സോള്‍: യുഎൻ രക്ഷാസമിതിയുടെ ഉപരോധത്തിനു പിന്നാലെ കടുത്ത മുന്നറിയിപ്പുമായി ഉത്തര കൊറിയ.  ആണവായുധമുപയോഗിച്ച് ജപ്പാനെ കടലില്‍ മുക്കുമെന്നും അമേരിക്കയെ ചാരമാക്കുമെന്നും ഉത്തരകൊറിയയുടെ ഭീഷണി. 


ആണവായുധമുപയോഗിച്ച് ജപ്പാന്‍റെ ദ്വീപസമൂഹങ്ങളെ കടലില്‍ മുക്കുകയാണ് വേണ്ടതെന്നും തങ്ങളുടെ സമീപത്ത് ഇനി ഇങ്ങനെയൊരു രാജ്യം ആവശ്യമില്ലയെന്നും. അമേരിക്കയെ ചാരമാക്കി മാറ്റുമെന്നും ഉത്തരകൊറിയയുടെ ഔദ്യോഗിക വാര്‍ത്ത എജന്‍സി പുറത്തുവിട്ട കുറിപ്പില്‍ വ്യക്തമാക്കുന്നു. യുഎന്നില്‍ അമേരിക്ക അവതരിപ്പിച്ച പ്രമേയം 15 അംഗ രക്ഷാസമിതി ഏകകണ്ഠമായാണ് പാസ്സാക്കിയത്. ഉത്തരകൊറിയയുടെ വസ്ത്ര കയറ്റുമതി തടഞ്ഞുകൊണ്ടും പെട്രോളിയം ഇറക്കുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുമായിരുന്നു പ്രമേയം. ഇതിനെതിരെ ശക്തമായ രീതിയില്‍ ഉത്തരകൊറിയ നേരത്തെയും പ്രതികരിച്ചിരുന്നു.  സെപ്തംബര്‍ മൂന്നിന് ആറാമത്തെ ആണവപരീക്ഷണം കൊറിയ നടത്തിയതോടെയാണ് മേഖലയില്‍ വീണ്ടും പ്രശ്‌നങ്ങള്‍ രൂക്ഷമായത്.