Ramayana Masam 2021: രാമായണം ഇരുപത്തിയൊന്നാം ദിനം പാരായണം ചെയ്യേണ്ട ഭാഗം
Ramayana Masam 2021: കര്‍ക്കടക മാസത്തിനെ നാം രാമായണ മാസം എന്നും വിളിക്കുന്നുണ്ട്. കാരണം കർക്കിടകം തുടങ്ങിയാൽ എല്ലാ ഹിന്ദു ഭവനങ്ങളിലും രാമായണം വായിക്കാന്‍ തുടങ്ങും.
Ramayana Masam 2021: കര്‍ക്കടക മാസത്തിനെ നാം രാമായണ മാസം എന്നും വിളിക്കുന്നുണ്ട്. കാരണം കർക്കിടകം തുടങ്ങിയാൽ എല്ലാ ഹിന്ദു ഭവനങ്ങളിലും രാമായണം വായിക്കാന്‍ തുടങ്ങും. അതുകൊണ്ടുതന്നെ ഈ മാസം മുഴുവനും രാമായണം പാരായണം ചെയ്യുകയാണ് വേണ്ടത്.
ഒരു മാസത്തെ പാരായണത്തിലൂടെ രാമായണം പൂര്‍ണമായി വായിച്ചു തീര്‍ക്കണമെന്നാണ് വിശ്വാസം. ബാലകാണ്ഡത്തിലെ ശ്രീരാമ രാമ രാമ എന്ന ഭാഗത്തില്‍ നിന്നായിരിക്കണം രാമായണപാരായണം ആരംഭിക്കേണ്ടത്. ഏതൊരു ഭാഗം വായിക്കുന്നതിനുമുന്‍പും ബാലകാണ്ഡത്തിലെ ഈ ഭാഗം പാരായണം ചെയ്തതിനുശേഷം വേണം വായിക്കാന്‍.
ഇരുപത്തിയൊന്നാം ദിനമായ ഇന്ന് ഏത് ഭാഗമാണ് രാമായണത്തിൽ വായിക്കേണ്ടത് എന്ന് നോക്കാം..
രാവണന്റെ പുറപ്പാട്
ഇതിപലവുമക തളിരിലോര്‍ത്തു കപിവര
നിത്തിരി നേരമിരിക്കും ദശാന്തരേ
അസുരകുലവര നിലയനത്തിന്‍ പുറത്തുനി-
ന്നാശു ചില ഘോഷശബ്ദങ്ങള്‍ കേള്‍ക്കായി
കിമിദമിതി സപദി കിസലയച നിലീനനാ-
യ്ക്കീടവദ്ദേഹം മറച്ചു മരുവിനാന്‍
വിബുധകുലരിപു ദശമുഖന്‍ വരവെത്രയും
വിസ്മയത്തോടു കണ്ടു കപികുഞ്ജരന്‍
അസുരസുര നിശിചരവരാംഗനാ വൃന്ദവു-
മത്ഭുതമായുള്ള ശൃംഗാരവേഷവും
ദശവദനനനവരതമകതളിരിലുണ്ടു തന്‍
ദേഹനാശം ഭവിക്കുന്നതെന്നീശ്വരാ!
സകല ജഗദധിപതി സനാതനന്‍ സന്മയന്‍
സാക്ഷാല്‍ മുകുന്ദനേയും കണ്ടു കണ്ടു ഞാന്‍
നിശിതരശരശകലിതാംഗനായ്കേവലേ
നിര്‍മ്മലനായ ഭഗവല്‍ പദാംബുജേ
വരദനജനനമരുമമൃതാനന്ദപൂര്‍ണ്ണമാം
വൈകുണ്ഠ രാജ്യമെനിക്കന്നു കിട്ടുന്നു
അതിനു ബത! സമയമിദമിതി മനസി കരുതി ഞാ-
നംഭോജ പുത്രിയെക്കൊണ്ടു പോന്നീടിനേന്‍
അതിനുമൊരുപരിഭവമൊടുഴറി വന്നീലവ-
നായുര്‍വിനാശകാലം നമുക്കാഗതം
ശിരസി മമ ലിഖിതമിഹ മരണസമയദൃഢം
ചിന്തിച്ചു കണ്ടാലതിനില്ല ചഞ്ചലം
കമലജനുമറിയരുതു കരുതുമളവേതുമേ
കാലസ്വരൂപനാമീശ്വരന്‍ തന്മതം
സതതമകതളിരിലിവ കരുതി രഘുനാഥനെ
സ്വാത്മനാ ചിന്തിച്ചു ചിന്തിച്ചിരിക്കവേ
കപികള്‍ കുലവരനവിടെയാശു ചെല്ലും മുമ്പേ
കണ്ടിതു രാത്രിയില്‍ സ്വപ്നം ദശാനനന്‍
രഘുജനകതിലക വചനേന രാത്രൌ വരും
കശ്ചില്‍ കപിവരന്‍ കാമരൂപാന്വിതന്‍
കൃപയോടൊരു കൃമിസദൃശ സൂക്ഷ്മശരീരനായ്
കൃത്സ്നം പുരവരമന്വിഷ്യ നിശ്ചലം
തരുനികര വരശിരസി വന്നിരുന്നാദരാല്‍
താര്‍മകള്‍ തന്നെയും കണ്ടു രാമോദന്തം
അഖിലമവളൊടു ബത! പറഞ്ഞടയാളവു-
മാശുകൊടുത്തുടനാശ്വസിപ്പിച്ചു പോം
അതു പൊഴുതിലവനറിവതിന്നു ഞാന്‍ ചെന്നു ക-
ണ്ടാധി വളര്‍ത്തുവന്‍ വാങ്മയാസ്ത്രങ്ങളാല്‍
രഘുപതിയൊടതുമവനശേഷമറിയിച്ചു
രാമനുമിങ്ങു കോപിച്ചുടനേവരും
രണശിരസി സുഖമരണമതിനിശിതമായുള്ള
രാമശരമേറ്റെനിക്കും വരും ദൃഢം
പരമഗതി വരുവതിനു പരമൊരുപദേശമാം
പന്ഥാവിതു മമ പാര്‍ക്കയില്ലേതുമേ
സുരനിവഹമതിബലവശാല്‍ സത്യമായ്‌വരും
സ്വപ്നം ചിലര്‍ക്കു ചിലകാലമൊക്കണം
നിജമനസി പലവുമിതി വിരവൊടു നിരൂപിച്ചു
നിശ്ചിത്യ നിര്‍ഗ്ഗമിച്ചീടിനാന്‍ രാവണന്‍
കനകമണി വലയ കടകാംഗദ നൂപുര-
കാഞ്ചീമുഖാഭരണാരാവമന്തികേ
വിവശതര ഹൃദയ മൊടു കേട്ടു നോക്കും വിധൌ
വിസ്മയമാമ്മാറു കണ്ടു പുരോഭുവി
വിബുധരി പുനിശിചരകുലാധിപന്‍ തന്‍ വര-
വെത്രയും ഭീതയായ് വന്നിതു സീതയും
ഉരസിജവുമുരു തുടകളാല്‍ മറച്ചാധിപൂ-
ണ്ടുത്തമാംഗം താഴ്ത്തി വേപഥുഗാത്രിയായ്
നിജരമണ നിരുപമ ശരീരം നിരാകുലം
നിര്‍മ്മലം ധ്യാനിച്ചിരിക്കും ദശാന്തരേ
ദശവദന നയുഗശരപരവശതയാസമം
ദേവീസമീപേ തൊഴുതിരുന്നീടിനാന്‍.
