Crime News: വിയ്യൂരിൽ കെഎസ്ഇബി ജീവനക്കാർ തമ്മിൽ തർക്കം; ഒരാൾ കുത്തേറ്റ് മരിച്ചു
Crime News: കെഎസ്ഇബി കരാർ ജീവനക്കാർ തമ്മിലുണ്ടായ വാക്ക് തർക്കത്തിനിടെ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു
തൃശൂർ: വിയ്യൂർ കെ.എസ്.ഇ.ബി ഓഫീസിൽ ജീവനക്കാർ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു. തമിഴ്നാട് സ്വദേശി മാരിമുത്തുവാണ് മരിച്ചത്. തമിഴ്‌നാട് സ്വദേശിയും മറ്റൊരു കരാർ തൊഴിലാളിയുമായ മുത്തുവാണ് ക്രൂരകൃത്യം നടത്തിയത്. കരാർ ജീവനക്കാർ തമ്മിലുണ്ടായ തർക്കം വാക്കേറ്റത്തിലും പിന്നീട് കയ്യാങ്കളിയിലുമെത്തുകയായിരുന്നു. ഇതിനിടയിലാണ് കയ്യിലിരുന്ന കമ്പി ഉപയോഗിച്ച് പ്രതി മാരിമുത്തുവിനെ കുത്തിയത്.
കുത്തേറ്റയാളെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു. മുത്തു പൊലീസ് കസ്റ്റഡിയിലാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
കഴിഞ്ഞ ദിവസം ചാവക്കാട് വടക്കേക്കാട് വയോധിക ദമ്പതികളെ ചെറുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന്റെയും അതിരപ്പിള്ളിയിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയതിന്റെയും ഞെട്ടൽ മാറും മുമ്പെയാണ് വീണ്ടും തൃശൂരിൽ മറ്റൊരു കൊലപാതകം കൂടി സംഭവിച്ചിരിക്കുന്നത്.
Murder Case: തൃശൂർ വടക്കേക്കാട് ദമ്പതികളുടെ കൊലപാതകത്തിൽ പ്രതി കുറ്റം സമ്മതിച്ചു; കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയെന്ന് മൊഴി
തൃശൂർ: വടക്കേക്കാട് കൊലപാതകത്തിൽ പ്രതി അക്മൽ കുറ്റം സമ്മതിച്ചു. കഴുത്ത് മുറിച്ചാണ് കൊലപാതകം നടത്തിയതെന്ന് ഇയാൾ പോലീസിനോട് വിവരിച്ചു. അതേസമയം പല മൊഴികളിലും അവ്യക്തത നിലനിൽക്കുന്നതിനാൽ പ്രതിയെ വിശദമായി ചോദ്യം ചെയ്യും. ഇരട്ട കൊലപാതകത്തിന് ശേഷം വീട് പൂട്ടി കടന്നു കളഞ്ഞ അക്മലിനെ ഇന്നലെ തന്നെ പോലീസ് പിടികൂടിയിരുന്നു.
തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റസമ്മതം നടത്തിയത്. കൊലപാതകം നടത്തിയ രീതിയും ഇയാൾ വിശദീകരിച്ചു. മുത്തച്ഛനെയും മുത്തശ്ശിയെയും കഴുത്തറുത്ത് കൊന്നുവെന്നാണ് ചെറുമകന്റെ മൊഴി. കൊല്ലപ്പെട്ട ജമീലയുടെ തല അറുത്തെടുത്ത് കോണിപ്പടിയിൽ വച്ച നിലയിലായിരുന്നു. ദമ്പതികൾ ഉറങ്ങി കിടക്കുമ്പോഴാണ് കൊല നടത്തിയത്.
ലഹരി ഉപയോഗത്തിനുള്ള പണം ആവശ്യപ്പെട്ട് അക്മൽ ജമീലയെയും അബ്ദുളളയെയും ഉപദ്രവിക്കാറുണ്ടായിരുന്നു. ജമീലയുടേതെന്ന് സംശയിക്കുന്ന ആഭരണങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ലഹരി വസ്തുക്കൾക്ക് അടിമയായ അക്മലിനെ കഴിഞ്ഞ ഒന്നര വർഷത്തോളം തിരൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ താമസിപ്പിച്ച് ചികിത്സക്ക് വിധേയനാക്കിയിരുന്നു.
എന്നാൽ മടങ്ങിയെത്തിയ ശേഷം വീണ്ടും ലഹരി ഉപയോഗം തുടങ്ങി. ലഹരി വാങ്ങുന്നതിന് പണം കണ്ടെത്താൻ നടത്തിയ കൊലപാതകമാണെന്നാണ് പോലീസിന്റെ നിഗമനം. കൊലപാതകം നടന്ന സമയം അടക്കം അക്മൽ നൽകുന്ന പല മൊഴികളിലും വൈരുധ്യമുണ്ട്. ഈ സാഹചര്യത്തിൽ ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി.