തിരുവനന്തപുരം: ഏഷ്യൻ രാജ്യങ്ങളുടെ കായിക കരുത്ത് മാറ്റുരക്കുന്ന മൗണ്ടൻ സൈക്ലിങ് ആഘോഷം 26ന് പൊന്മുടിയിൽ ആരംഭിക്കും. ഇന്ത്യ ആദ്യമായി ആതിഥ്യം വഹിക്കുന്ന ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം 25ന് വൈകിട്ട് നാല് മണിക്ക് ഹോട്ടൽ ഹൈസിന്തിൽ നടക്കുന്ന ചടങ്ങിൽവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷനാകും. മന്ത്രിമാരായ പി.എ. മുഹമ്മദ്‌ റിയാസ്, ജി.ആർ. അനിൽ, ആന്റണി രാജു, ശശി തരൂർ എംപി, മേയർ ആര്യ രാജേന്ദ്രൻ, ഡി.കെ മുരളി എം.എൽ.എ, ഏഷ്യൻ സൈക്ലിങ് കോൺഫെഡറേഷൻ സെക്രട്ടറി ജനറൽ ഓംകാർ സിങ്, സൈക്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ മനിന്ദർപാൽ സിങ് സൈക്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ ട്രഷററും കേരള സൈക്ലിങ് അസോസിയേഷൻ പ്രസിഡന്റുമായ എസ്.എസ്. സുധീഷ്‌കുമാർ, കേരള സൈക്ലിങ് അസോസിയേഷൻ സെക്രട്ടറി ബി.ജയപ്രസാദ് തുടങ്ങിയവർ പങ്കെടുക്കും.


ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി കലാസാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന  രാജ്യങ്ങളുടെ പ്രതിനിധികൾ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും. നാളെ രാവിലെ പൊന്മുടിയിലെ ചാമ്പ്യൻഷിപ് വേദിയിൽ ടൂറിസം,  പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് പതാക ഉയർത്തുന്നതോടെ മത്സരങ്ങൾ ആരംഭിക്കും. ഇന്ത്യക്ക് പുറമെ ചൈന, പാക്കിസ്ഥാൻ, ജപ്പാൻ, കൊറിയ, ഇന്തോനേഷ്യ, തായ്‌ലാൻഡ്‌, കസാക്കിസ്ഥാൻ, ചൈനീസ് തായ്‌പേയ്, ഫിലിപ്പൈൻസ്, ഹോങ്കോങ്, മംഗോളിയ, ഉസ്‌ബെക്കിസ്ഥാൻ, വിയറ്റ്‌നാം, ഇറാൻ, മലേഷ്യ, സിംഗപ്പൂർ, ബംഗ്ലാദേശ്, നേപ്പാൾ, മാലിദ്വീപ് എന്നിങ്ങനെ 20 രാജ്യങ്ങളിൽ നിന്നായി 250ലേറെ റൈഡർമാരാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.


ALSO READ: ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ചാംപ്യന്‍ഷിപ്പ്; ചൈനയും പാക്കിസ്ഥാനുമെത്തും, പൊന്മുടിയില്‍ തീ പാറും


എലൈറ്റ് വിഭാഗം മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് 2024ലെ പാരിസ് ഒളിമ്പിക്സിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും എന്നതാണ് ചാമ്പ്യൻഷിപ്പിന്റെ ഏറ്റവും വലിയ പ്രാധാന്യം. ചരിത്രത്തിൽ ആദ്യമായാണ് ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ ഇത്രയധികം രാജ്യങ്ങളും ഇത്രയധികം റൈഡർമാരും പങ്കെടുക്കുന്നത്. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മിക്ക ടീമുകളും തിരുവനന്തപുരത്ത് എത്തിക്കഴിഞ്ഞു. ചൈനയും കൊറിയയും അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള റൈഡർമാർ പൊന്മുടിയിൽ മത്സരത്തിനായി തയാറാക്കിയ ട്രാക്കിൽ പരിശീലനം നടത്തുന്നുണ്ട്.


31 അംഗ ടീമിനെയാണ് ഇന്ത്യ ചാമ്പ്യൻഷിപ്പിൽ അണിനിരത്തുന്നത്. 20 പുരുഷ റൈഡർമാരും 11 വനിതാ റൈഡർമാരുമാണ് ഇന്ത്യൻ സംഘത്തിലുള്ളത്. കർണാടകയിൽ നിന്നുള്ള കിരൺകുമാർ രാജുവും പട്യാല നാഷണൽ സെന്റർ ഓഫ് എക്‌സലൻസിൽ നിന്നുള്ള പൂനം റാണയുമാണ് ടീമിന്റെ പരിശീലകർ. ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി ഇന്ത്യ ഉൾപ്പെടെ 10 രാജ്യങ്ങളിൽ നിന്നുള്ള  റഫറിമാർക്കുള്ള എലൈറ്റ് നാഷണൽ പരിശീലന പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്.


ആദ്യമായാണ് ഇന്ത്യയിൽവെച്ച് ഈ പരിശീലനം സംഘടിപ്പിക്കുന്നത്. 28-ാമത് ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പാണ് പൊന്മുടിയിൽ സംഘടിപ്പിക്കുന്നത്. ഇതിനോടൊപ്പം തന്നെ 14-ാമത് ജൂനിയർ ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പും പൊന്മുടിയിലെ വേദിയിൽ നടക്കുന്നുണ്ട്. ചാമ്പ്യൻഷിപ്പ് 29ന് സമാപിക്കും. ചാമ്പ്യൻഷിപ്പ് സമാപിച്ചതിന് ശേഷം ഏഷ്യൻ സൈക്ലിങ് കോൺഫെഡറേഷന്റെ മാനേജിങ് കമ്മറ്റി മീറ്റിങ്ങിനും തിരുവനന്തപുരം വേദിയാകും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.