Also Read: Ramayana Masam 2021: രാമായണം ഇരുപതാം ദിനം പാരായണം ചെയ്യേണ്ട ഭാഗം
രാവണന്റെ ഇച്ഛാഭംഗം
അനുസരണ മധുര രസവചന വിഭവങ്ങളാ-
ലാനന്ദരൂപിണിയോടു ചൊല്ലീടിനാന്‍
“ശൃണു സുമുഖി! തവ ചരണ നളിനദാസോസ്മ്യഹം
ശോഭനശീലേ! പ്രസീദ പ്രസീദ മേ
നിഖില ജഗദധിപമസുരേശമാലോക്യമാം
നിന്നിലേ നീ മറഞ്ഞെന്തിരുന്നീടുവാന്‍
ത്വരിതമതി കുതുകമൊടുമൊന്നു നോക്കീടുമാം
ത്വദ്ഗത മാനസനെന്നറികെന്നെ നീ
ഭവതി തവ രമണപി ദശരഥതനൂജനെ-
പ്പാര്‍ത്താല്‍ ചിലര്‍ക്കു കാണാം ചിലപ്പോഴേടോ!
പല സമയമഖിലദിശി നന്നായ്ത്തിരകിലും
ഭാഗ്യവതാമപി കണ്ടുകിട്ടാപരം
സുമുഖി! ദശരഥതനയനാല്‍ നിനക്കേതുമേ-
സുന്ദരീ കാര്യമില്ലെന്നു ധരിക്ക നീ
ഒരു പൊഴുതുമവനു പുനരൊന്നിലുമാശയി-
ല്ലോര്‍ത്താലൊരു ഗുണമില്ലവനോമലേ!
സുദൃഢമനവരതമുപഗുഹനം ചെയ്കിലും
സുഭ്രൂ സുചിരമരികേ വസിക്കിലും
തവ ഗുണ സമുദയമലിവോടു ഭുജിക്കിലും
താല്പരിയം നിന്നിലില്ലവനേതുമേ
ശരണമവനൊരുവരുമൊമൊരിക്കലുമില്ലിനി
ശക്തിവിഹീനന്‍ വരികയുമില്ലല്ലോ
കിമപി നഹി ഭവതി കരണീയം ഭവതിയാല്‍
കീര്‍ത്തിഹീനന്‍ കൃതഘ്നന്‍ തുലോം നിര്‍മ്മമന്‍
മദരഹിതനറിയരുതു കരുതുമളവാര്‍ക്കുമേ-
മാനഹീനന്‍ പ്രിയേ! പണ്ഡിതമാനവാന്‍
നിഖിലവനചരനിവഹ മദ്ധ്യസ്ഥിതന്‍ ഭൃശം
നിഷ്കിഞ്ചനപ്രിയന്‍ ഭേദഹീനാത്മകന്‍
ശ്വപചനുമൊരവനിസുരവരനുമവനൊക്കുമി-
ശ്വാക്കളും ഗോക്കളും ഭേദമില്ലേതുമേ.
ഭവതിയെയുമൊരു ശബരതരുണിയെയുമാത്മനാ-
പാര്‍ത്തു കണ്ടാലവനില്ലഭേദം പ്രിയേ!
ഭവതിയെയുമക തളിരിലവിഹ മറന്നിതു
ഭര്‍ത്താവിനെപ്പാര്‍ത്തിരുന്നതിനിമതി
ത്വയിവിമുഖനവന നിശമതിനുനഹി സംശയം
ത്വദ്ദാസദാസോഹമദ്യ ഭജസ്വ മാം
കരഗതമൊരമലമണി വരമുടനുപേക്ഷിച്ചു
കാചത്തെയെന്തു കാംക്ഷിക്കുന്നിതോമലേ!
സുരദിതിജദനുഭുജഗോപ്സരോ ഗന്ധര്‍വ-
സുന്ദരീ വര്‍ഗ്ഗം പരിചരിക്കും മുദാ
നിയതമതിഭയ സഹിതമ മിത ബഹുമാനേന
നീ മല്പരിഗ്രഹമായ് മരുവീടുകില്‍
കളയരുതു സമയമിഹ ചെറുതു വെറുതേ മമ
കാന്തേ! കളത്രമായ് വാഴ്ക നീ സന്തതം
കളമൊഴികള്‍ പലരുമിഹ വിടുപണികള്‍ ചെയ്യുമ-
ക്കാലനും പേടിയുണ്ടെന്നെ മനോഹരേ!
പുരുഷഗുണമിഹ മനസി കരുതു പുരുഹുതനാല്‍
പൂജ്യനാം പുണ്യപുമാനെന്നറികമാം
സരസമനുസര സദയമയി തവവശാനുഗം
സൌജന്യ സൌഭാഗ്യ സാരസര്‍വസ്വമേ!
സരസിരുഹമുഖി! ചരണകമലപതിതോസ്മ്യഹം
സന്തതം പാഹിമാം പാഹിമാം പാഹിമാം”
വിവിധമിതി ദശവദനനനുസരണപൂര്‍വ്വകം
വീണു തൊഴുതപേക്ഷിച്ചോരനന്തരം
ജനകജയുമവനൊടതിനിടയിലൊരു പുല്‍ക്കൊടി
ജാതരോഷം നുള്ളിയിട്ടു ചൊല്ലീടിനാള്‍;
“സവിതൃകുലതിലകനിലതീവഭീത്യാ ഭവാന്‍
സംന്യാസിയാ വന്നിരുവരും കാണാതെ
സഭയമതി വിനയമൊടു ശു നീവഹവിരദ്ധ്വരേ-
സാഹസത്തോടുമാം കട്ടു കൊണ്ടീലയോ?
ദശവദന! സുദൃഢമനുചിതമിതു നിനയ്ക നീ
തല്ഫലം നീതാനനുഭവിക്കും ദ്രുതം
ദശരഥനിശിതരശരദലിതവപുഷാ ഭവാന്‍
ദേഹം വിനാ യമലോകം പ്രവേശിക്കും
രഘുജനന തിലകനൊരു മനുജനിതി മാനസേ
രാക്ഷസരാജ! നിനക്കുതോന്നും ബലാല്‍
ലവണജലനിധിയെ രഘുകുലതിലകനശ്രമം
ലംഘനം ചെയ്യുമതിനില്ല സംശയം
ലവസമയമൊടു നിശിത വിശിഖ പരിപാതേന
ലങ്കയും ഭസ്മമാക്കീടുമരക്ഷണാല്‍
സഹജസുതസചിവ ബലപതികളൊടു കൂടവേ
സന്നമാം നിന്നുടെ സൈന്യവും നിര്‍ണ്ണയം
അവനവ നിപുണഭരനവനിഭരനാശനന്‍
അദ്യധാതാവപേക്ഷിച്ചതു കാരണം
അവതരണമവനിതലമതിലതിദയാപര-
നാശു ചെയ്തീടിനാന്‍ നിന്നെയൊടുക്കുവാന്‍
ജനകനൃപവരനു മകളായ് പിറന്നേനഹം
ചെമ്മേയതിന്നൊരു കാരണഭൂതയായ്
അറിക തവമനസി പുനരിനി വിരവിനൊടു വ-
ന്നാശു മാം കൊണ്ടുപോം നിന്നെയും കൊന്നവന്‍”
ഇതിമിഥില നൃപതിമകള്‍ പരുഷവചനങ്ങള്‍ കേ-
ട്ടേറ്റവും കൃദ്ധനായോരു ദശാനനന്‍
അതിചപലകരഭുവി കരാളം കരവാള-
മാശുഭൂപുത്രിയെക്കൊല്ലുവാനോങ്ങിനാന്‍
അതുപൊഴുതിലതികരുണയൊടു മയതനൂജയു-
മാത്മഭര്‍ത്താരം പിടിച്ചടക്കീടിനാള്‍!
“ഒഴികൊഴിക ദശവദന! ശൃണു മമ വചോ ഭവാ-
നൊല്ലാതകാര്യമോരായ്ക മൂഢപ്രഭോ!
ത്യജമനുജതരുണിയെയൊരുടയവരുമെന്നിയേ
ദീനയായ് ദുഃഖിച്ചതീവ കൃശാംഗിയായ്
പതിവിരഹപരവശതയൊടുമിഹ പരാലയേ
പാര്‍ത്തു പാതിവ്രത്യമാലംബ്യ രാഘവം
പകലിരവു നിശിചരികള്‍ പരുഷവചനം കേട്ടു
പാരം വശം കെട്ടിരിക്കുന്നതുമിവള്‍
ദുരിതമിതിലധികമിഹ നഹി നഹി സുദുര്‍മ്മതേ!
