തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടി ജീവനക്കാരുടെ വേതനം വർധിപ്പിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ. 1000 രൂപ വരെയാണ് വേതനം വർധിപ്പിച്ചത്. 10 വർഷത്തിന് മുകളിൽ സേവനം അനുഷ്ഠിച്ചവർക്കാണ് 1000 രൂപ വർധിപ്പിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മറ്റുള്ളവർക്ക് 500 രൂപ വർധിപ്പിച്ചു. വേതന വർധന നിലവിൽ വരുന്നതോടെ വർക്കർമാർക്ക് പ്രതിമാസം 13,000 രൂപയും ഹെൽപ്പർമാർക്ക് 9000 രൂപയും ലഭിക്കും. 60,232 പേർക്കാണ് വേതന വർധനയുടെ ആനുകൂല്യം ലഭിക്കുക. പുതുക്കിയ വേതനത്തിന് കഴിഞ്ഞ ഡിസംബർ മുതൽ അർഹതയുണ്ടാകും. സംസ്ഥാനത്ത് 258 ഐസിഡിഎസുകളിലായി 33,115 അങ്കണവാടികൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.


അങ്കണവാടി ജീവനക്കാരും ഗ്രാറ്റുവിറ്റിക്ക് അർഹരെന്ന് സുപ്രീം കോടതി


ന്യൂഡൽഹി: അങ്കണവാടി ജീവനക്കാരും സഹായികളും ഗ്രാറ്റിവിറ്റിക്ക്  അർഹരാണെന്ന് സുപ്രീം കോടതി. നിർബന്ധിത ജോലികൾ ചെയ്യുന്ന അംഗൻവാടികൾ സര്‍ക്കാരിന്റെ ഭാഗമായിതന്നെയാണ് പ്രവർത്തിക്കുന്നതെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.  1972ലെ ഗ്രാറ്റുവിറ്റി വിതരണ നിയമപ്രകാരം അങ്കണവാടി ജീവനക്കാർക്കും ഗ്രാറ്റിവിറ്റി അർഹത ഉണ്ടെന്ന് കോടതി വിധിച്ചു. ഗ്രാറ്റുവിറ്റി അർഹത ഇല്ലെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് വിധി സുപ്രീം കോടതി റദ്ദാക്കി.


സംയോജിത ശിശുവികസന സേവന പദ്ധതിയുടെ ഭാഗമായി അങ്കണവാടികളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഗ്രാറ്റുവിറ്റിക്ക് അർഹരാണെന്നാണ് വിധിയിൽ പറയുന്നത്. ഗ്രാറ്റുവിറ്റി കുടിശിക പത്ത് ശതമാനം പലിശയോടെ മൂന്ന് മാസത്തിനുള്ളിൽ നൽകാൻ ഗുജറാത്ത് സർക്കാരിനോട് കോടതി നിർദേശിച്ചു.


അങ്കണവാടി ജീവനക്കാരുടെ സംഘടനയാണ് ഗ്രാറ്റുവിറ്റിക്ക് അർഹതയില്ലെന്ന വിധിയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. അങ്കണവാടി ജീവനക്കാരുടെ സേവന വ്യവസ്ഥകൾ മെച്ചപ്പെടുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയാറാകണമെന്നും കോടതി പറഞ്ഞു.


മൂന്ന് മുതൽ ആറ് വയസുവരെയുള്ള കുട്ടികൾക്ക് പ്രീപ്രൈമറി വിദ്യാഭ്യാസം എന്നതാണ് അങ്കണവാടികളുടെ പ്രധാന പ്രവർത്തനങ്ങളിലൊന്നായി ഗുജറാത്ത് സർക്കാർ പുറപ്പെടുവിച്ച പ്രമേയത്തിൽ പറയുന്നത്. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കുട്ടികൾക്കും പോഷകാഹാരം ഉറപ്പാക്കുന്ന കടമയാണ് അങ്കണവാടി ജീവനക്കാർക്ക് നിർവഹിക്കുന്നതെന്ന് കോടതി ചൂണ്ടികാട്ടി. 


കൊറോണക്കെതിരെ രാജ്യം നടത്തിയ യുദ്ധത്തിൽ നിർണായക പങ്കാണ് അങ്കണവാടി ജീവനക്കാർ വഹിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. അവരുടെ സേവന വ്യവസ്ഥകളിൽ കാലോചിതമായ മാറ്റം വരുത്താൻ സമയമായെന്നും കോടതി ചൂണ്ടിക്കാട്ടി. 


ഗുജറാത്തിൽ അങ്കണവാടി ടീച്ചർമാർക്ക് പ്രതിമാസം 7,800 രൂപയും ഹെൽപ്പർമാർക്ക് 3,950 രൂപയും മാത്രമാണ് നൽകുന്നത്. ഒരു ജീവനക്കാരി മാത്രം ജോലി ചെയ്യുന്ന അങ്കണവാടികൾക്ക് പ്രതിമാസം 4,400 രൂപ വീതവും നൽകുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.