Ramayana Masam 2021: കര്‍ക്കടക മാസത്തിനെ നാം പഞ്ഞ മാസം എന്നും വിളിക്കാറുണ്ട്. കർക്കിടകം തുടങ്ങിയാൽ എല്ലാ ഹിന്ദു ഭവനങ്ങളിലും രാമായണം വായിക്കാന്‍ തുടങ്ങും. അതുകൊണ്ടുതന്നെ ഈ മാസം മുഴുവനും രാമായണം പാരായണം ചെയ്യുകയാണ് വേണ്ടത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു മാസത്തെ പാരായണത്തിലൂടെ രാമായണം പൂര്‍ണമായി വായിച്ചു തീര്‍ക്കണമെന്നാണ് വിശ്വാസം. ബാലകാണ്ഡത്തിലെ 'ശ്രീരാമ രാമ രാമ' എന്ന ഭാഗത്തില്‍ നിന്നായിരിക്കണം രാമായണപാരായണം ആരംഭിക്കേണ്ടത്. ഏതൊരു ഭാഗം വായിക്കുന്നതിനുമുന്‍പും ബാലകാണ്ഡത്തിലെ ഈ ഭാഗം പാരായണം ചെയ്തതിനുശേഷം വേണം വായിക്കാന്‍. കർക്കിടകം 4 ആയ ഇന്ന് വായിക്കേണ്ട ഭാഗം നോക്കാം...


Also Read: Devshayani Ekadashi: ദേവശയനി ഏകാദശി, അറിയാം ആരാധന രീതി മുതൽ പാരണവരെ..


സീതാസ്വയംവരം


വിശ്വാമിത്രനും പരമാനന്ദം പ്രാപിച്ചപ്പോള്‍


വിശ്വനായകന്‍ തന്നോടീവണ്ണമരുള്‍ ചെയ്‌താന്‍:


“ബാലകന്മാരെ!പോക മിഥിലാപുരിക്കു ന‍ാം


കാലവും വൃഥാ കളഞ്ഞീടുകയരുതല്ലോ.


യാഗവും മഹദേവചാപവും കണ്ടുപിന്നെ


വേഗമോടയോദ്ധ്യയും പുക്കു താതനെക്കാണ‍ാം.”


ഇത്തരമരുള്‍ചെയ്‌തു ഗംഗയും കടന്നവര്‍


സത്വരം ചെന്നു മിഥിലാപുരമകം പുക്കു.


മുനിനായകനായ കൗശികന്‍ വിശ്വാമിത്രന്‍


മുനിവാടംപ്രാപിച്ചിതെന്നതു കേട്ടനേരം


മനസി നിറഞ്ഞൊരു പരമാനന്ദത്തോടും


ജനകമഹീപതി സംഭ്രമസന്വിതം


പൂജാസാധനങ്ങളുമെടുത്തു ഭക്തിയോടു-


മാചാര്യനോടുമൃഷിവാടംപ്രാപിച്ചനേരം


ആമോദപൂര്‍വ്വം പൂജിച്ചാചാരംപൂണ്ടുനിന്ന


രാമലക്ഷ്മണന്മാരെക്കാണാനായി നൃപേന്ദ്രനും


സൂര്യചന്ദ്രന്മാരെന്നപോലെ ഭൂപാലേശ്വര-


നന്ദന്മാരെക്കണ്ടു ചോദിച്ചു നൃപേന്ദ്രനും:


‘കന്ദര്‍പ്പന്‍ കണ്ടു വന്ദിച്ചീടിന ജഗദേക-


സുന്ദരന്മാരാമിവരാരെന്നു കേള്‍പ്പിക്കേണം.


നരനാരയണന്മാരാകിയ മൂര്‍ത്തികളോ


നരവീരാകാരം കൈക്കൊണ്ടു കാണായതിപ്പോള്‍?’


വിശ്വാമിതനുമതു കേട്ടരുള്‍ചെയ്‌തീടിനാന്‍:


‘വിശ്വസിച്ചാലും മമ വാക്യം നീ നരപതേ!


വീരന‍ാം ദശരഥന്‍‍തന്നുടെ പുത്രന്മാരില്‍


ശ്രീരാമന്‍ ജ്യേഷ്‌ഠനിവന്‍ ലക്ഷ്‌മണന്‍ മൂന്നാമവന്‍.


എന്നുടെ യാഗം രക്ഷിച്ചീടുവാനിവരെ ഞാന്‍


ചെന്നു കൂട്ടിക്കൊണ്ടുപോന്നീടിനാനിതുകാലം.


കാടകംപുക്കനേരം വന്നൊരു നിശാചരി


താടകതന്‍നെയൊരു ബാണംകൊണ്ടെയ്‌തു കൊന്നാന്‍.


പേടിയും തീര്‍ന്നു സിദ്ധാശ്രമം പുക്കു യാഗ-


മാടല്‍കൂടാതെ രക്ഷിച്ചീടിനാന്‍ വഴിപോലെ


ശ്രീപാദ‍ാംബുജരജഃസ്‌പൃഷ്ടികൊണ്ടഹല്യതന്‍


പാപവും നശിപ്പിച്ചു പാവനയാക്കീടിനാന്‍


പരമേശ്വരമായ ചാപത്തെക്കാണ്മാനുള്ളില്‍


പരമാഗ്രഹമുണ്ടു നീയതു കാട്ടിടേണം.’


ഇത്തരം വിശ്വാമിത്രന്‍തന്നുടെ വാക്യം കേട്ടു


സത്വരം ജനകനും പൂജിച്ചുവഴിപോലെ


സല്‍ക്കാരായോഗ്യന്മാര‍ാം രജപുത്രന്മാരെക്ക-


ണ്ടുള്‍ക്കുരുന്നിങ്കല്‍ പ്രീതി വര്‍ദ്ധിച്ച ജനകനും


തന്നുടെ സചിവനെ വിളിച്ചു നിയോഗിച്ചു


“ചെന്നു നീ വരുത്തേണമീശ്വരനുടെ ചാപം”


എന്നതുകേട്ടു മന്ത്രിപ്രവരന്‍ നടകൊണ്ടാ-


നന്നേരം ജനകനും കൗശികനോടു ചൊന്നാന്‍:


“രാജനന്ദനനായ ബാലകന്‍ രഘുവരന്‍


രാജീവലോചനന്‍ സുന്ദരന്‍ ദാശരഥി


വില്ലിതുകുലച്ചുടന്‍ വലിച്ചു മൂറിച്ചീടില്‍


വല്ലഭനിവന്‍ മമ നന്ദനയ്‌ക്കെന്നു നൂനം.”


“എല്ലാമീശ്വരനെന്നേ ചൊല്ലാവിതെനിക്കിപ്പോള്‍


വില്ലിഹ വരുത്തീടു”കെന്നരുള്‍ചെയ്തു മുനി.