ദുഷ്കീര്‍ത്തി ചേരുമോ വീരപുംസാം വിഭോ!
സുരദനുജദിതിജഭുജഗാപ്സരോഗന്ധര്‍വ-
സുന്ദരീ വര്‍ഗ്ഗം നിനക്കു വശഗതം“
ദശമുഖനുമധികജളനാശു മണ്ഡോദരീ
ദാക്ഷിണ്യവാക്കുകള്‍ കേട്ടു സലജ്ജനായ്
നിശിചരികളൊടു സദയമവനുമുരചെയ്തിതു!
“നിങ്ങള്‍ പറഞ്ഞു വശത്തു വരുത്തുവിന്‍
ഭയജനന വചനമനുസരണ വചനങ്ങളും
ഭാവവികാരങ്ങള്‍ കൊണ്ടും ബഹുവിധം
അവനിമകളകതളിരഴിച്ചെങ്കലാക്കുവി-
നന്‍പോടു രണ്ടുമാസം, പാര്‍പ്പനിന്നിയും”
ഇതിരജനിചരികളൊടു ദശവദനനും പറ-
ഞ്ഞീര്‍ഷ്യയോടന്തഃപുരം പുക്കു മേവിനാന്‍
അതികഠിന പരുഷതര വചനശരമേല്‍ക്കയാ-
ലാത്മാവു ഭേദിച്ചിരുന്നിതു സീതയും
“അനുചിതമിതല മലമടങ്ങുവിന്‍ നിങ്ങളെ”-
ന്നപ്പോള്‍ ത്രിജടയുമാശു ചൊല്ലീടിനാള്‍
“ശൃണുവചനമിതു മമ നിശാചരസ്ത്രീകളേ!
ശീലാവതിയെ നമസ്കരിച്ചീടുവിന്‍
Also Read: Mount Kailash: മഹാദേവന്റെ കൈലാസത്തിൽ ഇതുവരെ ആർക്കും കയറാൻ കഴിഞ്ഞിട്ടില്ല, അതിന്റെ രഹസ്യം..?
സുഖരഹിത ഹൃദയമൊടുറങ്ങിനേ നോട്ടു ഞാന്‍
സ്വപ്നമാഹന്ത! കണ്ടേനി ദാനീം ദൃഢം
അഖില ജഗദധിപനഭിരാമനാം രാമനു-
മൈരാവതോപരി ലക്ഷ്മണവീരനും
ശരനികരപരി പതന ദഹനകണജാലേന
ശങ്കാവിഹീനം ദഹിപ്പിച്ചു ലങ്കയും
രണശിരസി ദശമുഖനെ നിഗ്രഹിച്ചശ്രമം
രാക്ഷസരാജ്യം വിഭീഷണനും നല്‍കി
മഹിഷിയെയുമഴകിനൊടു മടിയില്‍ വെച്ചാദരാല്‍
മാനിച്ചു ചെന്നയോദ്ധ്യാപുരം മേവിനാന്‍
കുലിശധരരിപു ദശമുഖന്‍ നഗ്നരൂപിയായ്
ഗോമയമായ മഹാഹൃദം തന്നിലേ
തിലരസവുമുടല്‍ മുഴുവനലിനൊടണിഞ്ഞുടന്‍
ധൃത്വാ നളദമാല്യം നിജമൂര്‍ദ്ധനി
നിജസഹജ സചിവസുത സൈന്യസമേതനായ്
നിര്‍മ്മഗ്നായ്ക്കണ്ടു വിസ്മയം തേടിനേന്‍
രജനിചരകുലപതി വിഭീഷണന്‍ ഭക്തനായ്
രാമപാദാബ്ജവും സേവിച്ചു മേവിനാന്‍
കലുഷതകള്‍ കളവിനിഹ രാക്ഷസ സ്ത്രീകളേ!
കണ്ടുകൊള്ളാമിതു സത്യമത്രേ ദൃഢം.
കരുണയൊടു വയമതിനുകതിപയ ദിനം മുദാ
കാത്തുകൊള്ളേണമിവളെ നിരാമയം”
രജനിചര യുവതികളിതി തൃജടാ വചോ-
രീതി കേട്ടത്ഭുത ഭീതി പൂണ്ടീടിനാര്‍
മനസി പരവശതയൊടുറങ്ങിനാരേവരും
മാനസേ ദുഃഖം കലര്‍ന്നു വൈദേഹിയും.
സീതാഹനുമല്‍സംവാദം
ഉഷസി നിശിചരികളിവരുടലു മമ ഭക്ഷിക്കു-
മുറ്റവരായിട്ടൊരുത്തരുമില്ലമേ
മരണമിഹ വരുവതിനുമൊരു കഴിവു കണ്ടീല
മാനവ വീരനുമെന്നെ മറന്നിതു
കളവനിഹ വിരവിനൊടു ജീവനുമദ്യ ഞാന്‍
കാകുത്സ്ഥനും കരുണാഹീനനെത്രയും
മനസി മുഹുരിവ പലതുമോര്‍ത്തു സന്താപേന
മന്ദമന്ദമെഴുനേറ്റു നിന്നാകുലാല്‍
തരളഹൃദയമൊടു ഭര്‍ത്താരമോര്‍ത്തോര്‍ത്തു
താണു കിടന്നൊരു ശിംശപാ ശാഖയും
സഭയപരവശ തരളമാലംബ്യ ബാഷ്പവും
സന്തതം വാര്‍ത്തു വിലാപം തുടങ്ങിനാന്‍
“ജഗദമലനയനരവിഗോത്രേ ദശരഥന്‍
ജാതനായാനവന്‍ തന്നുടെ പുത്രരായ്
രതിരമണതുല്യരായ് നാലുപേരുണ്ടിതു
രാമഭരതസൌമിത്രി ശത്രുഘ്നന്മാര്‍
രജനിചരകുലനിധന ഹേതുഭൂതന്‍ പിതു-
രാജ്ഞയാ കാനനം തന്നില്‍ വാണീടിനാന്‍
ജനകനൃപസുതയുമവരജനുമായ് സാദരം
ജാനകീദേവിയെത്തത്ര ദശാനനന്‍
കപടയതി വേഷമായ്ക്കട്ടു കൊണ്ടീടിനാന്‍
കാണാഞ്ഞു ദുഃഖിച്ചു രാമനും തമ്പിയും
വിപിനഭുവി വിരവോടു തിരഞ്ഞുനടക്കുമ്പോള്‍
വീണുകിടക്കും ജടായുവിനെക്കണ്ടു
പരമഗതിപുനരവനു നല്‍കിയമ്മാല്യവല്‍
പര്‍വ്വതപാര്‍ശ്വേ നടക്കുംവിധൌ തദാ
തരണിസുതനൊടു സപദി സഖ്യവും ചെയ്തിതു
സത്വരം കൊന്നിതു ശക്രസുതനെയും
തരണിതനയനുമഥ കപീന്ദ്രനായ് വന്നിതു
തല്‍ പ്രത്യുപകാരമാശു സുഗ്രീവനും
കപിവരരെ വിരവിനൊടു നാലുദിക്കിങ്കലും
കണ്ടുവരുവാനയച്ചോരനന്തരം
പുനരവരിലൊരുവനഹമത്ര വന്നീടിനേന്‍
പുണ്യവാനായ സമ്പാതി തന്‍ വാക്കിനാല്‍
ജലനിധിയുമൊരു ശതക യോജനാവിസ്തൃതം
ചെമ്മേ കുതിച്ചു ചാടിക്കടന്നീടിനേന്‍
രജനിചരപുരിയില്‍ മുഴുവന്‍ തിരഞ്ഞേനഹം
രാത്രിയിലത്ര താതാനുഗ്രഹവശാല്‍
തതനികരവരമരിയ ശിംശപാവൃക്ഷവും
തന്മൂലദേശേ ഭവതിയേയും മുദാ
കനിവിനൊടു കണ്ടു കൃതാര്‍ഥനായേനഹം
കാമലാഭാല്‍ കൃതകൃത്യനായീടിനേന്‍
ഭഗവദനുചരരിലഹമഗ്രേസരന്‍ മമ
ഭാഗ്യമഹോ! മമ ഭാഗ്യം നമോസ്തുതേ”
പ്ലവഗകുലവരനിതി പറഞ്ഞടങ്ങീടിനാന്‍
പിന്നെയിളകാതിരുന്നാനരക്ഷണം
Also Read: Sawan Month ൽ വ്രതം എടുക്കുകയോ എടുക്കാതിരിക്കുകയോ, പക്ഷെ ഇവ കഴിക്കരുത്, ആരോഗ്യത്തിന് ഹാനികരം
“കിമിതി രഘുകുലവരചരിത്രം ക്രമേണ മേ
കീര്‍ത്തിച്ചിതാകാശമാര്‍ഗ്ഗേ മനോഹരം
പവനനുരു കൃപയൊടു പറഞ്ഞു കേള്‍പ്പിക്കയോ
പാപിയാമെന്നുടെ മാനസ ഭ്രാന്തിയോ?
