തിരുവനന്തപുരം: യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. വർക്കല രഘുനാഥപുരം കടയിൽ വീട്ടിൽ ഷാക്കിർ (37) ആണ് അറസ്റ്റിലായത്. മൂന്നുമുക്കിൽ നിന്നും ഓട്ടോറിക്ഷയിൽ കയറിയ കാര്യവട്ടം സ്വദേശിയായ നിതീഷ് ചന്ദ്രൻ (29) ആണ് ആക്രമണത്തിന് ഇരയായത്. നിതീഷ് ചന്ദ്രനെ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ച് വഴിയിൽ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഓട്ടോറിക്ഷ ഡ്രൈവറായ ഷാക്കിർ മൂന്നു മുക്കിൽ വച്ച് നിതീഷ് ചന്ദ്രനുമായി വാക്ക് തർക്കമുണ്ടായി. രാത്രി പത്ത് മണിയോടെയാണ് ഇവർ തമ്മിൽ തർക്കമുണ്ടായത്. തുടർന്ന് ഓട്ടോറിക്ഷയുമായി മടങ്ങിപ്പോയ പ്രതി 11 മണിയോടുകൂടി തിരികെ വന്ന് മൂന്നുമുക്കിൽ മദ്യലഹരിയിൽ നിന്ന നിതീഷിനെ വീട്ടിൽ കൊണ്ടുവിടാം എന്നു പറഞ്ഞ് ആട്ടോയിൽ കയറ്റിക്കൊണ്ടുപോയി.


കൊല്ലമ്പുഴ ആറാട്ട് കടവിന് സമീപം ആൾ ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടു വന്ന് നിതീഷ് ചന്ദ്രന്റെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുത്ത് വണ്ടിയിൽ സൂക്ഷിച്ചിരുന്ന വെട്ടുകത്തി ഉപയോഗിച്ച് മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയും തുടർന്ന് വഴിയിൽ ഉപേക്ഷിച്ച് ഓട്ടോറിക്ഷയുമായി കടന്നു കളയുകയും ചെയ്തുവെന്നാണ് കേസ്.


കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഷാക്കിർ കടയ്ക്കാവൂർ, കല്ലമ്പലം, വർക്കല തുടങ്ങിയ സ്റ്റേഷനുകളിൽ മോഷണം, പിടിച്ചുപറി, കൊലപാതകം, ബലാത്സംഗം തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ്. കൃത്യത്തിന് ശേഷം ഓട്ടോറിക്ഷയുമായി ഒളിവിൽ പോയ പ്രതിയെ ശക്തമായ അന്വേഷണത്തിനൊടുവിലാണ് പോലീസ് പിടികൂടിയത്.


ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ  ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാറിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഐഎസ്എച്ച്ഒ മുരളീകൃഷ്ണൻ, എസ്ഐമാരായ മനു, അഭിലാഷ്, എഎസ്ഐ രാജീവൻ പോലീസ് ഉദ്യോഗസ്ഥരായ റിയാസ്, ശ്രീനാഥ് അനിൽ, ഷംനാദ്, പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ മണമ്പൂരിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.