കിങ്കരന്മാരെ നിയോഗിച്ചിതു മഹീന്ദ്രനും


ഹുങ്കാരത്തോടു വന്നു ചാപവാഹകന്‍മാരും


സത്വരമയ്യായിരം കിങ്കരന്മാരും കൂടി


മൃത്യുശാസനചഅപമെടുത്തു കൊണ്ടുവന്നാര്‍.


ഘണ്ടാസഹസ്രമണിവസ്ത്രാദി വിഭൂഷിതം


കണ്ടാലും ത്രൈയംബകമെന്നിതു മന്ത്രീന്ദ്രനും.


ചന്ദ്രശേഖരനുടെ പള്ളിവില്‍ കണ്ടു രാമ-


ചന്ദ്രനുമാനന്ദമുള്‍ക്കൊണ്ടു വന്ദിച്ചീടിനാന്‍.


“വില്ലെടുക്കാടാമോ? വലിക്കാമോ?


ചൊല്ലുകെ”ന്നതു കേട്ടുചൊല്ലിനാന്‍ വിശ്വാമിത്രന്‍:


‘എല്ലാമാ,മാകുന്നതു ചെയ്താലും മടിക്കേണ്ട


കല്യാണമിതുമൂലം വന്നുകൂടീടുമല്ലോ’.


മന്ദഹാസവും പൂണ്ടു രാഘവനിതു കേട്ടു


മന്ദംമന്ദം പോയ് ചെന്നുനിന്നു കണ്ടിതു ചാപം.


ജ്വലിച്ച തേജസ്സോടുമെടുത്തു വേഗത്തോടെ


കുലച്ചു വലിച്ചുടന്‍ മുറിച്ചു ജിതശ്രമം


നിന്നരുലുന്നനേരമീരേഴുലോകങ്ങളു-


മൊന്നു മാറ്റൊലിക്കൊണ്ടു, വിസ്മയപ്പെട്ടു ജനം


പാട്ടുമാട്ടവും കൂത്തും പുഷ്‌പവൃഷ്‌ടിയുമോരോ


കൂട്ടമേ വാദ്യങ്ങളും മംഗലസ്തുതികളൂം


ദേവകലൊക്കെപ്പരമാനന്ദം പൂണ്ടു ദേവ-


ദേവനെസേവിക്കയുമപ്‌സരസ്ത്രീകളെല്ല‍ാം


Also Read: Horoscope 20 July 2021: ഇന്ന് ഈ രാശിക്കാർ ശ്രദ്ധിക്കുക, ചതിവ് പറ്റിയേക്കും


ഉത്സാഹം കൈക്കൊണ്ടു വിശ്വേശ്വരനുടെ വിവാ-


ഹോത്സവാരംഭഘോഷം കണ്ടു കൗതുകം പൂണ്ടാര്‍.


ജനകന്‍ ജഗത്‌സ്വാമിയാകിയ ഭഗവാനെ-


ജ്ജനസംസദി ഗാഢാശ്ലേഷവും ചെയ്താനല്ലോ.


ഇടിവെട്ടീടും വണ്ണം വില്‍മുറിഞ്ഞൊച്ച കേട്ടു


നടുങ്ങീ രാജാക്കന്മാരുരഗങ്ങളെപ്പോലെ


മൈഥിലി മയില്‍പ്പേട പോലെ സന്തോഷംപൂണ്ടാള്‍


കൗതുകമുണ്ടായ്‌വന്നു ചേതസി കൗശികനും.


മൈഥിലിതന്നെപ്പരിചാരികമാരും നിജ-


മാതാക്കന്മാരും കൂടി നന്നായിചമയിച്ചാര്‍.


സ്വര്‍ണ്ണവര്‍ണ്ണത്തെപ്പൂണ്ട മൈഥിലി മനോഹരി


സ്വര്‍ണ്ണഭൂഷണങ്ങളുമണിഞ്ഞു ശോഭയോടെ


സ്വര്‍ണ്ണമാലയും ധരിച്ചാദരഅല്‍ മന്ദം മന്ദ-


മര്‍ണ്ണോജനേത്രന്‍ മുന്‍പില്‍ സത്രപം വിനീതയായ്‌


വന്നുടന്‍ നേത്രോത്പലമാലയുമിട്ടാള്‍ മുന്നേ,


പിന്നാലേ വരണാര്‍ത്ഥമാലയുമിട്ടീടിനാള്‍


മാലയും ധരിച്ചു നീലോല്പലകാന്തി തേടും


ബാലകന്‍ ശ്രീരാമനുമേറ്റവും വിളങ്ങീടിനാന്‍.


ഭൂമിനന്ദനയ്‌ക്കനുരൂപനായ് ശോഭിച്ചീടും


ഭൂമിപാലകബാലന്‍തന്നെക്കണ്ടവര്‍കളും


ആനന്ദംബുധിതന്നില്‍ വീണുടന്‍ മുഴുകിനാര്‍


മാനവവീരന്‍ വാഴ്‌കെന്നാശിയും ചൊല്ലീടിനാര്‍


അന്നേരം വിശ്വാമിത്രന്‍ തന്നോടു ജനകനും


വന്ദിച്ചുചൊന്നാ “നിനിക്കാലത്തെക്കളയാതെ


പത്രവും കൊടുത്തയച്ചീടേണം ദൂതന്മാരെ-


സ്സത്വരം ദശരഥഭൂപനെ വരുത്തുവാന്‍.”


Also Read: Ramayana Masam 2021: രാമായണം മൂന്നാം ദിനം പാരായണം ചെയ്യേണ്ട ഭാഗം


വിശ്വാമിത്രനും മിഥിലാധിപന്‍താനും കൂടി


വിശ്വാസം ദശരഥന്‍ തനിക്കു വരുംവണ്ണം


നിശ്ശേഷ വൃത്താന്തങ്ങളെഴുതിയയച്ചിതു


വിശ്രമത്തോടു നടകൊണ്ടിതു ദൂതന്മാരും.


സാകേതപുരി പുക്കു ഭൂപാലന്‍തന്നെക്കണ്ടു


ലോകൈകാധിപന്‍കൈയില്‍ കൊടുത്തു പത്രമതും


സന്ദേശം കണ്‍റ്റു പംക്തിസ്യന്ദനന്‍ താനുമിനി –


സ്സന്ദേഹമില്ല പുറപ്പെടുകെന്നുരചെയ്തു.


അഗ്നിമാനുപാദ്ധ്യായനാകിയ വസിഷ്‌ഠനും


പത്നിയാമരുന്ധതിതാനുമായ് പുറപ്പെട്ടു.