സുചിരതരമൊരുപൊഴുതുറങ്ങാതെ ഞാനിഹ
സ്വപ്നമോ കാണ്മാനവകാശമില്ലല്ലോ
സരസതരപതിചരിതമാശു കര്‍ണ്ണാമൃതം
സത്യമായ് വന്നിതാവൂ മമ ദൈവമേ!
ഒരു പുരുഷനിതു മമപറഞ്ഞുവെന്നാകില-
ത്യത്തമന്‍ മുമ്പില്‍ മേ കാണായ് വരേണമേ“
ജനകനൃപദുഹിതൃവചനം കേട്ടു മാരുതി
ജാതമോദം മന്ദമന്ദമിറങ്ങിനാന്‍
വിനയമൊടുമവനിമകള്‍ ചരണ നളിനാന്തികേ
വീണു നമസ്കരിച്ചാന്‍ ഭക്തിപൂര്‍വ്വകം
തൊഴുതു ചെറുതകലെയവനാശു നിന്നീടിനാന്‍
തുഷ്ട്യാ കലപിംഗതുല്യശരീരനായ്
ഇവിടെ നിശിചരപതി വലീ മുഖവേഷമാ-
യെന്നെ മോഹിപ്പിപ്പതിന്നു വരികയോ
ശിവ ശിവ! കിമിതി കരുതി മിഥിലാ നൃപപുത്രിയും
ചേതസി ഭീതി കലര്‍ന്നു മരുവിനാള്‍
കുസൃതി ദശമുഖനു പെരുതെന്നു നിരൂപിച്ചു
കുമ്പിട്ടിരുന്നിതു കണ്ടു കപീന്ദ്രനും
“ശരണമിഹ ചരണസരസിജമഖിലനായികേ!
ശങ്കിക്കവേണ്ട കുറഞ്ഞൊന്നുമെന്നെ നീ
തവസചിവനഹമിഹ തഥാവിധനല്ലഹോ!
ദാസോസ്മി കോസലേന്ദ്രസ്യ രാമസ്യ ഞാന്‍
സുമുഖി! കപികുലതിലകനായ സൂര്യാത്മജന്‍
സുഗ്രീവഭൃത്യന്‍ ജഗല്പ്രാണ നന്ദനന്‍
കപടമൊരുവരൊടുമൊരു പൊഴുതു മറിയുന്നീല
കര്‍മ്മണാ വാചാ മനസാപി മാതാവേ!”
പവനസുതമധുരതര വചനമതു കേട്ടുടന്‍
പത്മാലയദേവി ചോദിച്ചിതാദരാല്‍
“ഋതമൃജുമൃദുസ്ഫുടവര്‍ണ്ണവാക്യം തെളി-
ഞ്ഞിങ്ങനെ ചൊല്ലുന്നവര്‍ കുറയും തുലോം
സദയമിഹ വദ മനുജവാനരജാതികള്‍
തങ്ങളില്‍ സംഗതി സംഭവിച്ചീടുവാന്‍
കലിതരുചി ഗഹനഭുവി കാരണമെന്തെടോ!
കാരുണ്യവാരാന്നിധേ! കപികുഞ്ജര!
തിരുമനസി ഭവതി പെരികെ പ്രേമനുണ്ടെന്ന-
തെന്നോടു ചൊന്നതിന്‍ മൂലവും ചൊല്ലു നീ.”
“ശൃണുസുമുഖി! നിഖിലമഖിലേശ വൃത്താന്തവും
ശ്രീരാമദേവനാണെ സത്യമോമലേ!
ഭവതി പതിവചനമവലംബ്യ രണ്ടംഗമാ-
യാശ്രയാശങ്കലുമാശ്രമത്തിങ്കലും
മരുവിനതു പൊഴുതിലൊരു കനകമൃഗമാലോക്യ
മാനിനു പിന്നേ നടന്നു രഘുപതി
നിശിതതരവിശിഖഗണചാപവുമായ് ചെന്നു
നീചനാം മാരീചനെക്കൊന്നു രാഘവന്‍
ഉടനുടലുമുലയ മുഹുരുടജഭുവി വന്നപോ-
തുണ്ടായ വൃത്താന്തമോ പറയാവതോ?
ഉടനവിടെയവിടെയടവിയിലടയ നോക്കിയു-
മൊട്ടു കരഞ്ഞു തിരഞ്ഞുഴലും വിധൌ
ഗഹനഭുവി ഗഗനചരപതി ഗരുഡസന്നിഭന്‍
കേണുകിടക്കും ജടായുവിനെക്കണ്ടു
അവനുമഥ തവ ചരിതമഖിലമറിയിയിച്ചള-
വാശു കൊടുത്തിതു മുക്തിപക്ഷീന്ദ്രനും
പുനരടവികളിലവരജേന സാകംദ്രുതം
പുക്കു തിരഞ്ഞു കബന്ധഗതി നല്‍കി
ശബരി മരുവിന മുനിവരാശ്രമേ ചെന്നുടന്‍
ശാന്താത്മകന്‍ മുക്തിയും കൊടുത്തീടിനാന്‍
അഥ ശബരിവിമലവചനേന പോന്നൃശ്യമൂ-
കാദ്രിപ്രവരപാര്‍ശ്വേ നടക്കും വിധൌ
തപനസുതനിരുവരെയുമഴകിനൊടു കണ്ടതി-
താല്പര്യമുള്‍ക്കൊണ്ടയച്ചിതെന്നെത്തദാ
ബത! രവികുലോത്ഭവന്മാരുടെ സന്നിധൌ
ബ്രഹ്മചാരീവേഷമാലംബ്യ ചെന്നു ഞാന്‍
നൃപതികുലവരഹൃദയമഖിലവുമറിഞ്ഞതി
നിര്‍മ്മലന്മാരെച്ചുമലിലെടുത്തുടന്‍
തരണിസുതനികടഭുവികൊണ്ടു ചെന്നീടിനേന്‍
സഖ്യം പരസ്പരം ചെയ്യിച്ചിതാശു ഞാന്‍
ദഹനനെയുമഴകിനൊടു സാക്ഷിയാക്കിക്കൊണ്ടു
ദണ്ഡമിരുവര്‍ക്കുമാശു തീര്‍ത്തീടുവാന്‍
തരണിസുതഗൃഹിണ്യെ ബലാലടക്കിക്കൊണ്ട-
താരാപതിയെ വധിച്ചു രഘുവരന്‍
ദിവസകരതനയനു കൊടുത്തിതു രാജ്യവും;
ദേവിയെയാരാഞ്ഞു കാണ്മാന്‍ കപീന്ദ്രനും
പ്ലവഗകുലപരിവൃഫരെ നാലു ദിക്കിങ്കലും
പ്രത്യേകമേകൈകലക്ഷം നിയോഗിച്ചാന്‍
അതുപൊഴുതു രഘുപതിയുമലിവൊടരികേ വിളി-
ച്ചംഗുലീയം മമകൈയില്‍ നല്‍കീടിനാന്‍
ഇതു ജനകനൃപതി മകള്‍ കയ്യില്‍ കൊടുക്ക നീ
എന്നുടെ നാമാക്ഷരാന്വിതം പിന്നെയും
സപദിതവ മനസിഗുരുവിശ്വാസസിദ്ധയേ
സാദരം ചൊന്നാനടയാളവാക്യവും
അതുഭവതി കരതളിരിലിനി വിരവില്‍ നല്‍കുവ
നാലോകയാലോകയാനന്ദപൂര്‍വ്വകം“
ഇതി മധുരതരമനിലതനയനുരചെയ്തുട
