Guruvayur Ekadashi : ഗുരുവായൂര്‍ ഏകാദശിക്ക് തുടക്കമായി; ക്ഷേത്രത്തിലേക്ക് ഭക്തസഹസ്രങ്ങളുടെ പ്രവാഹം
Guruvayur Ekadasi 2022 : പീലി തിരുമുടിയും പൊന്നോടക്കുഴലുമൂതി പട്ടുകോണകമെടുത്ത് നില്‍ക്കുന്ന ഗുരുവായൂരപ്പനെ ദര്‍ശിക്കാൻ പതിനായിരങ്ങളാണ് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് എത്തിയത്.
രണ്ട് ദിവസങ്ങളിലായി ആഘോഷിക്കുന്ന പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി ആരംഭിച്ചു. ഏകാദശി വ്രതശുദ്ധിയുടെ നിറവില്‍ ദര്‍ശന പുണ്യം തേടി ഗുരുവായൂരിലേക്ക് ഭക്തസഹസ്രങ്ങളുടെ പ്രവാഹവും തുടങ്ങിയിട്ടുണ്ട്. പീലി തിരുമുടിയും പൊന്നോടക്കുഴലുമൂതി പട്ടുകോണകമെടുത്ത് നില്‍ക്കുന്ന ഗുരുവായൂരപ്പനെ ദര്‍ശിക്കാൻ പതിനായിരങ്ങളാണ് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് എത്തിയത്. മണ്ഡല കാലമായതിനാല്‍ അന്യസംസ്ഥാനത്തുനിന്നടക്കമുള്ള അയ്യപ്പഭക്തര്‍ കൂടി ഗുരുവായൂർ ക്ഷേത്രത്തിലേക്ക് എത്തിയിരുന്നു.
ദേവസ്വം നേരിട്ട് നടത്തുന്ന ഉദയാസ്തമന പൂജയോടെയാണ് ഏകാദശി ചടങ്ങുകള്‍ക്ക് തുടക്കമായത്. ഒരു മാസത്തെ ഇടവേളക്കു ശേഷമാണ് ക്ഷേത്രത്തില്‍ ഉദയാസ്തമന പൂജ നടക്കുന്നത്. രാവിലെ ഒന്‍പത് മണിയോടെ പാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് നടത്തിയിരുന്നു. പല്ലശ്ശന മുരളി മാരാര്‍, കലാമണ്ഡലം ഹരിനാരായണന്‍, പെരുവനം വിനു മാരാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പഞ്ചവാദ്യത്തോടൊപ്പമായിരുന്നു മൂന്നാനകളോട് കൂടിയ എഴുന്നെള്ളിപ്പ് .
ALSO READ: Guruvayur Temple: ഏകാദശി ദിവസം ഗുരുവായൂരപ്പനെ തൊഴുന്നത് കോടി പുണ്യം; അറിഞ്ഞിരിക്കാം ഏകാദശി പ്രത്യേകത
എഴുന്നള്ളിപ്പിനെ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിറ പറയും നിലവിളക്കും വെച്ച് സ്വീകരിച്ചു. തിരിച്ചെഴുന്നള്ളിപ്പില്‍ ഗുരുവായൂര്‍ മുരളിയുടെ നാഗസ്വരം അകമ്പടിയായി. ഏകാദശി നോല്‍മ്പുവട്ടമായി ദേവസ്വം പ്രസാദ ഊട്ട് ഒരുക്കിയിരുന്നു. അന്നലക്ഷ്മി ഹാളിലും തെക്കേനടയില്‍ പ്രത്യകം തയ്യാറാക്കിയ പന്തലിലുമായിരുന്നു പ്രസാദ ഊട്ട്.
അരിഭക്ഷണം വെടിഞ്ഞ് ഏകാദശി വ്രതമെടുത്ത് വരുന്ന ഭക്തര്‍ക്കായി ഗോതമ്പ് ചോറ്, രസകാളന്‍, പുഴുക്ക്, അച്ചാറ്, ഗോതമ്പ് പായസം എന്നിവയായിരുന്നു വിഭവങ്ങള്‍. മുപ്പതിനായിരത്തിലധികം പേരാണ് പ്രസാദ ഊട്ടില്‍ പങ്കെടുത്തത്. പ്രസാദ ഊട്ട് നല്‍കുന്നിടത്തും ദര്‍ശനവരി നിയന്ത്രിക്കാനുമായി ദേവസ്വം ജീവനക്കാര്‍ക്കു പുറമെ കൂടുതല്‍ പോലീസും സ്‌പെഷ്വല്‍ പോലീസ് ഓഫീസര്‍മാരും എന്‍.സി.സികേഡറ്റുകളും ഉണ്ടായിരുന്നു. സന്ധ്യക്ക് പാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്ക് നാമജപ ഘോഷയാത്രയുണ്ടാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...