കൗതുകം പൂണ്ടു ചതുരംഗവാഹിനിയോടും


കൗസല്യാദികളായ ഭാര്യമാരോടും കൂടി


ഭരതശത്രുഘ്‌നന്മാരാകിയ പുത്രന്മാരും


പരമോത്സവയോഗ്യവാദ്യഘോഷങ്ങളോടും


മിഥിലാപുരമകം പുക്കിതു ദശരഥന്‍


മിഥിലാധിപന്‍താനും ചെന്നെതിരേറ്റുകൊണ്ടാന്‍.


വന്ദിച്ചു ശതാനന്ദന്‍ തന്നോടും കൂടെച്ചെന്നു


വന്ദ്യന‍ാം വസിഷ്‌ഠനെത്തദനു പത്നിയേയും


അര്‍ഘ്യാപാദ്യാദികളാലര്‍പ്പിച്ചു യഥാവിധി


സത്ക്കരിച്ചിതു യഥായോഗ്യമുര്‍വ്വീന്ദ്രന്‍താനും.


രാമലക്ഷ്‌മണന്മാരും വന്ദിച്ചു പിതാവിനെ-


സ്സാമോദം വസിഷ്‌ഠനാമാചാര്യപാദ‍ാംബ്ജവും


തൊഴുതു മാതൃജനങ്ങളേയും യഥാക്രമം


തൊഴുതു ശ്രീരാമപാദ‍ാംഭോജമനുജന്മാര്‍.


തൊഴുതു ഭരതനെ ലക്ഷ്‌മണകുമാരനും


തൊഴുതു ശത്രുഘ്‌നനും ലക്ഷ്‌മണപാദ‍ാംഭോജം.


വക്ഷസി ചേര്‍ത്തു താതന്‍ രാമനെപ്പുണര്‍ന്നിട്ടു


ലക്ഷ്‌മണനെയും ഗാഢാശ്ലേഷവും ചെയ്തീടിനാന്‍


ജനകന്‍ ദശരഥന്‍ തന്നുടെ കൈയുംപിടി-


ച്ചനുമോദത്തോടുരചെയ്തിതു മധുരമായ്‌:


“നാലു കന്യകമാരുണ്ടെനിക്കു കൊടുപ്പാനായ്‌


നാലുപുത്രന്മാര്‍ ഭവാന്‍തനിക്കുണ്ടല്ലോതാനും


ആകയാല്‍ നാലു കുമാരന്മാര്‍ക്കും വിവാഹം ചെ-


യ്‌താകിലോ നിരൂപിച്ചാലേതുമേ മടിക്കേണ്ട.”


Also Read: Ramayana Masam 2021: രാമായണ പാരായണത്തിന് അനുഷ്ഠിക്കേണ്ട ചിട്ടകൾ അറിയാം


വസിഷ്‌ഠന്‍താനും ശതാനന്ദനും കൗശികനും


വിധിച്ചു മുഹൂര്‍ത്തവും നാല്വര്‍ക്കും യഥാക്രമം


ചിത്രമായിരിപ്പൊരു മണ്ഡപമതും തീര്‍ത്തു


മുത്തുമാലകള്‍ പുഷ്പഫലങ്ങള്‍ തൂക്കി നാനാ-


രത്നമണ്ഡിത സ്തംഭതോരണങ്ങളും നാട്ടി


രത്നമണ്ഡിതസ്വര്‍ണ്ണപീഠവും വച്ചു ഭക്ത്യാ


ശ്രീരാമപാദ‍ാംഭോജം കഴുകിച്ചനന്തരം


ഭേരിദുന്ദുഭിമുഖ്യവാദ്യഘോഷങ്ങളോടും


ഹോമവും കഴിച്ചു തന്‍പുത്രിയ‍ാം വൈദേഹിയെ


രാമനു നല്‍കീടിനാന്‍ ജനകമഹീന്ദ്രനും.


തല്പാദതീര്‍ത്ഥം നിജ ശിരസി ധരിച്ചുട-


നാള്‍പുളക‍ാംഗത്തോടെ നിന്നിതു ജനകനും.


യാതൊരു പാദതീര്‍ത്ഥം ശിരസി ധരിക്കുന്നു


ഭൂതേശവിധിമുനീന്ദ്രാദികള്‍ ഭക്തിയോടെ.


ഊര്‍മ്മിളതന്നെ വേട്ടു ലക്ഷ്‌മണകുമാരനും


കാമ്യ‍ാംഗിമാര‍ാം ശ്രുതകീര്‍ത്തിയും മാണ്ഡവിയും


ഭരത ശത്രുഘ്നന്‍മാര്‍ തന്നുടെ പത്നിമാരായ്;


പരമാനന്ദംപൂണ്ടു വസിച്ചാരെല്ലാവരും.


കൗശികാത്മജനോടും വസിഷ്‌ഠനോടും കൂടി


വിശദസ്മിതപൂര്‍വ്വം പറഞ്ഞു ജനകനും:


“മുന്നം നാരദനരുള്‍ചെയ്തു കേട്ടിരിപ്പു ഞാ-


നെന്നുടെ മകളായ സീതാവൃത്താന്തമെല്ല‍ാം


യാഗഭൂദേശം വിശുദ്ധ്യാര്‍ത്ഥമായുഴുതപ്പോ-


ളേകദാ സിതാമദ്ധ്യേ കാണായി കന്യാരത്നം


ജാതയായൊരു ദിവ്യകന്യകതനിക്കു ഞാന്‍


സീതയെന്നൊരു നാമം വിളിച്ചേനേതുമൂലം


പുത്രിയായ് വളര്‍ത്തു ഞാനിരിക്കും കാലത്തിങ്ക-


ലത്ര നാരദനെഴുന്നള്ളിനാനൊരുദിനം


എന്നോടു മഹാമുനിതാനരുള്‍ചയ്‌താനപ്പോള്‍:


‘നിന്നുടെ മകളായ സീതാവൃത്താന്തം കേള്‍ നീ


പരമാനന്ദമൂര്‍ത്തി ഭഗവാന്‍ നാരായണന്‍


പരമാത്മാവാമജന്‍ ഭക്തവത്സലന്‍ നാഥന്‍


ദേവകാര്യാര്‍ത്ഥം പംക്തികണ്ഠനിഗ്രഹത്തിനായ്


ദേവേന്ദ്രവിരിഞ്ചരുദ്രാദികളര്‍ത്ഥിക്കയാല്‍


ഭൂമിയില്‍ സൂര്യാന്വയേ വന്നവതരിച്ചിതു


രാമനായ് മായാമര്‍ത്ത്യവേഷം പൂണ്ടറിഞ്ഞാലും.