നിന്ദിരാദേവിതന്‍ കയ്യില്‍ നല്‍കീടിനാന്‍
പുനരധികവിനയമൊടു തൊഴുതുതൊഴുതാദരാ-
ല്പിന്നോക്കില്‍ വാണുവണങ്ങി നിന്നീടിനാന്‍
മിഥിലനൃപ സുതയുമതുകണ്ടതി പ്രീതയായ്
മേന്മേലൊഴുകുമാനന്ദ ബാഷ്പാകുലാല്‍
രമണമിവ നിജശിരസി കനിവിനൊടു ചേര്‍ത്തിതു
രാമനാമാങ്കിതമംഗുലീയം മുദാ
Also Read: Ramayana Masam 2021: ഇതാണ് രാമായണത്തിലെ ഏറ്റവും മഹത്തായ ശ്ലോകം
പ്ലവഗകുല പരിവൃഢ! മഹാമതിമാന്‍ ഭവാന്‍
പ്രാണദാതാ മമപ്രീതികാരീ ദൃഢം
ഭഗവതി പരാത്മനി ശ്രീനിധൌ രാഘവേ
ഭക്തനതീവ വിശ്വാസ്യന്‍ ദയാപരന്‍
പലഗുണവുമുടയവരെയൊഴികെ മറ്റാരേയും
ഭര്‍ത്താവയയ്ക്കയുമില്ല മത്സന്നിധൌ
മമ സുഖവുമനുദിനമിരിക്കും പ്രകാരവും
മല്പരിതാപവും കണ്ടുവല്ലോ ഭവാന്‍
കമലദലനയനനകതളിരിലിനി മാംപ്രതി
കാരുണ്യമുണ്ടാം പരിചറിയിക്ക നീ
രജനിചരവര നശനമാക്കുമെന്നെക്കൊണ്ടു
രണ്ടുമാസം കഴിഞ്ഞാലെന്നു നിര്‍ണ്ണയം
അതിനിടയില്‍ വരുവതിനു വേലചെയ്തീടുനീ
അത്രനാളും പ്രാണനെദ്ധരിച്ചീടുവന്‍
ത്വരിതമിഹദശമുഖനെ നിഗ്രഹിച്ചെന്നുടെ
ദുഃഖം കളഞ്ഞുരക്ഷിക്കെന്നു ചൊല്ലുനീ
അനിലതനയനുമഖിലജനനി വചനങ്ങള്‍ കേ-
ട്ടാകുലം തീരുവാനാശു ചൊല്ലീടിനാന്‍
അവനിപതി സുതനൊടടിയന്‍ ഭവദ്വാര്‍ത്തക-
ളങ്ങുണര്‍ത്തിച്ചു കൂടുന്നതിന്‍ മുന്നമേ
അവരനുജനുമഖിലകപികുലബലവുമായ് മുതി-
ര്‍ന്നാശു വരുമതിനില്ലൊരു സംശയം
സുതസചിവ സഹജസഹിതം ദശഗ്രീവനെ
സൂര്യാത്മജാലായത്തിന്നയയ്ക്കും ക്ഷണാല്‍
ഭവതിയെയുമതികരുണമഴകിനൊടു വീണ്ടു നിന്‍
ഭര്‍ത്താവയോദ്ധ്യയ്ക്കെഴുന്നള്ളുമാദരാല്‍”
ഇതിപവനസുത വചനമുടമയൊടു കേട്ടപോ-
തിനിന്ദിരാദേവി ചോദിച്ചരുളീടിനാള്‍
“ഇഹവിതതജലനിധിയെ നിഖിലകപിസേനയൊ-
ടേതൊരുജാതി കടന്നുവരുന്നതും
മനുജപരിവൃഢനെയുമവരജനെയുമന്‍പോടു
മറ്റുള്ളവാനര സൈന്യത്തേയും ക്ഷണാല്‍
മമ ചുമലില്‍ വിരവിനൊടേടുത്തു കടത്തുവന്‍
മൈഥിലീ! കിംവിഷാദം വൃഥാ മാനസേ
ലഘുതരമമിത രജനിചരകുലമശേഷേണ
ലങ്കയും ഭസ്മമാക്കീടുമനാകുലം
ദ്രുതമതിനു സുതനു! മമദേഹ്യനുജ്ഞാമിനി-
ദ്രോഹം വിനാ ഗമിച്ചീടുവനോമലേ!
വിരഹ കലുഷിതമനസി രഖുവരനു മാം പ്രതി
വിശ്വാസമാശു വന്നീടുവനായ് മുദാ
തരിക സരഭസമൊരടയാളവും വാക്യവും
താവകം ചൊല്ലുവാനായരുള്‍ ചെയ്യണം”
ഇതിപവനതനയവചനേന വൈദേഹിയു-
മിത്തിരിനേരം വിചാരിച്ചു മാനസേ
ചികുരഭരമതില്‍ മരുവുമമല ചൂഡാമണി
ചിന്മയി മാരുതി കൈയില്‍ നല്‍കീടിനാള്‍
“ശൃണുതനയ! പുനരൊരടയാളവാക്യം ഭവാന്‍
ശ്രുത്വാ ധരിച്ചു കര്‍ണ്ണേ പറഞ്ഞീടു നീ
സപദിപുനരതു പൊഴുതു വിശ്വാസമെന്നുടെ
ഭര്‍ത്താവിനുണ്ടായ് വരുമെന്നു നിര്‍ണ്ണയം
ചിരമമിതസുഖമൊടുരു തപസി ബഹുനിഷ്ഠയാ
ചിത്രകൂടാചലത്തിങ്കല്‍ വാഴുംവിധൌ
പലലമതു പരിചിനൊടുണക്കുവാന്‍ ചിക്കി ഞാന്‍
പാര്‍ത്തതും കാത്തിരുന്നീടും ദശാന്തരേ
തിരുമുടിയുമഴകിനൊടുമടിയില്‍ മമ വെച്ചുടന്‍
തീര്‍ത്ഥപാദന്‍ വിരവോടുറങ്ങീടിനാന്‍
അതുപൊഴുതിലതി പലലശകലങ്ങള്‍ കൊത്തീടിനാന്‍
ഭക്ഷിച്ചു കൊള്ളുവാനെന്നോര്‍ത്തു ഞാന്‍ തദാ
പരുഷതരമുടനുടനെടുത്തെറിഞ്ഞീടിനേന്‍
പാഷാണജാലങ്ങള്‍ കൊണ്ടതു കൊണ്ടവന്‍
വപുഷി മമ ശിതചരണനഖരതുണ്ഢങ്ങളാല്‍
വായ്പോടു കീറിനാനേറെക്കുപിതനായ്
പരമ പുരുഷനുമുടനുണര്‍ന്നു നോക്കും വിധൌ
പാരമൊലിക്കുന്ന ചോരകണ്ടാകുലാല്‍
തൃണകുശകലമതികുപിതനായെടുത്തശ്രമം
ദിവ്യാസ്ത്രമന്ത്രം ജപിച്ചയച്ചീടിനാന്‍
സഭയമവനഖിലദിശി പാഞ്ഞുനടന്നിതു
സങ്കടം തീര്‍ത്തു രക്ഷിച്ചു കൊണ്ടീടുവാന്‍
അമരപതി കമലജഗിരീശ മുഖ്യന്മാര്‍ക്കു-
മാവതല്ലെന്നയച്ചോരവസ്ഥാന്തരേ
രഘുതിലകനടി മലരിവശമൊടു വീണിതു
രക്ഷിച്ചു കൊള്ളേണമെന്നെക്കൃപാനിധേ!
