അമേരിക്കയുടെ 'റഷ്യപ്പേടി'യ്ക്ക് പിന്നിൽ എന്ത്? സൗദിയെ മുൻനിർത്തി 'പ്ലാൻ ബി'യ്ക്കൊരുങ്ങി നീക്കങ്ങൾ... യൂറോപ്പിനും ഭയം

കടുത്ത റഷ്യൻ വിരോധികളായ യുഎസിന്റെ ക്രൂഡ് ഇറക്കുമതിയുടെ 10 ശതമാനവും റഷ്യയിൽ നിന്നാണ്. തങ്ങൾ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് ഉറപ്പായും നിർത്തുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇറക്കുമതിയിലെ ഈ വിടവ് നികത്താൻ മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരും.

Written by - ടിറ്റോ തങ്കച്ചൻ | Edited by - Zee Malayalam News Desk | Last Updated : Mar 7, 2022, 03:57 PM IST
  • റഷ്യയോട് നേരിട്ട് യുദ്ധം ചെയ്യില്ലെന്ന് പ്രഖ്യാപിച്ച അമേരിക്കയും അവരുടെ തന്നെ നിയന്ത്രണത്തിലുള്ള നാറ്റോ സംഖ്യ രാജ്യങ്ങളും ''പ്ലാൻ ബി'' ആയി അവതരിപ്പിച്ച റഷ്യൻ ഉപരോധം വരും ദിവസങ്ങളിൽ ക്രൂഡ് വില കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുമെന്നതിൽ സംശയമില്ല.
  • കടുത്ത റഷ്യൻ വിരോധികളായ യുഎസിന്റെ ക്രൂഡ് ഇറക്കുമതിയുടെ 10 ശതമാനവും റഷ്യയിൽ നിന്നാണ്
  • ക്രൂഡ് ഓയിൽ ഉത്പാദനം കൂട്ടാൻ സൌദിയോട് ആവശ്യപ്പെടുമെന്നും റിപ്പോർട്ടുകളുണ്ട്.
അമേരിക്കയുടെ 'റഷ്യപ്പേടി'യ്ക്ക് പിന്നിൽ എന്ത്? സൗദിയെ മുൻനിർത്തി 'പ്ലാൻ ബി'യ്ക്കൊരുങ്ങി നീക്കങ്ങൾ... യൂറോപ്പിനും ഭയം
റഷ്യയുടെ യുക്രൈൻ അധിനിവേശം ആരംഭിച്ചത് മുതൽ കുതിക്കുകയാണ് ക്രൂഡ് ഓയിൽ വില. 2008 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലേക്ക് ക്രൂഡ് ഓയിൽ വിലയെത്തി നിൽക്കുന്നു. യൂറോപ്പിന് ആവശ്യമായ അസംസ്കൃത എണ്ണയുടെ വിതരണത്തിലെ മുഖ്യപങ്കും വഹിക്കുന്നത് റഷ്യ തന്നെയാണ്. ക്രൂഡ് വില വർധിക്കുന്നതിനുള്ള പ്രധാന കാരണവും മേഖലയിലെ റഷ്യയുടെ ആധിപത്യമാണ്. റഷ്യയോട് നേരിട്ട് യുദ്ധം ചെയ്യില്ലെന്ന് പ്രഖ്യാപിച്ച അമേരിക്കയും അവരുടെ തന്നെ നിയന്ത്രണത്തിലുള്ള നാറ്റോ സംഖ്യ രാജ്യങ്ങളും ''പ്ലാൻ ബി'' ആയി അവതരിപ്പിച്ച റഷ്യൻ ഉപരോധം വരും ദിവസങ്ങളിൽ ക്രൂഡ് വില കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുമെന്നതിൽ സംശയമില്ല. എണ്ണ പാടങ്ങളാൽ സമ്പന്നമായ ഇറാന് മേൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം മൂലം അവരുടെ ക്രൂഡ് ഓയിൽ മിക്ക രാജ്യങ്ങളും വാങ്ങുന്നില്ലെന്നതും വില കൂടാൻ കാരണമാകുന്നുണ്ട്. 
 
