തിരുവനന്തപുരം: കോവിഡിന്‍റെ പശ്ചാത്തലത്തിൽ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ആറ്റുകാൽ പൊങ്കാല പണ്ടാര അടുപ്പിൽ മാത്രമായാണ് നടന്നത്. നേരത്തെ 200 പേർക്കും പിന്നീട് 1500 പേർക്കും ക്ഷേത്രപരിസരത്ത് പൊങ്കാല അർപ്പിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നുവെങ്കിലും ഇളവ് വേണ്ടെന്ന് ട്രസ്റ്റ് തീരുമാനിക്കുകയായിരുന്നു. പൊങ്കാലയ്ക്കെത്തുന്ന നിരവധി ഭക്തരിൽ നിന്ന് കുറച്ചുപേരെ മാത്രം തിരഞ്ഞെടുക്കുന്നത് നീതികേടാകുമെന്ന് ട്രസ്റ്റ് നേരത്തെ തന്നെ നിലപാടെടുത്തിരുന്നു. രോഗവ്യാപനം ഉണ്ടാകുന്നതിന് മുമ്പുള്ള വർഷങ്ങളിൽ നാല്പത് ലക്ഷത്തോളം പേർ വരെ എത്തുമായിരുന്ന പൊങ്കാലയാണ് ഇന്ന് വീടുകളിലേക്ക് ചുരുങ്ങിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ക്ഷേത്രാങ്കണത്തിലെ തോറ്റംപാട്ടിൽ രൗദ്രഭാവം പൂണ്ട ദേവി പാണ്ഡ്യ രാജാവിനെയും വധിക്കുന്ന ഭാഗം പാടിത്തീർന്നതോടെയാണ് അടുപ്പു വെട്ട് ചടങ്ങ് നടന്നത്. ദേവിയുടെ വിജയം ഭക്തർ പൊങ്കാലയർപ്പിച്ച് ആഘോഷിക്കുന്നുവെന്നാണ് വിശ്വാസം. തോറ്റംപാട്ട് അവസാനിച്ചപ്പോൾ ക്ഷേത്രതന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന് മേൽശാന്തി പി.ഈശ്വരൻ നമ്പൂതിരിക്കു നല്‍കി. 



മേൽശാന്തി ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാലയടുപ്പിൽ തീ തെളിച്ചശേഷം അതേദീപം സഹമേൽശാന്തിക്കു കൈമാറി. അദ്ദേഹം വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്നിലെ പണ്ടാര അടുപ്പിലും പതിനൊന്നുമണിയോടെ തീ പകർന്നതോടെ പൊങ്കാലയുടെ വിളംബരമായി ചെണ്ടമേളവും കതിനാവെടികളും മുഴങ്ങി.


ALSO READ : Attukal Pongala 2022 | എങ്ങും ദേവി സ്തുതികൾ, ഭക്തിസാന്ദ്രമായി ആറ്റുകാൽ പൊങ്കാല


ഇതോടെ ആയിരക്കണക്കിനു വീട്ടുമുറ്റങ്ങളിലെ പൊങ്കാല അടുപ്പുകളിലും തീ തെളിഞ്ഞു. വീട്ടുമുറ്റങ്ങളിൽ ഭക്തിമന്ത്രങ്ങളോടെ ആയിരക്കണക്കിന് ഭക്തരാണ് ആറ്റുകാലമ്മയ്ക്കു നൈവേദ്യമർപ്പിച്ചത്. ഉച്ചയ്ക്ക് 1.20 നായിരുന്നു നൈവേദ്യം.



വീട്ടുമുറ്റങ്ങൾ ചാണകം തളിച്ചു ശുദ്ധമാക്കി, അടുപ്പു കൂട്ടാനുള്ള തയാറെടുപ്പുകൾ നടത്തി, പൊങ്കാല സമർപ്പണ ഒരുക്കങ്ങളുമായി ബുധനാഴ്ച മുതൽ തന്നെ ഭക്തർ കാത്തിരിപ്പിലായിരുന്നു. അമ്മയെ മനസ്സിൽ ധ്യാനിച്ചു സ്വന്തം വീട്ടുമുറ്റങ്ങളിൽ പൊങ്കാല അർപ്പിച്ചുതുടങ്ങിയതോടെ നാടാകെ ആറ്റുകാലായി മാറി. കോവിഡ് മഹാമാരിയുടെ പിടിയിലായതോടെ തുടർച്ചയായി രണ്ടാം വർഷമാണ് ഭക്തർ വീടുകളിൽ ആറ്റുകാൽ പൊങ്കാല അർപ്പിച്ചത്.


