വത്തിക്കാൻ സിറ്റി: ഭാരതത്തിൽ നിന്നുള്ള ദേവസഹായം പിള്ള അടക്കം 10 പേരെ കൂടി കത്തോലിക്ക സഭ വിശുദ്ധരായി പ്രഖ്യാപിച്ചു. ഇനി ലോകമെമ്പാടുമുള്ള കത്തോലിക്ക സഭാ വിശ്വസികളുടെ വണക്കത്തിന് ഇന്ത്യക്കാരനായ വിശുദ്ധ ദേവസഹായം പിള്ള അടക്കമുള്ള പുതിയ 10 പേരും അർഹരാകും. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന കുർബാന മദ്ധ്യേയുള്ള പ്രത്യേക ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പയാണ് വിശുദ്ധ പ്രഖ്യാപനം നടത്തിയത്. ഇന്ത്യയിൽ നിന്നുൾപ്പെടെ പതിനായിരങ്ങളാണ് ചടങ്ങിൽ പങ്കെടുത്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വത്തിക്കാൻ സമയം മേയ് 15ന് രാവിലെ 10 മണിക്കാണ് ചടങ്ങുകൾ ആരംഭിച്ചത്. വിശുദ്ധ ദേവസഹായം പിള്ളയുടെ അടക്കം വിശുദ്ധ ഗണത്തിലേക്ക് ഉയർത്തപ്പെട്ട മറ്റുള്ളവരുടെയും ചിത്രങ്ങൾ ചത്വരത്തിൽ മേയ് 14ന് തന്നെ സ്ഥാപിച്ചിരുന്നു. ഫ്രാൻസിസ് മാർപാപ്പ ഇരുന്ന വേദിക്ക് നേരെ പിന്നിലായിരുന്നു വിശുദ്ധ ദേവസഹായം പിള്ളയുടെ ചിത്രം സ്ഥാപിച്ചിരുന്നത്.


ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചതിന്റെ നന്ദി സൂചകമായി കത്തോലിക്ക പള്ളികളിൽ മണി മുഴക്കി. ദേവസഹായത്തെ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയതിന്റെ ദേശീയതല ആഘോഷം ഭൗതിക ശരീരം അടക്കം ചെയ്ത നാഗർകോവിൽ കോട്ടാർ സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയത്തിൽ ജൂൺ 5നാണ് നടക്കുക. 


ആരാണ് വിശുദ്ധ ദേവസഹായം പിള്ള?


പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജ്യത്ത് ഉദ്യോഗസ്ഥനായിരിക്കെ, ഹൈന്ദവ വിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച വ്യക്തിയാണ് വിശുദ്ധ ദേവസഹായം പിള്ള. 1712 ഏപ്രിൽ 23-ന് കന്യാകുമാരി ജില്ലയിലെ നട്ടാലത്തായിരിന്നു അദ്ദേഹം ജനിച്ചത്. ക്രൈസ്തവ വിശ്വാസത്തിലേക്ക് വരുന്നതിന് മുൻപ് നീലകണ്ഠപിള്ള എന്ന് പേരുണ്ടായിരുന്ന ദേവസഹായം പിള്ള മാർത്താണ്ഡവർമ്മയുടെ കൊട്ടാരത്തിൽ കാര്യദർശിയായിരുന്നു. ഡച്ച് സൈന്യാധിപൻ ഡിലനോയിൽ നിന്നു ക്രിസ്തു വിശ്വാസത്തെ കുറിച്ച് അറിഞ്ഞ പിള്ള  തിരുവനന്തപുരം നേമത്ത് മിഷനറിയായിരുന്ന ബുട്ടാരി എന്ന ഈശോ സഭാവൈദികനിൽ നിന്ന് 1745 മേയ് 17-ന് ലാസര്‍ എന്നര്‍ത്ഥമുള്ള ദേവസഹായം പിള്ള എന്ന പേരില്‍ മാമോദീസ സ്വീകരിച്ചു.


രാമപുരം, വടക്കേക്കുളം, നെയ്യാറ്റിന്‍കര തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പോയി പിള്ള ക്രിസ്തു മതം പ്രചരിപ്പിച്ചു. ഇത് രാജസേവകരെയും സഹപ്രവര്‍ത്തകരെയും ചൊടിപ്പിച്ചു. അതിനെ തുടർന്ന് ദേവസഹായം പിള്ളയുടെ പേരിൽ രാജ്യദ്രോഹ കുറ്റം ചുമത്തി. പിള്ളയുടെ കൈകാലുകള്‍ ബന്ധിച്ച് ദിവസവും 30 അടി വീതം കാല്‍വെള്ളയില്‍ അടിക്കാന്‍ അന്ന് രാജാവ് ഉത്തരവിട്ടെന്നും സഭാ രേഖകളിൽ പറയുന്നു.  


നാലു കൊല്ലത്തോളം തീവ്ര പീഡനങ്ങളോടെയുള്ള ജയില്‍ വാസവും ദേവസഹായം പിള്ളയ്ക്ക് അനുഭവിക്കേണ്ടി വന്നു. 1752 ജനുവരി 14ന് വെടിവച്ചു കൊല്ലാനുള്ള ഉത്തരവുമായി രാജഭടന്‍മാര്‍ പിള്ളയെ കാറ്റാടി മലയിലേക്ക് കൊണ്ടുപോയെന്നാണ് ചരിത്രം. അവസാനമായി പ്രാർഥിക്കാൻ സൈനികരോട് അവസരം ചോദിച്ചപ്പോൾ ഒരു പാറയുടെ പുറത്ത് നിന്ന് പ്രാർഥിക്കാൻ സൈന്യം അനുമതി നൽകിയെന്നും, പാറയില്‍ ചങ്ങലകളില്‍ ബന്ധിക്കപ്പെട്ടു പ്രാര്‍ഥിക്കുന്ന ദേവസഹായം പിള്ളയുടെ ചിത്രം ഇതിനെ തുടർന്നാണ് ഉണ്ടായതെന്നും കത്തോലിക്ക വിശ്വാസികൾ പറയുന്നു.


2004-ൽ ഭാരത മെത്രാന്മാരുടെ സമിതിയുടെ തമിഴ്നാട് ശാഖ, ദേവസഹായം പിള്ളയെ വിശുദ്ധപദവിയിലേയ്ക്ക് ഉയർത്തണമെന്ന് വത്തിക്കാനോട് ശുപാർശചെയ്തു. ദേവസഹായം പിള്ളയെ രക്തസാക്ഷി പദവിയിലേക്ക് ഉയർത്താനുള്ള നടപടികൾക്ക് 2012-ൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ അംഗീകാരം ലഭിച്ചു. 2012 ഡിസംബർ 2ന് ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.