിരിക്കുകയാണ്. 187 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പോകാൻ കഴിയുന്ന അയർലാൻഡ്, യുകെ എന്നീ രാജ്യങ്ങൾക്കൊപ്പം ആറാം സ്ഥാനത്താണ് നിലവിൽ ഫ്രാൻസ്. ബെൽജിയം, നോർവേ, സ്വിറ്റ്സർലാൻഡ്, ന്യൂസിലാൻഡ് , ചെക്ക് റിപ്പബ്ലിക് എന്നിവർക്കൊപ്പം ഏഴാം സ്ഥാനത്ത് അമേരിക്കയുണ്ട്. ഇവർക്ക് 186 രാജ്യങ്ങളിലേക്ക് പാസ്പോർട്ട് മാത്രം ഉപയോഗിച്ച് പറന്നിറങ്ങാം. ആസ്ട്രേലിയ, ഗ്രീസ്, കാനഡ, മാൽട്ട എന്നിവർ സംയുക്തമായി എട്ടാം സ്ഥാനം പങ്കിടുന്നു. പട്ടികയിലെ കണക്ക് പ്രകാരം ഇവർക്ക് 185 രാജ്യങ്ങളിലേക്ക് പ്രവേശനമുണ്ട്.
ആദ്യ 10 രാജ്യങ്ങളുടെ പട്ടികയിൽ ഒൻപതാം സ്ഥാനത്തുള്ളത് ഹംഗറിയും പോളണ്ടുമാണ്. 184 രാജ്യങ്ങളിലേക്ക് ഇവർക്കെത്താൻ മുൻകൂർ വിസാ രേഖകൾ ആവശ്യമില്ല. ഇതുപോലെ 183 രാജ്യങ്ങളിലേക്ക് സഞ്ചരിക്കാൻ സാധിക്കുന്ന പാസ്പോർട്ടുള്ള ലിത്വാനിയ,സ്ലൊവാക്യ, എന്നീ രാജ്യങ്ങളാണ് പട്ടികയിലെ പത്താം സ്ഥാനക്കാർ. ഈ രാജ്യങ്ങളിലെ പാസ്പോർട്ട് കൈവശമുള്ളവർക്ക് മറ്റ് രാജ്യങ്ങളിലേക്കെത്താൻ വിസാരേഖകൾ മുൻകൂറായി എടുക്കേണ്ടതില്ല. രാജ്യത്തേക്ക് പ്രവേശിക്കുമ്പോൾ ഇതിനായുള്ള രേഖകൾ എയർപോർട്ടിൽ നിന്നും സ്വന്തമാക്കാൻ സാധിക്കും. വിവിധ രാജ്യങ്ങൾ അവരുടെ നയതന്ത്ര ബന്ധങ്ങൾ, മറ്റ് സാഹചര്യങ്ങൾ എന്നിവ കണക്കിലെടുത്ത് യഥായമയം രാജ്യങ്ങളുടെ പട്ടിക പുതുക്കാറുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...