Also Read: Ganesh Puja:ഗണപതിയ്ക്ക് ബുധനാഴ്ച ഇപ്രകാരം പൂജ ചെയ്യു, വിഘ്നങ്ങൾ ഒഴിയുന്നതോടൊപ്പം ശനിദേവനും പ്രസാദിക്കും


യോഗേശ്വരന്‍ മനുഷ്യനായിടുമ്പോളതുകാലം


യോഗമായാദേവിയും മാനുഷവേഷത്തോടെ


ജാതയായിതു തവ വേശ്മനി തല്‍ക്കാരണാല്‍


സാദരം ശ്രീരാമനു കൊടുക്ക മടിയാതെ’


ഇത്ഥം നാരദനരുളിച്ചെയ്‌തു മറഞ്ഞിതു


പുത്രിയായ് വളര്‍ത്തിതു ഭക്തികൈക്കൊണ്ടു ഞാനും


സീതയെ ശ്രീരാഘവനെങ്ങനെ കൊടുക്കാവൂ!


ചേതസി നിരൂപിച്ചാലെങ്ങനെയറിയുന്നു?


എന്നതോര്‍ത്തിരിക്കുമ്പോളൊന്നു മാനസേ തോന്നി


പന്നഗവിഭൂഷണന്‍തന്നനുഗ്രഹശക്ത്യാ.


മൃത്യുശാസനാചഅപം മുറിച്ചീടുന്ന പുമാന്‍


ഭര്‍ത്താവാകുന്നതു മല്പുത്രിക്കെന്നൊരു പണം


ചിത്തത്തില്‍ നിരൂപിച്കുവരുത്തി നൃപന്മാരെ


ശക്തിയില്ലിതിനെന്നു പൃഥ്വീപാലകന്മാരും


ഉദ്ധതഭാവമെല്ലാമകലെക്കളഞ്ഞുടന്‍


ബുദ്ധിയും കെട്ടുപോയങ്ങടങ്ങിക്കൊണ്ടാരല്ലോ


അത്ഭുതപുരുഷനാമുല്പലനേത്രന്‍തന്നെ


ത്വല്പ്രസാദത്തിലിന്നു സിദ്ധിച്ചേന്‍ ഭാഗ്യവശാല്‍.”


ദര്‍പ്പകസമനായ ചില്പുരുഷനെ നോക്കി


പില്പാടു തെളിഞ്ഞുരചെയ്‌തിതു ജനകനും:


“അദ്യ മേ സഫലമായ് വന്നു മാനുഷജന്മം


ഖദ്യോതായുതസഹസ്രോദ്യോതരൂപത്തൊടും


ഖദ്യോതാന്വയേ പിറന്നൊരു നിന്തിരുവടി


വിദ്യുത്സംയുതമായ ജീമൂതമെന്നപോലെ


ശക്തിയ‍ാം ദേവിയോടും യുക്തനായ് കാണ്‍കമൂലം


ഭക്തവത്സല! മമ സിദ്ധിച്ചു മനോരഥം.


രക്തപങ്കജചരണാഗ്രേ സന്തതം മമ


ഭക്തി സംഭവിക്കേണം മുക്തിയും ലഭിക്കേണം


ത്വല്‍ പാദ‍ാംബുജഗളീത‍ാംബു ധാരണം കൊണ്ടു


സര്‍പ്പഭൂഷണന്‍ ജഗത്തൊക്കെസ്സംഹരിക്കുന്നു;


ത്വല്‍ പാദ‍ാംബുജഗളീത‍ാംബുധാരണം കൊണ്ടു


സല്പുമാന്‍ മഹാബലി സിദ്ധിച്ചാനൈന്ദ്രം പദം


ത്വല്‍ പാദ‍ാംബുജരജഃ സ്പൃഷ്ടികൊണ്ടഹല്യയും


കില്‌ബിഷത്തോടു വേര്‍പെട്ടു നിര്‍മ്മലയാള്‍.


Also Read: കാളഹസ്തിയിലെ പാതാള ഗണപതിയെക്കുറിച്ച് അറിയാം...


നിന്തിരുവടിയുടെ നാമകീര്‍ത്തനം കൊണ്ടു


ബന്ധവുമകന്നു മോക്ഷത്തെയും പ്രാപിക്കുന്നു


സന്തതം യോഗസ്ഥന്‍മാരാകിയ മുനീന്ദ്രന്മാര്‍;


ചിന്തിക്കായ് വരേണമേ പാദപങ്കജദ്വയം”


ഇത്ഥമോരോന്നേ ചൊല്ലി സ്തുതിച്ചു ജനകനും


ഭക്തികൈക്കൊണ്ടു കൊടുത്തീടിനാന്‍ മഹാധനം;


കരികളറുനൂറും പതിനായിരം തേരും


തുരഗങ്ങളെയും നല്‍കീടിനാന്‍ നൂറായിരം;


പത്തിയുമൊരുലക്ഷം മുന്നൂറു ദാസികളും


വസ്ത്രങ്ങള്‍ ദിവ്യങ്ങളായുള്ളതും ബഹുവിധം.


മുത്തുമാലകള്‍ ദിവ്യരത്നങ്ങള്‍ പലതരം


പ്രത്യേകം നൂറുകോടിക്കാഞ്ചനഭാരങ്ങളും


സീതാദേവിക്കു കൊടുത്തീടിനാന്‍ ജനകനും;


പ്രീതികൈക്കൊണ്ടു പരിഗ്രഹിച്ചു രാഘവനും.


വിധിനന്ദനപ്രമുഖന്മാര‍ാം മുനികളെ


വിധിപൂര്‍വ്വം ഭക്ത്യാ പൂജിച്ചു വണങ്ങിനാന്‍.


സമ്മാനിച്ചിതു സുമന്ത്രാദി മന്ത്രികളെയും


സമ്മോദം പൂണ്ടു ദശരഥനും പുറപ്പെട്ടു


കല്‌മഷമകന്നൊരു ജനകനൃപേന്ദ്രനും


തന്മകളായ സീതതന്നെയുമാശ്ലേഷിച്ചു


നിര്‍മ്മലഗാത്രിയായ പുത്രിക്കു പതിവ്രതാ-


ധര്‍മ്മങ്ങളെല്ലാമുപദേശിച്ചു വഴിപോലെ.


ചിന്മയന്‍ മായാമയനായ രാഘവന്‍ നിജ-


ധര്‍മ്മാദാരങ്ങളൊടും കൂടവേ പുറപ്പെട്ടു.