അപരമൊരു ശരണമിഹ നഹി നഹി നമോസ്തുതേ
ആനന്ദമൂര്‍ത്തേ! ശരണം നമോസ്തുതേ
ഇതിസഭയമടിമലരില്‍ വീണു കേണീടിനാ-
നിന്ദ്രാത്മജനാം ജയന്തനുമന്നേരം
സവിതൃകുലതിലകനഥ സസ്മിതം ചൊല്ലിനാന്‍
സായകം നിഷ്ഫലമാകയില്ലെന്നുമേ
അതിനു തവ നയനമതിലൊന്നുപോ നിശ്ചയ-
മന്തരമില്ല നീ പൊയ്ക്കൊള്‍ക നിര്‍ഭയം
ഇതിസദയമനു ദിവസമെന്നെ രക്ഷിച്ചവ-
നിന്നുപേക്ഷിച്ചതെന്തെന്നുടെ ദുഷ്കൃതം
ഒരു പിഴയുമൊരു പൊഴുതിലവനൊടു ചെയ്തീല ഞാ-
നോര്‍ത്താലിതെന്നുടെ പാപമേ കാരണം”
വിവിധമിതി ജനകനൃപദുഹിതൃവചനം കേട്ടു
വീരനാം മാരുതപുത്രനും ചൊല്ലിനാന്‍
“ഭവതി പുനരിവിടെ മരുവീടുന്നതേതുമേ
ഭര്‍ത്താവറിയാക കൊണ്ടുവരാഞ്ഞതും
ഝടിതി വരുമിനി നിശിചരൌഘവും ലങ്കയും
ശാഖാമൃഗാവലി ഭസ്മാക്കും ദൃഡം”
പവനസുതവചനമിതി കേട്ടു വൈദേഹിയും
പാരിച്ച മോദേന ചോദിച്ചരുളിനാള്‍!
“അധികകൃശതനുരിഹ ഭവാന്‍ കപിവീരരു-
മീവണ്ണമുള്ളവരല്ലയോ ചൊല്ലു നീ
നിഖില നിശിചരരചലനിഭവിപുലമൂര്‍ത്തികള്‍
നിങ്ങളവരോടെതിര്‍ക്കുന്നതെങ്ങനെ?”
പവനജനുമവനിമകള്‍ തുല്യനായ് നിന്നാതിദ്രുതം
അഥമിഥിലനൃപതിസുതയോടു ചൊല്ലീടിനാ-
നഞ്ജനാപുത്രന്‍ പ്രഭഞ്ജനനന്ദനന്‍!
“ഇതു കരുതുക കമലരിലിങ്ങനെയുള്ളവ-
രിങ്ങിരുപത്തൊന്നു വെള്ളം പടവരും”
പവനസുത മൃദുവചനമിങ്ങനെ കേട്ടുടന്‍
പത്മപത്രാക്ഷിയും പാര്‍ത്തു ചൊല്ലീടിനാള്‍ !
“അതിവിമലനമിത ബലനാശര വംശത്തി-
നന്തകന്‍ നീയതിനന്തരമില്ലെടോ!
രജനിവിരവൊടു കഴിയുമിനിയുഴറുകെങ്കില്‍ നീ
രാക്ഷസസ്ത്രീകള്‍ കാണാതെ നിരാകുലം
ജലനിധിയുമതിചപലമിന്നേ കടന്നങ്ങു-
ചെന്നു രഘുവരനെ കാണ്‍കനന്ദന!
മമചരിതമഖിലമറിയിച്ചു ചൂഡാരത്ന-
മാശു തൃക്കയ്യില്‍ കൊടുക്ക വിരയേ നീ
വിരവിനൊടു വരിക രവിസുതനു മുരു സൈന്യവും
വീരപുമാന്മാരിരുവരുമായ് ഭവാന്‍
വഴിയിലൊരു പിഴയുമുപരോധമെന്നിയേ
വായുസുതാ! പോകനല്ലവണ്ണം ധ്രുവം”
വിനയഭയകുതുക ഭക്തി പ്രമോദാന്വിതം
വീരന്‍ നമസ്കരിച്ചീടിനാനന്തികേ
പ്രിയവചനസഹിതനഥ ലോക മാതാവിനെ-
പ്പിന്നെയും മൂന്നു വലത്തു വച്ചീടിനാന്‍
“വിട തരിക ജനനീ! വിടകൊള്‍വാനടിയനു
വേഗേന ഖേദംവിനാ വാഴ്ക സന്തതം”
ഭവതു ശുഭമയി തനയ! പഥി തവ നിരന്തരം
ഭര്‍ത്താരമാശു വരുത്തീടുകത്ര നീ
സുഖമൊടിഹ ജഗതി സുചിരം ജീവ ജീവ നീ
സ്വസ്ത്യസ്തു പുത്ര! തേസുസ്ഥിരശക്തിയും”
അനിലതനയനുമഖില ജനനിയൊടു സാദരം
ആശീര്‍വചനമാദായ പിന്‍വാങ്ങിനാന്‍.
Also Read: Ramayana Masam 2021: എല്ലാദിവസും രാമായണം ജപിക്കാൻ പറ്റാത്തവർ ഇത് ജപിക്കുക
ലങ്കാമര്‍ദ്ദനം
ചെറുതകലെയൊരു വിടപിശിഖിരവുമമര്‍ന്നവന്‍
ചിന്തിച്ചുകണ്ടാന്‍ മനസി ജിതശ്രമം
പരപുരിയിലൊരു നൃപതികാര്യാര്‍ത്ഥമായതി-
പാടവമുള്ളൊരു ദൂതം നിയോഗിച്ചാല്‍
സ്വയമതിനൊരഴിനിലയൊഴിഞ്ഞു സാധിച്ചഥ
സ്വസ്വാമി കാര്യത്തിനന്തരമെന്നിയേ
നിജഹൃദയചതുരതയൊടപരമൊരു കാര്യവും
നീതിയോടേ ചെയ്തു പോമവനുത്തമന്‍
അതിനു മുഹുറഹമഖില നിശിചരകുലേശനെ-
യന്‍പോടു കണ്ടു പറഞ്ഞു പോയീടണം
അതിനു പെരുവഴിയുമിതു സുദൃഡമിതി ചിന്ത ചെ-
യതാരാമമൊക്കെപ്പൊടിച്ചു തുടങ്ങിനാന്‍
മിഥിലനൃപമകള്‍ മരുവുമതിവിമല ശിംശപാ-
വൃക്ഷമൊഴിഞ്ഞുളാതൊക്കെത്തകര്‍ത്തവന്‍
കുസുമദലഫലസഹിതഗുല്‍മവല്ലീതരു-
ക്കൂട്ടങ്ങള്‍ പൊട്ടിയലറി വീഴും വിധൌ
ജനനിവഹഹയ ജനന നാദഭേദങ്ങളും
ജംഗമജാതികളായ പതത്രികള്‍
അതിഭയമൊടഖിലദിശിദിശി ഖലു പറന്നുടന്‍
ആകാശമൊക്കെപ്പരന്നൊരു ശബ്ദവും
രജനിചരപുരി ഝടിതി കീഴ്മേല്‍ മറിച്ചിതു
രാമദൂതന്‍ മഹാവീര്യപരാക്രമന്‍
ഭയമൊടതു പൊഴുതു നിശിചരികളുമുണര്‍ന്നിതു
പാര്‍ത്തനേരം കപിവീരനെക്കാണായി
“ഇവനമിത ബലസഹിതനിടിനികരമൊച്ചയു-
മെന്തൊരു ജന്തുവിതെന്തിനു വന്നതും?
സുമുഖി! തവനികടഭുവി നിന്നു വിശേഷങ്ങള്‍
സുന്ദരഗാത്രി ! ചൊല്ലീലയോ ചൊല്ലെടോ!
മനസി ഭയമധികമിവനെക്കണ്ടു ഞങ്ങള്‍ക്കു
മര്‍ക്കടാകരം ധരിച്ചിരിക്കുന്നതും
നിശിതമസി വരുവതിനു കാരണമെന്തു ചൊല്‍
നീയറിഞ്ഞീലയോ ചൊല്ലിവനാരെടോ”
“രജനിചരകുലരചിതമായകളൊക്കവേ
രാത്രിഞ്ചരന്മാര്‍ക്കൊഴിഞ്ഞറിയാവതോ?
