കോവിഡില്‍ രാഷ്ട്രീയക്കളി വേണ്ട, ട്രംപിന് മറുപടിയുമായി WHO
ലോകത്താകമാനം കൊറോണ വൈറസ് (COVID-19) ഭീതി പരത്തുന്ന അവസരത്തില്‍ രാഷ്ട്രീയ കളി വേണ്ടെന്ന് അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ: ലോകത്താകമാനം കൊറോണ വൈറസ് (COVID-19) ഭീതി പരത്തുന്ന അവസരത്തില്‍ രാഷ്ട്രീയ കളി വേണ്ടെന്ന് അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
അടുത്തിടെ, ലോകാരോഗ്യ സംഘടനയ്ക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമര്‍ശങ്ങളാണ് മുന്നറിയിപ്പിന് അടിസ്ഥാനം.
കോവിഡ് മഹാമാരി ലോകജനതയ്ക്ക് തന്നെ ഭീഷണിയായി മാറിയ ഘട്ടത്തിലൂടെ കടന്ന് പോകുമ്പോള്‍ അല്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് ലോകാരോഗ്യ സംഘടന (WHO)ആവശ്യപ്പെട്ടു.
ലോകാരോഗ്യ സംഘടന തലവന്‍ ഡോ. ടെഡ്രോസ് അധനോം ഗെബ്രിയേസസ് ആണ് ട്രംപിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ലോകാരോഗ്യ സംഘടനയ്ക്ക് ആരോടും പ്രത്യേക താത്പര്യങ്ങള്‍ ഇല്ല. എല്ലാ രാജ്യങ്ങളും ഒരുപോലെയാണ്, ദേശീയ- അന്തര്‍ദേശിയ തലങ്ങളില്‍ ഒരുമയും ഐക്യപ്പെടലുമെല്ലാം വേണ്ട സമയമാണിത്, മറ്റ് രാഷ്ട്രീയക്കളികളെ നമുക്ക് തല്ക്കാലം ക്വാറന്റൈന് ചെയ്യാ൦, അദ്ദേഹം പറഞ്ഞു.
അതേസമയം, ലോകാരോഗ്യ സംഘടനയ്ക്കെതിരായ കടന്നാക്രമണങ്ങള്‍ തുടരുകയാണ് അമേരിക്ക. ലോകാരോഗ്യ സംഘടനയ്ക്ക് ചൈനയോട് പ്രത്യേക താത്പര്യമുണ്ടെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ തന്നെ എല്ലാവരും വിമര്‍ശിച്ചുവെന്നും എന്നാല്‍ അത് വാസ്തവമാണെന്നും ട്രംപ് ആവര്‍ത്തിച്ചു.
ബുധനാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് വീണ്ടും WHOയെ രൂക്ഷമായി വിമര്‍ശിച്ചത്.
ലോകാരോഗ്യ സംഘടനയ്ക്ക് ചൈനയോട് പ്രത്യേക താത്പര്യമുണ്ട് എന്ന തന്നെ ആവര്‍ത്തിക്കുന്നു. ഇക്കാര്യത്തേക്കുറിച്ച് അമേരിക്ക കൂടുതല്‍ പരിശോധനകള്‍ നടത്തിവരികയാണ്. അതിനു ശേഷം പ്രതിവര്‍ഷം നല്‍കാറുള്ള തുക സംബന്ധിച്ച് തീരുമാനിക്കും- ട്രംപ് പറഞ്ഞു.58 മില്യണ്‍ യുഎസ് ഡോളറാണ് പ്രതിവര്‍ഷം അമേരിക്ക WHOയ്ക്ക് നല്‍കുന്നത്.
വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും ഇതേ അഭിപ്രായമാണ് പങ്കുവച്ചത്. കാര്യങ്ങളേക്കുറിച്ച് വ്യക്തമായി പഠിക്കുമെന്നും പ്രാഥമിക ഘട്ടത്തില്‍, ട്രംപ് പറഞ്ഞതു പോലെ ഇനി ഫണ്ട് നല്‍കേണ്ടെന്നാണ് തീരുമാനമെന്നും പോംപിയോ വ്യക്തമാക്കി.