കുപ്‌വാരയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്ന് ഭീകരരെ സൈന്യം വധിച്ചു

  

Last Updated : Jun 10, 2018, 09:44 AM IST
കുപ്‌വാരയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാരയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്ന് ഭീകരരെ സൈന്യം വധിച്ചു. കുപ്‌വാരയിലെ കെറൻ പ്രവിശ്യയിലാണ് സംഭവം. നുഴഞ്ഞുകയറ്റം കണ്ടെത്തിയതോടെ സൈന്യം പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.

തീവ്രവാദി സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന്​ സൈന്യം പ്രദേശത്തെ പരിശോധന കർശനമാക്കി. രണ്ട്​ ദിവസം മുമ്പാണ്​ അഭ്യന്തര മന്ത്രി രാജ്​നാഥ്​ സിങ്​ കുപ്​വാര ജില്ലയിൽ സന്ദർശനം നടത്തിയത്​. കശ്​മീർ മുഖ്യമന്ത്രി മെഹ്​ബൂബ മുഫ്​തി, കേന്ദ്രസഹമന്ത്രി ജിതേന്ത്ര സിങ്​ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

റംസാൻ മാസത്തിൽ സൈനിക ഓപ്പറേഷനുകൾക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും ഭീകരാക്രമണം ഇപ്പോഴും തുടരുകയാണ്. നിരവധി ഗ്രനേഡ് ആക്രമണങ്ങളും സൈനികർക്കും ജനങ്ങൾക്കുമെതിരെ ഇക്കാലയളവിൽ ഭീകരർ നടത്തിയിരുന്നു. ഇതിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

സാധാരണക്കാരായ ഇസ്ലാം മത വിശ്വാസികൾക്ക് റംസാൻ മാസത്തിൽ ബുദ്ധിമുട്ടുണ്ടാകാതിരിക്കാനായിരുന്നു സർക്കാർ സൈനിക നീക്കങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. അതേ സമയം ഭീകരാക്രമണങ്ങൾ പ്രതിരോധിക്കുന്ന വിഷയത്തിൽ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ലെന്നും വ്യക്തമാക്കിയിരുന്നു.

അതിർത്തിയിൽ നിന്നുള്ള പാക് ഷെല്ലിംഗ് ഇടയ്ക്ക് ശക്തമായത് നുഴഞ്ഞുകയറ്റക്കാരെ കടത്തിവിടുന്നതിനാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു.

Trending News