ഭയമിവനെ നികടഭുവി കണ്ടുമന്മാനസേ
പാരം വളരുന്നതെന്താവതീശ്വരാ!”
അവനിമകളവരൊടിതു ചൊന്ന നേരത്തവ-
രാശു ലങ്കേശ്വരനോടു ചൊല്ലീടിനാര്‍
“ഒരു വിപിനചരനമിതബലനചലസന്നിഭ-
നുദ്യാനമൊക്കെപ്പൊടിച്ചു കളഞ്ഞിതു
പൊരുവതിനു കരുതിയവനപഗത ഭയാകുലം
പൊട്ടിച്ചിതു ചൈത്യപ്രാസാദമൊക്കവേ
മുസലധരനനിശമതു കാക്കുന്നവരെയും
മുല്‍പ്പെട്ടു തച്ചുകൊന്നീടിനാനശ്രമം
ഭുവനമതിലൊരുവരെയുമവനു ഭയമില്ലഹോ
പോയീലവനവിടുന്നിനിയും പ്രഭോ!”
ദശവദനനിതി രജനിചരികള്‍ വചനം കേട്ടു
ദന്ദശൂകോപമക്രോധവിവശനായ്
“ഇവനിവിടെ നിശിതമസി ഭയമൊഴിയെ വന്നവ-
നേതുമെളിയവനല്ലെന്നു നിര്‍ണ്ണയം
നിശിതശരകുലിശ മുസലാദ്യങ്ങള്‍ കൈക്കൊണ്ടു
നിങ്ങള്‍ പോകാശു നൂറായിരം വീരന്മാര്‍”
നിശിചരകുലാധിപാജ്ഞാകാരന്മാരതി
നിര്‍ഭയം ചെല്ലുന്നതുകണ്ടു മാരുതി
ശിഖരികുലമൊടുമവനി മുഴുവനിളകുംവണ്ണം
സിംഹനാദം ചെയ്തതു കേട്ടു രാക്ഷസര്‍
സഭയതരഹൃദയമഥ മോഹിച്ചുവീണിതു
സംഭ്രമത്തോടടുത്തീടിനാര്‍ പിന്നെയും
ശിതവിശിഖ മുഖനിഖില ശസ്ത്രജാലങ്ങളെ
ശീഖ്രം പ്രയോഗിച്ചനേരം കപീന്ദ്രനും
മുഹുരുപരി വിരവിനൊടുയര്‍ന്നു ജിതശ്രമം
മുദ്ഗരം കൊണ്ടു താഡിച്ചൊടുക്കീടിനിനാന്‍
നിയുതനിശിചരനിധനനിശമന ദശാന്തരേ
നിര്‍ഭരം ക്രുദ്ധിച്ചു നക്തഞ്ചരേന്ദ്രനും
അഖിലബലപതിവരരിലൈവരെച്ചെല്ലുകെ-
ന്നത്യന്തരോഷാല്‍ നിയോഗിച്ചനന്തരം
പരമരണ നിപുണനൊടെതിര്‍ത്തു പഞ്ചത്വവും
പഞ്ചസ്നേനാധിപന്മാര്‍ക്കും ഭവിച്ചിതു
തദനുദശവദനുനുദിതക്രുധാ ചൊല്ലിനാന്‍
“തദ്ബലമത്ഭുതം മദ്ഭയോദ്ഭൂതിതം
പരിഭവമൊടമിതബല സഹിതമപി ചെന്നൊരു
പഞ്ചസേനാധിപന്മാര്‍ മരിച്ചീടിനാര്‍
ഇവനെ മമനികട ഭുവിഝടിതിസഹജീവനോ-
ടിങ്ങു ബന്ധിച്ചു കൊണ്ടന്നു വച്ചീടുവാന്‍
മഹിതമതിബല സഹിതമെഴുവരൊരുമിച്ചുടന്‍
മന്ത്രിപുത്രന്മാര്‍ പുറപ്പെടുവിന്‍ ഭൃശം”
ദശവദനവച നിശമനബല സമന്വിതം
ദണ്ഡമുസലഖഡ്ഗേഷു ചാപാദികള്‍
കഠിനതരമലറി നിജകരമതിലെടുത്തുടന്‍
കര്‍ബുരേന്ദ്രന്മാരെടുത്താര്‍ കപീന്ദ്രനും
ഭുവനതലമുലയെ മുഹുരലറി മരുവും വിധൌ
ഭൂരിശസ്ത്രം പ്രയോഗിച്ചാരനുക്ഷണം
അനിലജനുമവരെ വിരവോടു കൊന്നീടിനാ-
നാശുലോഹസ്തംഭ താഡനത്താലഹോ!
നിജസചിവതനയരെഴുവരുമമിത സൈന്യവും
നിര്‍ജ്ജരലോകം ഗമിച്ചതു കേള്‍ക്കയാല്‍
മനസിദശമുഖനുമുരുതാപവും ഭീതയും
മാനവും ഖേദവും നാണവും തേടിനാന്‍
“ഇനിയൊരുവനിവനൊടു ജയിപ്പതിനില്ലമ-
റ്റിങ്ങനെ കണ്ടീല മറ്റു ഞാനാരെയും
ഇവരൊരുവരെതിരിടുകിലസുരസുരജാതിക-
ളെങ്ങുമേനില്‍ക്കുമാറില്ല ജഗത്ത്രയേ
അവര്‍ പലരുമൊരു കപിയൊടേറ്റു മരിച്ചിത-
ങ്ങയ്യോ! സുകൃതം നശിച്ചിതുമാമകം”
പലവുമിതി കരുതിയൊരു പരവശത കൈക്കൊണ്ടു
പാരം തളര്‍ന്നൊരു താതനോടാദരാല്‍
വിനയമൊടു തൊഴുതിളയമകനുമുരചെയ്തിതു
വീരപുംസാമിദം യോഗ്യമല്ലേതുമേ
അലമമലമിതറികിലനുചിതമഖില ഭൂഭൃതാ-
മാത്മഖേദം ധൈര്യശൌര്യതേജോഹരം
അരിവരനെ നിമിഷമിഹ കൊണ്ടുവരുവനെ”-
ന്നക്ഷകുമാരനും നിര്‍ഗ്ഗമിച്ചീടിനാന്‍
കപിവരനുമതുപൊഴുതു തോരണമേറിനാന്‍
കാണായിതക്ഷകുമാരനെസ്സന്നിധൌ
ശരനികരശകലിത ശരീരനായ് വന്നിതു
ശാഖാമൃഗാധിപന്‍ താനുമതുനേരം
മുനിവിനൊടു ഗഗനഭുവി നിന്നു താണാശു ത-
ന്മൂര്‍ദ്ധനി മുദ്ഗരം കൊണ്ടെറിഞ്ഞീടിനാന്‍
ശക്തനാമക്ഷകുമാരന്‍ മനോഹരന്‍
വിബുധകുലരിപു നിശിചരാധിപന്‍ രാവണന്‍
വൃത്താന്തമാഹന്ത കേട്ടു ദുഃഖാര്‍ത്തനായ്
അമരപതിജിതമമിതബലസഹിതമാത്മജ-
മാത്മഖേദത്തോടണച്ചു ചൊല്ലീടിനാന്‍
“പ്രിയതനയ! ശൃണുവചനമിഹ തവ സഹോദരന്‍
പ്രേതാധിപാലയം പുക്കിതു കേട്ടീലേ
മമ സുതനെ രണശിരസി കൊന്ന കപീന്ദ്രനെ
മാര്‍ത്താണ്ഡജാലയത്തിന്നയച്ചീടുവാന്‍
ത്വരിതമഹതുല ബലമോടു പോയീടുവന്‍
ത്വല്‍ കനിഷ്ഠോദകം പിന്നെ നല്‍കീടുവന്‍”
ഇതിജനകവചന മലിവോടു കേട്ടാദരാ
ലിന്ദ്രജിത്തും പറഞ്ഞീടിനാന്‍ തല്‍ക്ഷണേ:
“ത്യജ മനസി ജനക! തവശോകം മഹാമതേ!
തീര്‍ത്തുകൊള്‍വന്‍ ഞാന്‍ പരിഭവമൊക്കവേ
മരണവിരഹിതനവനതിനില്ല സംശയം
മറ്റൊരുത്തന്‍ ബലാലത്ര വന്നീടുമോ!
ഭയമവനുമരണകൃതമില്ലെന്നു കാണ്‍കില്‍ ഞാന്‍
ബ്രഹ്മാസ്ത്രമെയ്തു ബന്ധിച്ചു കൊണ്ടീടുവന്‍
ഭുവനതലമഖിലമരവിന്ദോത്ഭവാദിയാം
പൂര്‍വ്വദേവാരികള്‍ തന്നവരത്തിനാല്‍
വലമഥനമപിയുധി ജയിച്ച നമ്മോടൊരു
വാനരന്‍ വന്നെതിരിട്ടതു മത്ഭുതം!
അതുകരുതുമളവിലിഹ നാണമാമെത്രയും
ഹന്തുമശക്യോപി ഞാനവിളംബിതം
കൃതിഭിരപി നികൃതിഭിരപി ഛത്മനാപി വാ
കൃച്ഛ്രേണ ഞാന്‍ ത്വല്‍ സമീപേ വരുത്തുവന്‍
സപദി വിപദുപഗതമിഹ പ്രമദാകൃതം
സമ്പദ്വിനാശകരം പരം നിര്‍ണ്ണയം
സസുഖമിഹ നിവസ മയി ജീവതി ത്വം വൃഥാ
സന്താപമുണ്ടാക്കരുതു കരുതു മാം“
ഇതി ജനകനൊടു നയഹിതങ്ങള്‍ സൂചിപ്പിച്ചുട-
നിന്ദ്രജിത്തും പുറപ്പെട്ടു സന്നദ്ധനായ്
രഥകവചവിശിഖധനുരാദികള്‍ കൈക്കൊണ്ടു
രാമദൂതം ജേതുമാശു ചെന്നീടിനാന്‍
ഗരുഡനിഭനഥ ഗഗനമുല്പതിച്ചീടിനാന്‍
ഗര്‍ജ്ജനപൂര്‍വ്വകം മാരുതി വീര്യവാന്‍
ബഹുമതിയുമകതളിരില്‍ വന്നു പരസ്പരം
ബാഹുബലവീര്യവേഗങ്ങള്‍ കാണ്‍കയാല്‍
പവനസുതശിരസി ശരമഞ്ചുകൊണ്ടെയ്തിതു
പാകാരിജിത്തായ പഞ്ചാസ്യവിക്രമന്‍
അഥസപദി ഹൃദി വിശിഖമെട്ടു കൊണ്ടെയ്തു മ-
റ്റാറാറുബാണം പദങ്ങളിലും തദാ
ശിതവിശിഖമധികതരമൊന്നു വാല്‍ മേലെയ്തു
സിംഹനാദേന പ്രപഞ്ചം കുലുക്കിനാന്‍
തദനു കപികുലതിലകനമ്പു കൊണ്ടാര്‍ത്തനായ്
സ്തംഭേന സൂതനെക്കൊന്നിതു സത്വരം
തുരഗയുതരഥവുമഥഝടിതി പൊടിയാക്കിനാന്‍
ദൂരത്തു ചാടിനാന്‍ മേഘനിനാദനും
അപരമൊരു രഥ മധിക വിതതമുടനേറി വ-
ന്നസ്ത്രശസ്ത്രൌഘവരിഷം തുടങ്ങിനാന്‍
രുഷിതമതി ദശവദനതനയ ശരപാതേന
രോമങ്ങള്‍ നന്നാലു കീറി കപീന്ദ്രനും
അതിനുമൊരുകെടുതിയവനില്ലെന്നു കാണ്‍കയാ-
ലംഭോജസംഭവബാണമെയ്തീടിനാന്‍
അനിലജനുമതിനെ ബഹുമതിയൊടുടനാദരി-
ച്ചാഹന്ത! മോഹിച്ചു വീണിതു ഭൂതലേ
ദശവദനസുതനനിലതനയനെ നിബന്ധിച്ചു
തന്‍പിതാവിന്‍ മുമ്പില്‍ വച്ചു വണങ്ങിനാന്‍
പവനജനു മനസിയൊരു പീഡയുണ്ടായീല
പണ്ടു ദേവന്മാര്‍ കൊടുത്ത വരത്തിനാല്‍
നളിനദലനേത്രനാം രാമന്‍ തിരുവടി
നാമാമൃതം ജപിച്ചീടും ജനം സദാ
അമലഹൃദി മധുമഥന ഭക്തിവിശുദ്ധരാ-
യജ്ഞാനകര്‍മ്മകൃത ബന്ധനം ക്ഷണാല്‍
സുചിരവിരചിതമപി വിമുച്യ ഹരിപദം
സുസ്ഥിരം പ്രാപിക്കുമില്ലൊരു സംശയം
രഘുതിലകചരണയുഗമകതളിരില്‍ വച്ചൊരു
രാമദൂതന്നു ബന്ധം ഭവിച്ചീടുമോ?
മരണജനിമയ വികൃതി ബന്ധമില്ലാതോര്‍ക്കു
മറ്റുള്ള ബന്ധനം കൊണ്ടെന്തു സങ്കടം?
കപടമതികലിത കരചരണ വിവശത്വവും
കാട്ടിക്കിടന്നു കൊടുത്തോരനന്തരം
പലരുമതികുതുകമൊടു നിശിചരണമണഞ്ഞുടന്‍
പാശഖണ്ഡേന ബന്ധിച്ചതു കാരണം
ബലമിയലുമമരരിപു കെട്ടിക്കിടന്നെഴും
ബ്രഹ്മാസ്ത്ര ബന്ധനം വേര്‍പെട്ടിതപ്പോഴേ
വ്യഥയുമവനകതളിരിലില്ലയെന്നാകിലും
ബദ്ധനെന്നുള്ള ഭാവം കളഞ്ഞീലവന്‍
നിശിചരരെടുത്തു കൊണ്ടാര്‍ത്തു പോകും വിധൌ
നിശ്ചലനായ്ക്കിടന്നാന്‍ കാര്യഗൌരവാല്‍
Also Read: കര്‍ക്കിടക പുണ്യം തേടി നാലമ്പല ദര്‍ശനം...
ഹനുമാന്‍ രാവണസഭയില്‍
അനിലജനെ നിശിചരകുലാധിപന്‍ മുമ്പില്‍ വ-
ച്ചാദിതേയാധിപാരാതി ചൊല്ലീടിനാന്‍
“അമിത നിശിചരവരരെ രണശിരസി കൊന്നവ-
നാശു വിരിഞ്ചാസ്ത്ര ബദ്ധനായീടിനാന്‍
ജനക! തവ മനസി സചിവ്ന്മാരുമായിനി-
ച്ചെമ്മേ വിചാര്യ കാര്യം നീ വിധീയതാം
പ്ലവഗകുലവരനറിക സാമാന്യനല്ലിവന്‍
പ്രത്യര്‍ത്ഥി വര്‍ഗ്ഗത്തിനെല്ലാമൊരന്തകന്‍.
കര്‍ക്കടകത്തിലെ ദുസ്ഥിതികള്‍ നീക്കി മനസ്സിനു ശക്‌തി പകരാനുള്ള വഴിയാണ് രാമായണ മാസാചരണം. ആദ്യന്തം ദുഃഖം നിറഞ്ഞതാണ് രാമകഥ. അവതാര പുരുഷനുപോലും വേദനകളിലൂടെ കടന്നു പോകേണ്ടിവന്നു. അതിനു മുന്നില്‍ സാധാരണ മനുഷ്യരുടെ ആകുലതകള്‍ക്ക് എന്തു പ്രസക്‌തിയാണുള്ളതെന്ന ചിന്തയാണ് രാമായണ പാരായണത്തിലൂടെ നമുക്ക് മനസിലാക്കാൻ കഴിയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...