പത്തനംതിട്ട : കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ശബരിമല നിറപുത്തരി ഉത്സവത്തിനായി എത്തുന്ന തീര്‍ഥാടകര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ് അയ്യര്‍. ജില്ലയില്‍ ഓഗസ്റ്റ് രണ്ട്, മൂന്ന്, നാല് തീയതികളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ശബരിമല നിറപുത്തരി ഉത്സവത്തിന്റെ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. 

 

പ്രതികൂല കാലാവസ്ഥ മൂലം മലയോര മേഖലയിലേക്കുള്ള രാത്രി യാത്രകള്‍ ദുരന്ത നിവാരണ അതോറിറ്റി വിലക്കിയിട്ടുള്ള സാഹചര്യത്തിലാണ് ശബരിമല നിറപുത്തരി മഹോത്സവം നടക്കുന്നത്. അതിനാല്‍ തീര്‍ത്ഥാടകര്‍ ഏറെ കരുതല്‍ സ്വീകരിക്കണം. മാത്രമല്ല, നദികളില്‍ ഇറങ്ങരുതെന്ന ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ് നിലനില്‍ക്കുന്നുണ്ട്. അതിനാല്‍  പമ്പാ സ്നാനത്തിന് തീര്‍ഥാടകര്‍ക്ക് അനുമതിയുണ്ടായിരിക്കില്ല. സ്വാമി അയ്യപ്പന്‍ റോഡ് വഴി മാത്രമായിരിക്കും തീര്‍ഥാടകരെ കടത്തി വിടുക. 

 


 

അവശ്യം വരുന്ന മുറയ്ക്ക് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കാന്‍ കഴിയും വിധം ആംബുലന്‍സ്, കെഎസ്ആര്‍ടിസി ബസുകള്‍ കൂടുതല്‍ വിന്യസിക്കും. അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കാന്‍ കൂടുതല്‍ സജ്ജീകരണങ്ങളും ജീവനക്കാരേയും സജ്ജമാക്കുമെന്നും കളക്ടര്‍ പറഞ്ഞു.  ചടങ്ങുകള്‍ക്ക് തടസം വരാതെ ശബരിമല നിറപുത്തരി ഉത്സവത്തിനായി ഓഗസ്റ്റ് മൂന്നിന് നടതുറക്കും.

 

അതേമയം സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ എറണാകുളം മുതൽ കാസർകോട് ജില്ലകളിൽ വരെ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പത്ത് ജില്ലകളിലെ പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, പത്തനംതിട്ട, വയനാട്, ഇടക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാന ഇന്ന് മഴക്കെടുതിയെ തുടർന്ന് ഏഴ് പേര് മരിക്കുകയും ചെയ്തു. ആകെ മരണം 13 ആയി.

 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.