സ്കൂബ ഡൈവിംഗിൽ ലോക റെക്കോർഡ് തിരുത്തികുറിച്ച് 95 കാരനും പോർട്ട് സൺലൈറ്റ് സ്വദേശിയുമായ റേ വൂളെ. കണക്കുകൾ പ്രകാരം ലോകത്തിലെ ഏറ്റ‍വും പ്രായം ചെന്ന സ്കൂബാ ഡൈവറാണ് വൂളെ. 


COMMERCIAL BREAK
SCROLL TO CONTINUE READING

സിപ്രസിൽ തകർന്ന കപ്പലിനെ കുറിച്ചുള്ള വിവരശേഖരണത്തിനായി കടലിന്‍റെ അടിത്തട്ടിലേക്ക് സഞ്ചരിച്ചതോടെയാണ് വൂളെ ഈ അതുല്യ നേട്ടം കൈവരിച്ചത്. 45 മിനിറ്റോളം സമയമാണ് അദ്ദേഹം 40.6 മീറ്റർ ആഴത്തിൽ കടലിൽ ചിലവഴിച്ചത്. 


ഒരു വർഷം മുമ്പ് തന്‍റെ 94മത്തെ വയസില്‍ വൂളെ തന്നെ സ്ഥാപിച്ച റെക്കോർഡാണ് ഇതോടെ തകര്‍ന്നത്. അന്ന് 38.1 മീറ്റര്‍ ആഴത്തില്‍ 41 മിനിറ്റ് സമയമാണ് വൂളെ ചിലവഴിച്ചത്. ഇംഗ്ലണ്ടിലെ പോർട്ട് സൺലൈറ്റ് സ്വദേശിയായ വൂളെ ഇപ്പോള്‍ സിപ്രസിലാണ് താമസിക്കുന്നത്. 


58 വർഷമായി സ്കൂബ ഡൈവിംഗ് രംഗത്ത് സജീവ സാന്നിധ്യമായ വൂളെ രണ്ടാം ലോക മഹായുദ്ധത്തിൽ റേഡിയോ ഓപ്പറേറ്ററായും സേവനമനുഷ്ടിച്ചിട്ടുണ്ട്.  


തനിക്ക് ഇപ്പോൾ കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും ആരോഗ്യസ്ഥിതി ഇങ്ങനെ തന്നെ തുടർന്നാൽ അടുത്ത വർഷം വീണ്ടും റെക്കോർഡ് തിരുത്തുമെന്നും അദ്ദേഹം ആത്മവിശ്വാസത്തോടെ പറയുന്നു.