വയനാട്ടിലെ ബാണാസുര അണക്കെട്ടിന്‍റെ ഷട്ടറുകള്‍ കൂടുതൽ ഉയര്‍ത്തി

നാലു ഷട്ടറുകളാണ് ഉയര്‍ത്തിയിരിക്കുന്നത്. 77 ക്യുമെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

Last Updated : Aug 13, 2018, 08:52 AM IST
വയനാട്ടിലെ ബാണാസുര അണക്കെട്ടിന്‍റെ ഷട്ടറുകള്‍ കൂടുതൽ ഉയര്‍ത്തി

കൽപ്പറ്റ: വയനാട്ടിലെ ബാണാസുര അണക്കെട്ടിന്‍റെ ഷട്ടറുകള്‍ കൂടുതൽ ഉയര്‍ത്തി. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ ലഭിച്ച സാഹചര്യത്തിലാണ് ഷട്ടറുകള്‍ കൂടുതൽ ഉയര്‍ത്തിയത്. ഷട്ടറുകള്‍ 90 സെ.മീറ്ററില്‍ 120 സെ.മീ ആയാണ് ഉയർത്തിയത്. 150 സെ.മീറ്ററിലേക്ക് ഘട്ടം ഘട്ടമായി ഉയര്‍ത്താനാണ് തീരുമാനമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

നാലു ഷട്ടറുകളാണ് ഉയര്‍ത്തിയിരിക്കുന്നത്. 77 ക്യുമെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. പരിസര പ്രദേശങ്ങളിലുള്ള ജനങ്ങളോട് ജാഗ്രത പുലര്‍ത്താന്‍ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. 

നേരത്തെ മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. യാതൊരു മുന്നറിയിപ്പും ഇല്ലാതെ അര്‍ദ്ധരാത്രിയില്‍ ഷട്ടറുകള്‍ 230 സെ.മീ വരെ ഉയര്‍ത്തിയതോടെ നൂറ് കണക്കിന് ഹെക്ടര്‍ കൃഷിയിടങ്ങളും വീടുകളും വെള്ളത്തിലായി. മുന്‍കൂട്ടി അറിയാഞ്ഞതിനാല്‍ വീടുകളില്‍ താമസിക്കുന്നവര്‍ക്ക് ദുരുതാശ്വാസ ക്യാമ്പുകളിലേക്ക് മാറാനോ വേണ്ട മുന്‍കരുതലുകള്‍ എടുക്കാനോ സാധിച്ചില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.

ഇടമലയാല്‍ അണക്കെട്ടിന്‍റെ നാലു ഷട്ടറുകളും തുറന്നിരിക്കുകയാണ്. ഒരു മീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. 385.28 ക്യുമെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. പുലര്‍ച്ചെ അഞ്ച് മണിക്ക് 168.84 മീറ്ററാണ് ജലനിരപ്പ്.

ഇതിനിടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്ന് 2397.94 അടിയിലേക്കെത്തിയിട്ടുണ്ട്. പുലര്‍ച്ചെ അഞ്ചു മണിയോടെയുള്ള കണക്കാണിത്.

Trending News