മൃദംഗാനകഭേരീതൂര്യാഘോഷങ്ങളോടും


മൃദുഗാനങ്ങള്‍ തേടും വീനയും കുഴലുകള്‍


ശൃംഗകാഹളങ്ങളും മദ്ദളമിടക്കകള്‍


ശൃംഗാരരസപരിപൂര്‍ണ്ണവേഷങ്ങളോടും


ആന തേര്‍ കുതിര കാലാളായ പടയോടു-


മാനന്ദമോടും പിതൃമാതൃഭ്രാതാക്കളോടും


കൗശികവസിഷ്‌ഠാദിതാപസേന്ദ്രന്മാരായ


ദേശികന്മാരോടും ഭൃത്യാമാത്യാദികളോടും


വേഗമോടെഅയോദ്ധ്യയ്‌ക്കാമ്മാറങ്ങു തിരിച്ചപ്പോ-


ളാകാശദേശേ വിമാനങ്ങളും നിറഞ്ഞുതേ.


സന്നാഹത്തോടു നടന്നീടുമ്പോള്‍ ജനകനും


പിന്നാലെ ചെന്നു യാത്രയയച്ചോരനന്തരം


വെണ്‍കൊറ്റക്കുട തഴ വെണ്‍ചാമരങ്ങളോടും


തിങ്കള്‍മണ്ഡലം തൊഴുമാലവട്ടങ്ങളോടും


ചെങ്കൊടിക്കൂറകള്‍കൊണ്ടങ്കിതധ്വജങ്ങളും


കുങ്കുമമലയജകസ്തൂരിഗന്ധത്തോടും


നടന്നു വിരവോടു മൂന്നു യോജന വഴി


കടന്നനേരം കണ്ടു ദുര്‍ന്നിമിത്തങ്ങളെല്ല‍ാം.


ഭാര്‍ഗ്ഗവഗര്‍വശമനം
അന്നേരം വസിഷ്ഠനെ വന്ദിച്ചു ദശരഥന്‍


“ദുര്‍നിമിത്തങ്ങളുടെ കാരണം ചൊല്ലുകെ”ന്നാന്‍.


“മന്നവ!കുറഞ്ഞോരു ഭീതിയുണ്ടാകുമിപ്പോള്‍


പിന്നേമഭയമുണ്ടാമെന്നറിഞ്ഞാലും,


ഏതുമേ പേടിക്കേണ്ട നല്ലതേ വന്നുകൂടൂ


ഖേദവുമുണ്ടാകേണ്ട കീര്‍ത്തിയും വര്‍ദ്ധിച്ചീടും.”


ഇത്തരം വിധിസുതനരുളിച്ചെയ്യുന്നെരം


പദ്ധതിമദ്ധ്യേ കാണായ്‌വന്നു ഭാര്‍ഗ്ഗവനെയും.


നീലനീരദനിഭനിര്‍മ്മലവര്‍ണ്ണത്തോടും


നീലലോഹിതശിഷ്യന്‍ ബഡവാനലസമന്‍


ക്രുദ്ധനായ് പരശുബാണാസനങ്ങളും പൂണ്ടു


പദ്ധതിമദ്ധ്യേ വന്നുനിന്നപ്പോള്‍ ദശരഥന്‍


ബദ്ധസാധ്വസം വീണു നമസ്കാരവും ചെയ്താന്‍;


ബുദ്ധിയും കെട്ടുനിന്നു മറ്റുള്ള ജനങ്ങളും.


ആര്‍ത്തനായ് പംക്തിരഥന്‍ ഭാര്‍ഗ്ഗവരാമന്‍ തന്നെ-


പ്പേര്‍ത്തു വന്ദിച്ചു ഭക്ത്യാ കീര്‍ത്തിച്ചാന്‍ പലതരം:


“കാര്‍ത്തവീര്യാരേ! പരിത്രാഹി മ‍ാം തപോനിധേ!


മാര്‍ത്താണ്ഡകുലം പരിത്രാഹി കാരുണ്യ‍ാംബുധേ!


ക്ഷത്രിയാന്തക! പരിത്രാഹി മ‍ാം ജമദഗ്നി-


പുത്ര!മ‍ാം പരിത്രാഹി രേണുകാത്മജ! വിഭോ!


പരശുപാണേ! പരിപാലയ കുലം മമ


പരമേശ്വരപ്രിയ! പരിപാലയ നിത്യം.


പാര്‍ത്ഥിവസമുദായരക്തതീര്‍ത്ഥത്തില്‍ കുളി-


ച്ചാസ്ഥയാ പിതൃഗണതര്‍പ്പണംചെയ്ത നാഥ!


കാത്തുകൊള്ളുക തപോവാരിധേ!ഭൃഗുപതേ!


കാല്‍ത്തളിരിണ തവ ശരണം മമ വിഭോ!”


ഇത്തരം ദശരഥന്‍ ചൊന്നതാദരിയാതെ


ബദ്ധരോഷേണ വഹ്നിജ്വാല പൊങ്ങീടുംവണ്ണം


വക്ത്രവും മദ്ധ്യാഹ്നാര്‍ക്കമണ്ഡലമ്പോലെ ദീപ്ത്യാ


സത്വരം ശ്രീരാമനോടരുളിച്ചെയ്തീടിനാന്‍:


“ഞാനൊഴിഞ്ഞുണ്ടോ രാമനിതിഭുവനത്തിങ്കല്‍?


മാനവനായ ഭവാന്‍ ക്ഷത്രിയനെന്നാകിലോ


നില്ലുനില്ലരക്ഷണമെന്നോടു യുദ്ധം ചെയ്‌വാന്‍;


വില്ലിങ്കല്‍ നിനക്കേറ്റം വല്ലഭമുണ്ടല്ലോ കേള്‍.


നീയല്ലോ ബലാല്‍ ‍ശൈവചാപം ഖണ്ഡിച്ചതെന്റെ


കയ്യിലുണ്ടൊരു ചാപം വൈഷ്ണവം മഹാസാരം


ക്ഷത്രിയകുലജാതന്‍ നീയിതുകൊണ്ടു


സത്വരം പ്രയോഗിക്കിന്‍ നിന്നോടു യുദ്ധം ചെയ്‌വന്‍.


അല്ലായ്‌കില്‍ കൂട്ടത്തോടെ സംഹരിച്ചീടുന്നതു-


ണ്ടില്ല സന്ദേഹമെനിക്കെന്നതും ധരിച്ചാലും


ക്ഷത്രിയകുലാന്തകന്‍ ഞാനെന്നതറിഞ്ഞീലേ?


ശത്രുത്വം നമ്മില്‍ പണ്ടുപണ്ടേയുണ്ടെന്നോര്‍ക്ക നീ”.


രേണുകാത്മജനേവം പറഞ്ഞോരന്തരം


ക്ഷോണിയും പാരമൊന്നു വിറച്ചു ഗിരികളും


അന്ധകാരം കൊണ്ടൊക്കെ മറഞ്ഞു ദിക്കുകളും


സിന്ധുവാരിയുമൊന്നു കലങ്ങി മറിഞ്ഞിതു.