പ്രാദേശിക തലങ്ങളിൽ ക്ഷേത്രങ്ങളോടനുബന്ധിച്ചും റസിഡന്റ്സ് അസോസിയേഷൻ, ഫ്ലാറ്റ് അസോസിയേഷനുകളുടെ ആഭിമുഖ്യത്തിലും പൊങ്കാലയിടാൻ സൗകര്യം ഒരുക്കി. ആറ്റുകാലിലെന്ന പോലെ ചിട്ടകളും ആചാരങ്ങളും പാലിച്ചാണ് ഭക്തർ വീടുകളിലും റസിഡന്റ്സ് അസോസിയേഷനുകളിലും സമീപത്തെ ക്ഷേത്ര പരിസരങ്ങളിലുമായി പൊങ്കാലയിട്ടത്. 


ALSO READ : Attukal Pongala 2022 | ആറ്റുകാൽ പൊങ്കാല; തുടർച്ചയായി രണ്ടാം വർഷവും വീടുകളിൽ പൊങ്കലയിട്ട് ഭക്തർ


ആയിരത്തോളം ബാലന്മാർ പങ്കെടുത്തിരുന്ന കുത്തിയോട്ടം പൂർണമായും ഒഴിവാക്കി ക്ഷേത്രത്തിനുള്ളിലെ പണ്ടാരഓട്ടം മാത്രമാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. പൊങ്കാലയ്ക്കു ശേഷം ദേവിയെ മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. എഴുന്നള്ളത്തിൽ താലപ്പൊലിയും വാദ്യമേളങ്ങളുമെല്ലാം ഉണ്ടാവുമെങ്കിലും പുഷ്പവൃഷ്ടിയും നിറപറയെടുക്കലും ഒഴിവാക്കിയിരുന്നു.


എന്നാൽ, കൊവിഡിന് മുമ്പുള്ള വർഷങ്ങളിൽ നഗരം മുഴുവൻ അക്ഷരാർഥത്തിൽ യാഗശാലയായി മാറുന്ന തരത്തിലാണ് പൊങ്കാല നടന്നിരുന്നത്. ലക്ഷക്കണക്കിന് വരുന്ന സ്ത്രീജനങ്ങൾ നഗരത്തിനു ചുറ്റുവട്ടത്തുള്ള 25 കിലോമീറ്ററിൽ അടുപ്പുകൾ കൂട്ടി മൺകലങ്ങളിൽ പൊങ്കാലയിടുന്നതാണ് തലസ്ഥാനത്തെ ആഘോഷമാക്കി മാറ്റുന്നത്. ഭക്തജനങ്ങൾ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ മൂന്ന് നാൾ മുൻപെങ്കിലും തുടങ്ങുകയാണ് പതിവ്. 


ക്ഷേത്രത്തിൽ ഉത്സവം നടക്കുന്ന പത്ത് നാളും വൻ ഭക്തജനപ്രവാഹം തന്നെയായിരിക്കും.  ക്ഷേത്രത്തിലൊരുക്കുന്ന മൂന്നു വേദികളിലും വിവിധ കലാപരിപാടികൾ നടക്കും. ക്ഷേത്രപരിസരമാകെത്തന്നെ ഭക്തരെ കൊണ്ട് നിറയും. പത്ത് ദിവസവും ഓഡിറ്റോറിയത്തിൽ ഭക്തർക്കായി അന്നദാന സദ്യ ഒരുക്കും. പൊങ്കാല ദിവസം വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ഭക്തർക്കായി ഭക്ഷണവിതരണം പാനീയ വിതരണം എന്നിവയുമുണ്ടാകും. 


ALSO READ : ഇത്തവണയും മുടക്കിയില്ല, ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാലയർപ്പിക്കാൻ ചിപ്പി


മാത്രമല്ല, തമ്പാനൂർ മുതൽ നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം ആറ്റുകാലമ്മയുടെ വർണ്ണചിത്രം പൂജിച്ച് തട്ട നിവേദ്യങ്ങൾ ഒരുക്കി അലങ്കരിച്ച പ്രത്യേക പൂജകളും നടത്തും. എന്നാൽ ഇക്കുറി ഇത് പഴയ തോതിൽ കാര്യമായി ഉണ്ടായിരുന്നില്ല. വിളക്കും പൂക്കളും അർപ്പിച്ചാണ് ഇവിടെ ആരാധന നടക്കാറുള്ള പതിവും താരതമ്യേന കുറവായിരുന്നു.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.