Shaik Darvesh Saheb: ഷേക്ക് ദര്‍വേഷ് സാഹിബ് കേരളത്തിന്റെ പുതിയ ഡിജിപി; ചീഫ് സെക്രട്ടറി ഡോ.വി.വേണു
Shaik Darvesh Saheb appointed as new Kerala DGP: 1990 ബാച്ചിലെ ഐ.പി.എസ് ഓഫീസറായ ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് നിലവില്‍ ഫയര്‍ ആന്‍റ് റെസ്ക്യൂ വിഭാഗം ഡയറക്ടര്‍ ജനറലാണ്.
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ പോലീസ് മേധാവിയായി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്. ഡോ.വി വേണു പുതിയ ചീഫ് സെക്രട്ടറിയാകും. 1990 ബാച്ചിലെ ഐ.പി.എസ് ഓഫീസറായ ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് നിലവില്‍ ഫയര്‍ ആന്‍റ് റെസ്ക്യൂ വിഭാഗം ഡയറക്ടര്‍ ജനറലാണ്. കേരള കേഡറില്‍ എ.എസ്.പിയായി നെടുമങ്ങാട് സര്‍വ്വീസ് ആരംഭിച്ച അദ്ദേഹം വയനാട്, കാസര്‍ഗോഡ്, കണ്ണൂര്‍, പാലക്കാട്, റെയില്‍വേസ്, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്.പിയായും എം.എസ്.പി, കെ.എ.പി രണ്ടാം ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ കമാണ്ടന്‍റ് ആയും പ്രവര്‍ത്തിച്ചു.
ഗവര്‍ണറുടെ എ.ഡി.സിയായും ഐക്യരാഷ്ട്ര സഭയുടെ മിഷന്‍റെ ഭാഗമായി കൊസോവയിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. എസ്.പി റാങ്കില്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും ജോലി നോക്കി. ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ നാഷണല്‍ പോലീസ് അക്കാഡമിയില്‍ അസിസ്റ്റന്‍റ് ഡയറക്ടറും ഡെപ്യൂട്ടി ഡയറക്ടറുമായിരുന്നു. എസ്.ബി.സി.ഐ.ഡി, പോലീസ് ആസ്ഥാനം, തിരുവനന്തപുരം റെയ്ഞ്ച്, തൃശൂര്‍ റെയ്ഞ്ച്, ആംഡ് പോലീസ് ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ ഐ.ജി ആയിരുന്നു.
അഡീഷണല്‍ എക്സൈസ് കമ്മീഷണറായും കേരള പോലീസ് അക്കാഡമി ഡയറക്ടറായും പ്രവര്‍ത്തിച്ചു. എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ചശേഷം പോലീസ് ആസ്ഥാനം, വിജിലന്‍സ്, ക്രൈംബ്രാഞ്ച്, ഉത്തരമേഖല, ക്രമസമാധാനം എന്നീ വിഭാഗങ്ങളിലും കേരള പോലീസ് അക്കാഡമി ഡയറക്ടര്‍, ജയില്‍ മേധാവി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
അമേരിക്കയില്‍ നിന്ന് ഉള്‍പ്പെടെ നിരവധി പരിശീലനം നേടിയിട്ടുണ്ട്. കൃഷിശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയായ അദ്ദേഹം തുടര്‍ന്ന് അഗ്രോണമിയില്‍ ഡോക്ടറേറ്റും ഫിനാന്‍സില്‍ എം.ബി.എയും നേടി. വിശിഷ്ടസേവനത്തിന് 2016 ല്‍ രാഷ്ട്രപതിയുടെ പോലീസ് മെഡലും സ്തുത്യര്‍ഹസേവനത്തിന് 2007 ല്‍ ഇന്ത്യന്‍ പോലീസ് മെഡലും ലഭിച്ചു. അതി ഉത്കൃഷ്ടസേവാ പഥക്, യുണൈറ്റഡ് നേഷന്‍സ് പീസ് കീപ്പിങ് മെഡല്‍ എന്നിവ നേടിയിട്ടുണ്ട്. ആന്ധ്രാപ്രദേശ് സ്വദേശിയാണ്. ഷെയ്ഖ് ഫരീദാ ഫാത്തിമയാണ് ഭാര്യ. ഡോ.അയിഷാ ആലിയ, ഫറാസ് മുഹമ്മദ് എന്നിവരാണ് മക്കള്‍. മരുമകന്‍ മുഹമ്മദ് ഇഫ്ത്തേക്കര്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...