ദേശീയ നീന്തൽ ചാമ്പ്യൻഷിപ്പ്: സജന്‍ മികച്ച പുരുഷ താരം, കിരീടം കര്‍ണാടകയ്ക്ക്

200 മീറ്റർ ബട്ടർഫ്ലൈസിൽ പുതിയ റെക്കോർഡോടെ കേരളത്തിന്‍റെ സജൻ പ്രകാശ് അഞ്ചാം സ്വർണം സ്വന്തമാക്കി.  

Last Updated : Sep 24, 2018, 10:03 AM IST
ദേശീയ നീന്തൽ ചാമ്പ്യൻഷിപ്പ്: സജന്‍ മികച്ച പുരുഷ താരം, കിരീടം കര്‍ണാടകയ്ക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന ദേശീയ നീന്തൽ ചാമ്പ്യൻഷിപ്പിൽ കിരീടം സ്വന്തമാക്കി കര്‍ണാടക.

227 പോയിന്‍റ് നേടിയതോടെയാണ് ഓവറോള്‍ കിരീടം കര്‍ണാടകത്തിന് സ്വന്തമായത്. അതേസമയം, 200 മീറ്റർ ബട്ടർഫ്ലൈസിൽ പുതിയ റെക്കോർഡോടെ കേരളത്തിന്‍റെ സജൻ പ്രകാശ് അഞ്ചാം സ്വർണം സ്വന്തമാക്കി. 

400 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍, 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ, 200 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍, 200 മീറ്റര്‍ മെഡ്ലെ, 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ എന്നീ ഇനങ്ങളിലാണ് സജന്‍ സ്വര്‍ണം നേടിയത്. ഇതോടെ, ചാമ്പ്യൻഷിപ്പിലെ മികച്ച പുരുഷ താരമായി സജന്‍ തിരഞ്ഞെടുക്കപ്പെട്ടു. 

കർണാടകയുടെ സലോന ദലാലാണ് മികച്ച വനിതാ താരം.  രണ്ട് റെക്കോഡടക്കം മൂന്ന് സ്വര്‍ണമാണ് സലോനയുടെ നേട്ടം.കൂടാതെ, വനിതകളുടെ വാട്ടർ പോളോയിൽ ബംഗാളിനെ തോൽപിച്ച് കേരളം ചാമ്പ്യൻമാരായി.

 

ആറ് സ്വർണവും ഒരു വെങ്കലവുമാണ് കേരളം ആകെ നേടിയത്.കർണാടക ഓവറോൾ ചാമ്പ്യൻമാരായപ്പോൾ നീന്തൽ ഫെഡറേഷൻ രണ്ടാം സ്ഥാനത്തെത്തി. 

ആറ് സ്വര്‍ണവും ഒരു വെങ്കലവുമടക്കം 55 പോയിന്‍റുമായി കേരളം ഏഴാം സ്ഥാനത്താണ്. ദേശീയ നീന്തല്‍ ഫെഡറേഷന്‍ രണ്ടാംസ്ഥാനവും (202) റെയില്‍വേ (140) മൂന്നാം സ്ഥാനവും നേടി.

മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ആറ് പേരെ ചൈനയില്‍ നടക്കുന്ന ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് തിരഞ്ഞെടുത്തു. കഴിഞ്ഞവര്‍ഷത്തെ മികച്ച താരമായിരുന്ന ശ്രീഹരി നടരാജും മൂന്നാം സ്വര്‍ണത്തോടെ അഞ്ച് മെഡല്‍ നേടി. 
 

Trending News