എന്തോന്നുവരുന്നിതെന്നോര്‍ത്തു ദേവാദികളും


ചിന്തപൂണ്ടുഴന്നിതു താപസവരന്മാരും


പംക്തിസ്യന്ദനന്‍ ഭീതികൊണ്ടു വേപഥപൂണ്ടു,


സന്താപമുണ്ടായ് വന്നു വിരിഞ്ചതനയനും.


Also Read: ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്തിയാൽ..


മുഗ്ദഭാവവുംപൂണ്ടു രാമന‍ാം കുമാരനും


ക്രുദ്ധന‍ാം പരശുരാമന്‍തന്നോടരുള്‍ ചെയ്‌തു:


“ചൊല്ലെഴും മഹാനുഭാവന്മാര‍ാം പ്രൗഢാത്മാക്കള്‍


വല്ലാതെ ബാലന്മാരോടിങ്ങനെ തുടങ്ങിയാല്‍


ആശ്രയമവര്‍ക്കെന്തോന്നുള്ളതു തപോനിധേ!


സ്വാശ്രമകുലധര്‍മ്മമെങ്ങനെ പാലിക്കുന്നു?


നിന്തിരുവടിതിരുവുള്ളത്തിലേറുന്നതി-


ന്നന്തരമുണ്ടോ പിന്നെ വരുന്നു നിരൂപിച്ചാല്‍?


അന്ധനായിരിപ്പൊരു ബാലകനുണ്ടോ ഗുണ-


ബന്ധനം ഭവിക്കുന്നു സന്തതം ചിന്തിച്ചാലും.


ക്ഷത്രിയകുലത്തിങ്കലുത്ഭവിക്കയും ചെയ്‌തേന്‍


ശസ്ത്രാസ്ത്രപ്രയോഗസാമര്‍ത്ഥ്യമില്ലല്ലോതാനും.


ശത്രുമിത്രോദാസീനഭേദവുമെനിക്കില്ല


ശത്രുസംഹാരംചെയ്‌വാന്‍ ശക്തിയുമില്ലല്ലോ.


അന്തകാന്തകന്‍പോലും ലംഘിച്ചീടുന്നതല്ല


നിന്തിരുവടിയുടെ ചിന്തിത,മതുമൂലം


വില്ലിങ്ങുതന്നാലും ഞാനാകിലോ കുലച്ചീടാ-


മല്ലെങ്കില്‍ തിരുവുള്ളക്കേടുമുണ്ടാകവേണ്ട.”rama-parasurama1


സുന്ദരന്‍ സുകുമാരനിന്ദിരാപതി രാമന്‍


കന്ദര്‍പ്പകളേബരന്‍ കഞ്ജലോചനന്‍ പരന്‍


ചന്ദ്രചൂഡാരവിന്ദമന്ദിരമഹേന്ദ്രാദി


വൃന്ദാരകേന്ദ്രമുനിവൃന്ദവന്ദിതന്‍ ദേവന്‍


മന്ദഹാസവും പൂണ്ടു വന്ദിച്ചു മന്ദേതരം


നന്ദിച്ചു ദശരഥ നന്ദനന്‍ വില്ലും വാങ്ങി


നിന്നരുളുന്നനേരമീരേഴു ലോകങ്ങളുമൊ


ന്നിച്ചു നിറഞ്ഞൊരു തേജസ്സു കാണായ്‌വന്നു.


കുലച്ചു ബാണമേകമെടുത്തു തൊടുത്താശു


വലിച്ചു നിറച്ചുടന്‍ നിന്നിതു ജിതശ്രമം


ചോദിച്ചു ഭൃഗുപതിതന്നോടു രഘുപതി:


‘മോദത്തോടരുളിച്ചെയ്തീടണം ദയാനിധേ!


മാര്‍ഗ്ഗണം നിഷ്ഫലമായ്‌വരികയില്ല മമ


ഭാര്‍ഗ്ഗവരാമ! ലക്ഷ്യം കാട്ടിത്തന്നീടവേണം!’


ശ്രീരാമവചനംകേട്ടന്നേരം ഭാര്‍ഗ്ഗവനു-


മാരൂഡാനന്ദമതിനുത്തരമരുള്‍ചെയ്തു:


ശ്രീരാമ! രാമ! മഹാബാഹോ! ജാനകീപതേ!


ശ്രീരമണാത്മാരാമ! ലോകാഭിരാമ! രാമ!


ശ്രീരാമ! സീതാഭിരാമാനന്ദാത്മക! വിഷേ്ണാ!


ശ്രീരാമ രാമ! രമാരമണ! രഘുപതേ!


ശ്രീരാമ രാമ! പുരുഷോത്തമ! ദയാനിധേ!


ശ്രീരാമ! സൃഷ്ടിസ്ഥിതിപ്രളയഹേതുമൂര്‍ത്തേ!


ശ്രീരാമ! ദശരൗനെന്ദന! ഹൃഷീകേശ!


ശ്രീരാമരാമരാമ! കൌസല്യാത്മജ! ഹരേ!


എങ്കിലോ പുരാവൃത്തം കേട്ടുകൊണ്ടാലും മമ


പങ്കജവിലോചന! കാരുണ്യവാരാന്നിധേ!


ചക്രതീര്‍ത്ഥത്തിങ്കല്‍ചെന്നെത്രയും ബാല്യകാലേ


ചക്രപാണിയെത്തന്നെ തപസ്സു ചെയ്‌തേന്‍ ചിരം


ഉഗ്രമാം തപസ്സുകൊണ്ടിന്ദ്രിയങ്ങളെയെല്ലാം


നിഗ്രഹിച്ചനുദിനം സേവിച്ചേന്‍ ഭഗവാനെ.


വിഷ്ണു കൈവല്യമൂര്‍ത്തി ഭഗവാന്‍ നാരായണന്‍


ജിഷ്ണുസേവിതന്‍ ഭജനീയനീശ്വരന്‍ നാരായണന്‍


മാധവന്‍ പ്രസാദിച്ചു മല്‍ പുരോഭാഗേ വന്നു


സാദരം പ്രത്യക്ഷനായരുളിച്ചെയ്തീടിനാന്‍!


‘ഉത്തിഷേ്ഠാത്തിഷ്ഠ ബ്രഹ്മന്‍! തുഷ്ടോഹം തപസാ തേ


സിദ്ധിച്ചു സേവാഫലം നിനക്കെന്നറിഞ്ഞാലും


മത്തേജോയുക്തന്‍ ഭവാനെന്നതുമറിഞ്ഞാലും.


കര്‍ത്തവ്യം പലതുണ്ടു ഭവതാ ഭൃഗുപതേ!