 
അമേരിക്കയിലും റഷ്യൻ ക്രൂഡ്
 
കടുത്ത റഷ്യൻ വിരോധികളായ യുഎസിന്റെ ക്രൂഡ് ഇറക്കുമതിയുടെ 10 ശതമാനവും റഷ്യയിൽ നിന്നാണ്. തങ്ങൾ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് ഉറപ്പായും നിർത്തുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇറക്കുമതിയിലെ ഈ വിടവ് നികത്താൻ മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരും. യുകെയും ജർമ്മനിയും ഫ്രാൻസും തുടങ്ങി റഷ്യൻ വിരുദ്ധ ചേരിയിലെ മിക്ക യൂറോപ്യൻ രാജ്യങ്ങളും ക്രൂഡിന് ആശ്രയിക്കുന്നത് റഷ്യയെ തന്നെ. യൂറോപ്യൻ രാജ്യങ്ങൾ റഷ്യക്ക് നേരെ ആക്രമണത്തിന് ചാടി പുറപ്പെടാതിരുന്നതിന്റെ മുഖ്യ കാരണവും ഇതുതന്നെയാണ്. കൂടുതൽ ഉപരോധം ഇനിയും ഏർപ്പെടുത്തിയാൽ  ക്രൂഡ് വിതരണം നിർത്തുമെന്ന ഭീഷണിയാണ് റഷ്യ ഉയർത്തുന്നതും.
 
ക്രൂഡ് ഓയിൽ ഇറക്കുമതിയിലെ ''പ്ലാൻ ബി''
 
റഷ്യക്ക് വിലക്ക് ഏർപ്പെടുത്തുന്ന യുഎസിന് മുന്നിൽ ക്രൂഡ് ഓയിൽ ഇറക്കുമതിയിലെ  കുറവ് നികത്താൻ മുന്നിലുള്ള വഴി, ഉറ്റ സുഹൃത്തായ സൗദി അറേബ്യയോട് കൂടുതൽ ക്രൂഡ് ഉത്പാദിപ്പിക്കണം എന്ന് ആവശ്യപ്പെടുകയാണ്. ബൈഡൻ നേരിട്ട് പോയി ഈ ആവശ്യം ഉന്നയിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇത്  മാധ്യമങ്ങളുടെ നുണക്കഥകളാണെന്ന് വൈറ്റ് ഹൗസിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും സമീപഭാവിയിൽ തന്നെ ബൈഡൻ, സൗദി സന്ദർശിച്ചേക്കുമെന്നാണ് വിലയിരുത്തൽ. ഇതിനൊപ്പം, വെനസ്വേലയിൽ നിന്ന് കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്നതിനുള്ള നടപടികളും യുഎസ് ആരംഭിക്കും. വെനസ്വേലയ്ക്ക് മേലും അമേരിക്ക ചില ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ കാര്യങ്ങൾ നടക്കണമെങ്കിൽ ഉപരോധം മറന്ന് കൂടുതൽ ഇറക്കുമതിക്ക് അനുമതി നൽകേണ്ടി വരും. 
 
യുപി അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതോടെ ഇന്ത്യയിൽ ഇന്ധന വില വർധനയ്ക്ക് നേരിട്ടിരുന്ന 'തടസ്സം' നീങ്ങും. ഇന്ത്യക്കാരായ മെഡിക്കൽ വിദ്യാർഥികളെയും അവരുടെ മാതാപിതാക്കളെയും മാത്രം ഇതുവരെ ആശങ്കയിലാക്കിയ യുക്രൈനിലെ റഷ്യൻ അധിനിവേശം ഇതോടെ എല്ലാ ഇന്ത്യക്കാരെയും ബാധിച്ചു തുടങ്ങും.

Trending News