കൊല്ലണം പിതൃഹന്താവാകിയ ഹേഹയനെ


ചൊല്ലെഴും കാര്‍ത്തവീര്യാര്‍ജ്ജുനനാം നൃപേന്ദ്രനെ


വല്ലജാതിയു,മവന്‍ മല്ക്കലാംശജനല്ലോ


വല്ലഭം ധനുര്‍വേദത്തിന്നവനേറുമല്ലോ.


ക്ഷത്രിയവംശമിരുപത്തൊന്നു പരിവൃത്തി


യുദ്ധേ നിഗ്രഹിച്ചു കശ്യപനു ദാനം ചെയ്ക


പൃഥ്വീമണ്ഡലമൊക്കെ, പ്പിന്നെശ്ശാന്തിയെപ്രാപി-


ച്ചുത്തമമായ തപോനിഷ്ഠയാ വസിച്ചാലും.


പിന്നെ ഞാന്‍ ത്രേതായുഗേ ഭൂമിയില്‍ ദശരഥൻ


തന്നുടെ തനയനായ്‌വന്നവതരിച്ചീടും.


അന്നു കണ്ടീടാം തമ്മിലെന്നാലെന്നുടെ തേജ-


സ്സന്യൂനം ദാശരഥി തന്നിലാക്കീടുക നീ.


പിന്നെയും തപസ്സുചെയ്താബ്രഹ്മപ്രളയാന്ത-


മെന്നെസ്സേവിച്ചു വസിച്ചീടുക മഹാമുനേ!’


എന്നരുള്‍ചെയ്തു മറഞ്ഞീടിനാന്‍ നാരായണന്‍


തന്നിയോഗങ്ങളെല്ലാം ചെയ്തിതു ഞാനും നാഥാ!


നിന്തിരുവടിതന്നെ വന്നവതരിച്ചോരു


പംക്തിസ്യന്ദനസുതനല്ലോ നീ ജഗല്പതേ!


എങ്കലുള്ളൊരു മഹാവൈഷ്ണവതേജസ്സെല്ലാം


നിങ്കലാക്കീടുവാനായ് തന്നിതു ശരാസനം


ബ്രഹ്മാദിദേവകളാല്‍ പ്രാര്‍ത്ഥിയ്ക്കപ്പെട്ടുള്ളോരു


കര്‍മ്മങ്ങള്‍ മായാബലംകൊണ്ടു സാധിപ്പിയ്ക്ക നീ.


സാക്ഷാല്‍ ശ്രീനാരായണന്‍താനല്ലോ ഭവാന്‍ ജഗല്‍സാ


ക്ഷിയായിടും വിഷ്ണു ഭഗവാന്‍ ജഗന്മയന്‍.


ഇന്നിപ്പോള്‍ സഫലമായ് വന്നിതു മമ ജന്മം


മുന്നം ചെയ്‌തൊരു തപസ്സാഫല്യമെല്ലാം വന്നു.


ബ്രഹ്മമുഖ്യന്മാരാലും കണ്ടു കിട്ടീടാതൊരു


നിര്‍മ്മലമായ രൂപം കാണായ് വന്നതുമൂലം


ധന്യനായ് കൃതാര്‍ത്ഥനായ് സ്വസ്ഥനായ് വന്നേനല്ലോ;


നിന്നുടെ രൂപമുള്ളില്‍ സന്തതം വസിയേ്ക്കണം.


അജ്ഞാനോല്‍ഭവങ്ങളാം ജന്മാദിഷഡ്ഭാവങ്ങള്‍


സുജ്ഞാനസ്വരൂപനാം നിങ്കലില്ലല്ലോ പോറ്റീ!


നിര്‍വ്വികാരത്മാ പരിപൂര്‍ണ്ണനായിരിപ്പൊരു


നിര്‍വ്വാണപ്രദനല്ലോ നിന്തിരുവടി പാര്‍ത്താല്‍.


വഹ്നിയില്‍ ധൂമം പോലെ വാരിയില്‍ നുര പോലെ


നിന്നുടെ മഹാമായാവൈഭവം ചിത്രം! ചിത്രം!


യാവത്തര്യന്തം മായാസംവൃതം ലോകമോര്‍ത്താല്‍


താവത്തര്യന്തമറിയാവതല്ല ഭവത്തത്ത്വം.


സത്സംഗംകൊണ്ടു ലഭിച്ചീടിന ഭക്തിയോടും


ത്വല്‍സേവാരതന്മാരാം മാനുഷര്‍ മെല്ലെ മെല്ലെ


ത്വന്മായാരചിതമാം സംസാരപാരാവാരം


തന്മറുകരയേറീടുന്നിതു കാലംകൊണ്ടേ.


ത്വല്‍ജ്ഞാനപരന്മാരാം മാനുഷജനങ്ങള്‍ക്കുള്ളജ്ഞാ


നം നീക്കുവോരു സല്‍ഗുരു ലഭിച്ചീടും.


സല്‍ഗുരുവരങ്കല്‍നിന്നമ്പോടു വാക്യജ്ഞാനമുള്‍ക്കാ


മ്പിലുദിച്ചീടും ത്വല്‍പ്രസാദത്താലപ്പോള്‍.


കര്‍മ്മബന്ധത്തിങ്കല്‍നിന്നാശു വേര്‍പെട്ടു ഭവല്‍


ചിന്മയപദത്തിങ്കലാഹന്ത! ലയിച്ചീടും.


Also Read: Kamakhya ക്ഷേത്രത്തിന്റെ രഹസ്യം അറിഞ്ഞാൽ ശരിക്കും നിങ്ങൾ ഞെട്ടും


ത്വല്‍ഭക്തിവിഹീനന്മാരായുള്ള ജനങ്ങള്‍ക്കു


കല്പകോടികള്‍കൊണ്ടും സിദ്ധിയ്ക്കയില്ലയല്ലോ.


വിജ്ഞാനജ്ഞാനസുഖം മോക്ഷമെന്നറിഞ്ഞാലും


അജ്ഞാനം നീക്കി ത്വല്‍ബോധം മമ സിദ്ധിയേ്ക്കണം.,


ആകയാല്‍ ത്വത്താദപത്മങ്ങളില്‍ സദാകാല


മാകുലംകൂടാതൊരു ഭക്തി സംഭവിയേ്ക്കണം.


നമസ്തേ ജഗത്പതേ! നമസ്തേ രമാപതേ!


നമസ്തേ ദാശരധെ നമസ്തേ സതാം പതേ!


നമസ്തേ വേദപതേ! നമസ്തേ ദേവപതേ!


നമസ്തേ മഖപതേ! നമസ്തേ ധരാപതേ!


നമസ്തേ ധര്‍മ്മപതേ! നമസ്തേ സീതാപതേ!


നമസ്തേ കാരുണ്യാബ്ധേ! നമസ്തേ ചാരുമൂര്‍ത്തേ!


നമസ്തേ രാമ രാമ! നമസ്തേ രാമചന്ദ്ര!


നമസ്തേ രാമ രാമ! നമസ്തേ രാമഭദ്ര!


സന്തതം നമോസ്തു തേ ഭഗവന്‍! നമോസ്തു തേ


ചിന്തയേ ഭവച്ചരണാംബുജം നമോസ്തു തേ


സ്വര്‍ഗ്ഗതിയ്ക്കായിട്ടെന്നാല്‍ സഞ്ചിതമായ പുണ്യ-


മൊക്കെ നിന്‍ ബാണത്തിനു ലക്ഷ്യമായ് ഭവിയേ്ക്കണം.’


എന്നതു കേട്ടു തെളിഞ്ഞന്നേരം ജഗന്നാൗന്‍െ


മന്ദഹാസവും ചെയ്തു ഭാര്‍ഗ്ഗവനോടു ചൊന്നാന്‍:


‘സന്തോഷം പ്രാപിച്ചേന്‍ ഞാന്‍ നിന്തിരുവടിയുള്ളിലെ


ന്തോന്നു ചിന്തിച്ചതെന്നാലവയെല്ലാം തന്നേന്‍’


പ്രീതികൈക്കൊണ്ടു ജമദഗ്നിപുത്രനുമപ്പോള്‍


സാദരം ദശരഥ പുത്രനോടരുള്‍ ചെയ്തു:


‘ഏതാനുമനുഗ്രഹമുണ്ടെന്നെക്കുറിച്ചെങ്കില്‍


പാദഭക്തന്മാരിലും പാദപത്മങ്ങളിലും


ചേതസി സദാകാലം ഭക്തി സംഭവിയേ്ക്കണം


മാധവ! രഘുപതേ! രാമ! കാരുണ്യാംബുധേ!


ഇസ്തോത്രം മയാ കൃതം ജപിച്ചീടുന്ന പുമാന്‍


ഭക്തനായ് തത്വജ്ഞനായീടേണം, വിശേഷിച്ചും


മൃത്യു വന്നടുക്കുമ്പോള്‍ ത്വത്താദാംബുജസ്മൃതി


ചിത്തേ സംഭവിപ്പതിന്നായനുഗ്രഹിയേ്ക്കണം.’


‘അങ്ങനെ തന്നെ’യെന്നു രാഘവന്‍ നിയോഗത്താല്‍


തിങ്ങിന ഭക്തിപൂണ്ടു രേണുകാതനയനും


സാദരം പ്രദക്ഷിണം ചെയ്തു കുമ്പിട്ടു കൂപ്പി


പ്രീതനായ്‌ചെന്നു മഹേന്ദ്രാചലം പുക്കീടിനാന്‍.


ഭൂപതി ദശരഥൻതാനതിസന്തുഷ്ടനായ്


താപവുമകന്നു തന്‍പുത്രനാം രാമന്‍തന്നെ


ഗാഡമായാശ്ലേഷം ചെയ്താനന്ദാശ്രുക്കളോടും


പ്രൌഡാത്മാവായ വിധിനന്ദനനോടും കൂടി


പുത്രന്മാരോടും പടയോടും ചെന്നയോദ്ധ്യയില്‍


സ്വസ്ഥമാനസനായ് വാണീടിനാന്‍ കീര്‍ത്തിയോടെ.


ശ്രീരാമാദികള്‍ നിജഭാര്യമാരോടും കൂടി


സ്വൈരമാനസന്മാരായ് രമിച്ചുവാണീടിനാരെല്ലാവരും.


വൈകുണ്ഠപുരിതന്നില്‍ ശ്രീഭഗവതിയോടും


വൈകുണ്ഠന്‍ വാഴും പോലെ രാഘവന്‍ സീതയോടും


ആനന്ദമൂര്‍ത്തി മായാമാനുഷവേഷം കൈക്കൊ


ണ്ടാനന്ദം പൂണ്ടു വസിച്ചീടിനാനനുദിനം.


കേകയനരാധിപനാകിയ യുധാജിത്തും


കൈകേയീതനയനെ കൂട്ടിക്കൊണ്ടങ്ങു ചെല്‍വാന്‍


ദൂതനെയയച്ചതു കണ്ടൊരു ദശരൗന്‍െ


സോദരനായ് മേവീടും ശത്രുഘ്‌നനോടും കൂടി


സാദരം ഭരതനെപ്പോവാനായ് നിയോഗിച്ചാ


നാദരവോടും നടന്നീടിനാരവര്‍കളും.


മാതുലന്‍തന്നെക്കണ്ടു ഭരതശത്രുഘ്‌നന്മാര്‍


മോദമുള്‍ക്കൊണ്ടു വസിച്ചീടിനാരതുകാലം.


മൈൗിെലിയോടും നിജനന്ദനനോടും ചേര്‍ന്നു


കൌസല്യാദേവിതാനും പരമാനന്ദം പൂണ്ടാള്‍.


രാമലക്ഷ്മണന്മാരാം പുത്രന്മാരോടും നിജ


ഭാമിനിമാരോടുമാനന്ദിച്ചു ദശരഥന്‍


സാകേതപുരിതന്നില്‍ സുഖിച്ചു വാണീടിനാന്‍


പാകശാസനനമരാലയേ വാഴുംപോലെ.


നിര്‍വ്വികാരാത്മാവായ പരമാനന്ദമൂര്‍ത്തി


സര്‍വ്വലോകാനന്ദാര്‍ത്ഥം മനുഷ്യാകൃതിപൂണ്ടു


തന്നുടെ മായാദേവിയാകിയ സീതയോടുമൊ


ന്നിച്ചുവാണാനയോദ്ധ്യാപുരിതന്നിലന്നേ.


ഇതി അദ്ധ്യാത്മരാമായണേ ഉമാമഹേശ്വരസംവാദേ ബാലകാണ്ഡം സമാപ്തം


കര്‍ക്കടകത്തിലെ ദുസ്ഥിതികള്‍ നീക്കി മനസ്സിനു ശക്‌തി പകരാനുള്ള വഴിയാണ് രാമായണ പാരായണം. ആദ്യന്തം ദുഃഖം നിറഞ്ഞതാണ് രാമകഥ എന്നത് ഏവർകും അറിയാവുന്ന കാര്യമാണല്ലോ. അവതാര പുരുഷനുപോലും വേദനകളിലൂടെ കടന്നു പോകേണ്ടിവന്നുവെന്നത് സത്യം തന്നെയാണ്. അതിനു മുന്നില്‍ സാധാരണ മനുഷ്യരുടെ ആകുലതകള്‍ക്ക് എന്തു പ്രസക്‌തിയാണുള്ളതെന്ന ചിന്തയാണ് രാമായണ പാരായണത്തിലൂടെ നമുക്ക് മനസിലാക്കാൻ കഴിയുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക