Navaratri 2021: നവരാത്രി നാളെ മുതൽ ആരംഭിക്കുന്നു. നവരാത്രിയെ എന്നും വ്യത്യസ്തമാക്കുന്നത് 9 ദിവസം നീണ്ടുനില്‍ക്കുന്ന വിശ്വാസത്തിന്‍റെയും പാരമ്പര്യങ്ങളുടെയും ചടങ്ങുകളും ആഘോഷങ്ങളുമാണ്. ഓരോ നാടിനും ഓരോ ആഘോഷങ്ങളാണെങ്കിലും എല്ലായിടത്തും ആരാധന നടത്തുന്നത് ദുര്‍ഗ്ഗാ ദേവിയെയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പക്ഷേ ചിലയി‌ടങ്ങളില്‍ രാവണനെ വധിച്ച രാമന്‍റെ വിജയമായും ഇതിനെ കണക്കാക്കുന്നുണ്ട്.  നവരാത്രിയിലെ ഈ ഒന്‍പത് ദിവസങ്ങളിലും ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെയാണ് ആരാധിക്കുന്നത്. ഈ ദിവസങ്ങളിലെ പ്രാര്‍ത്ഥനയിലൂടെ ഐശ്വര്യവും സമ്പത്തും ഭവനത്തിലെത്തുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. 


കേരളത്തിൽ നവരാത്രി ആഘോഷങ്ങളില്‍ സരസ്വതിപൂജയും വിദ്യാരംഭവും ആണ് ഉൾപ്പെടുന്നത്.  എങ്കിലും ഈ ദിവസങ്ങളിലെ ദുര്‍ഗ്ഗാരാധന ഏറെ ഫലപ്രദമാണ്. അതുകൊണ്ടുതന്നെ ഈ ദിനങ്ങളിൽ നാം ദുർഗ്ഗാ ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തുന്നത് വളരെ നല്ലതാണ്.  


Also Read: Navratri Money Remedies: സമ്പന്നരാകണോ നവരാത്രിയിൽ 9 ദിവസം ഇക്കാര്യം ചെയ്യുക, ഭാഗ്യം തെളിയും


നവരാത്രി നാളുകളില്‍ നാം സന്ദര്‍ശിക്കേണ്ട ഇന്ത്യയിലെ പ്രധാന ദുര്‍ഗ്ഗാ ക്ഷേത്രങ്ങളെക്കുറിച്ച് അറിയാം..


വൈഷ്ണോ ദേവി ക്ഷേത്രം


ഇന്ത്യയിലെ ദുർഗ്ഗാ ക്ഷേത്രങ്ങളെ കുറിച്ച് പറയുമ്പോൾ പ്രധാനമാണ് വൈഷ്ണോ ദേവി ക്ഷേത്രം (Vaishno Devi Temple). സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 5200 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ലോക പ്രസിദ്ധമായ ദുര്‍ഗ്ഗാ ദേവിയുടെ തീര്‍ത്ഥാടന കേന്ദ്രമാണ് ജമ്മുവിലെ വൈഷ്ണോ ദേവി ക്ഷേത്രം. 


ത്രികൂട പർവതത്തിലാണ് ലോക പ്രശസ്തമായ വൈഷ്ണോ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രതി വർഷം 1 കോടി തീർത്ഥാടകർ സന്ദർശിക്കുന്ന ഈ ക്ഷേത്രത്തിന് നിരവധി പ്രത്യേകതകളാണുള്ളത്. മഹാ ലക്ഷ്മിയുടെ അവതാരമാണ് വൈഷ്ണോദേവി എന്നാണ് വിശ്വാസം. 



ദേവിയുടെ സ്വയംഭൂ പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. കുരുക്ഷേത്ര യുദ്ധം നടക്കുന്ന സമയത്ത് പാണ്ഡവരുടെ വിജയത്തിനായി അർജുനൻ ഇവിടെ എത്തി പ്രാർഥിച്ചതായാണ് വിശ്വാസം.  കൂടാതെ ചരൺ ഗംഗാ നദി ഇവിടെ നിന്നുമാണ് ഉത്ഭവിക്കുന്നത്.  24 മണിക്കൂറും ദേവിയെ ദര്‍ശിക്കുവാന്‍ സാധിക്കുന്ന ക്ഷേത്രം കൂടിയാണിത്.


Also Read: Navratri Vrat Rules: നവരാത്രി സമയത്ത് അബദ്ധത്തിൽ പോലും ഇവ കഴിക്കരുത്, വ്രതം നിഷ്ഫലമാകും!


നൈനാ ദേവി ക്ഷേത്രം, ബിലാസ്പൂര്‍ (Bilaspur)


നവരാത്രി നാളുകളില്‍ സന്ദര്‍ശിക്കുവാന്‍ പറ്റിയ മറ്റൊരു പ്രധാന ദുര്‍ഗ്ഗാ ക്ഷേത്രമാണ് ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂരിലെ നൈനാ ദേവി ക്ഷേത്രം. ഈ ക്ഷേത്രത്തിന് ഈ പേരു ലഭിച്ചത് സതീ ദേവിയുടെ കണ്ണ് പതിച്ച ഇടമെന്ന നിലയിലാണ്.  ഇത് 51 ശക്തി പീഠങ്ങളിൽ ഒന്നാണ്.   



ഈ ക്ഷേത്രം ഗോബിന്ദ് സാഗർ തടാകത്തെ നോക്കി നില്‍ക്കുന്ന ഒരു കുന്നിനു മുകളിലാണ്. ഇവിടെ മഹാ കാളി, സതിയുടെയും ഗണപതിയുടെയും കണ്ണുകളുടെ പ്രതിമ എന്നിങ്ങനെ മൂന്ന് പ്രതിഷ്ഠകളാണ് ഉള്ളത്. ഇവിടം സന്ദർശിക്കുവാനുള്ള ഏറ്റവും നല്ല സമയം എന്നു പറയുന്നത് നവരാത്രി സമയം തന്നെയാണ്. 


ദക്ഷിണേശ്വര്‍ ക്ഷേത്രം, കൊല്‍ക്കത്ത (Dakshineswar Kali Temple)


പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് ദക്ഷിണേശ്വർ ക്ഷേത്രം.  ഹൂഗ്ലി നദിയുടെ കിഴക്കൻ തീരത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.  ഇത് കൊൽക്കത്തയിലെ ഏറ്റവും പ്രസിദ്ധമായ കാളി ക്ഷേത്രങ്ങളിൽ ഒന്നാണ്.  ഇവിടെ കാളിയുടെ മറ്റൊരു രൂപമായ ഭവതരിനിയുടെ പ്രതിഷ്ഠയുണ്ട്. 


1855 ലാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. കാളി ഭക്തനായ റാണി രശ്മോണി അതിമനോഹരമായ രീതിയിലാണ് ഈ ക്ഷേത്രം രൂപകല്പന ചെയ്തിരിക്കുന്നത്. ക്ഷേത്രത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തിന് പുറമേ വാസ്തുവിദ്യയും കാണേണ്ട ഒന്നുതന്നെയാണ്. ശിവനുവേണ്ടി സമർപ്പിക്കപ്പെട്ട പന്ത്രണ്ട് ക്ഷേത്രങ്ങളും ഇവിടെയുണ്ട് കൂടാതെ നദിയിൽ തന്നെ കുളിക്കുവാനുള്ള ഒരു ഘട്ടും ഉണ്ട്. 



ഇവിടെ റാണി രശ്മോണിക്ക് സമർപ്പിച്ചിരിക്കുന്ന ഒരു ആരാധനാലയവുമുണ്ട്. രാമകൃഷ്ണൻ അദ്ദേഹത്തിന്റെ നല്ല സമയം ഇവിടെ ചെലവഴിച്ചുവെന്നും ആ സ്ഥലത്ത് ഇപ്പോൾ നഹാവത് ഖാന (Nahavat Khana) എന്ന അതിമനോഹരമായ ഒരു ചെറിയ അറ സ്ഥിതി ചെയ്യുന്നു.  ഇവിടെ നവരാത്രി വലിയ രീതിയിൽ ആഘോഷിക്കുന്നതുകൊണ്ട് ഈ ഉത്സവത്തിന്റെ ഭാഗമാകാൻ ആയിരക്കണക്കിന് ആളുകളാണ് എത്തുന്നത്.  


കര്‍നി മാതാ ക്ഷേത്രം, ബിക്കനീര്‍ 


കർണിമാതാ ക്ഷേത്രം ദേശ്നോക്കിലെ (Deshmok) ബിക്കാനീറിൽ നിന്ന് 30 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ്. ഇത് എലികളുടെ ക്ഷേത്രമെന്നാണ് അറിയപ്പെടുന്നത്. 


ഈ ക്ഷേത്രത്തിൽ കുറഞ്ഞത് 25000 കറുത്ത എലികളുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. എലികളുടെ ക്ഷേത്രമെന്ന പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നതെങ്കിലും ഇതിന്റെ യഥാർത്ഥ പേര് കർനി മാതാ ക്ഷേത്രം എന്നാണ്.  ഈ വിശുദ്ധ എലികളെ കബാസ് എന്നാണ് വിളിക്കുന്നത്. ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകരെയും ഈ ക്ഷേത്രം ആകർഷിക്കുന്നുവെന്നതിൽ സംശയമില്ല. 



കർനി മാതാ ദുര്‍ഗ്ഗാ ദേവിയുടെ അവതാരമാണ് എന്നാണ് വിശ്വാസം. ഏറെ പ്രസിദ്ധമാണ് ഇവിടത്തെ നവരാത്രി ആഘോഷം.  ഇവിടെ സാധാരണയായി ലക്ഷക്കണക്കിന് വിശ്വാസികളാണ് എത്താറുള്ളത്.


ദാന്തേശ്വരി ക്ഷേത്രം 


51 ശക്തി പീഠങ്ങളുടെ മറ്റൊരു ക്ഷേത്രമാണ് ചത്തീസ്ഗഡിലെ ജഗദൽപൂരിൽ സ്ഥിതി ചെയ്യുന്ന ദന്തേശ്വരി ക്ഷേത്രം. സതീദേവിയുടെ ശരീര ഭാഗങ്ങളുടെ രൂപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രങ്ങളാണല്ലോ ശക്തിപീഠങ്ങൾ.  സതീദേവിയുടെ പല്ലുകളാണ് ഇവിടെ വീണതെന്നാണ് വിശ്വാസം. അതുകൊണ്ടാണ് ഈ പേര് ക്ഷേത്രത്തിന് ലഭിച്ചത് എന്ന വിശ്വാസവും ഉണ്ട്.  


ദന്തേവാഡ എന്ന സ്ഥലത്ത് ചാലൂക്യരാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്നാണ് വിശ്വാസം.  ഇവിടെ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ദസറ തന്നെയാണ്. എല്ലാ വർഷവും ഈ സമയത്ത് അടുത്തുള്ള ഗ്രാമങ്ങളിൽ നിന്നും കാടുകളിൽ നിന്നും നിരവധി ഗോത്ര വർഗക്കാർ ഈ ക്ഷേത്രം സന്ദര്‍ശിക്കുന്നു. 


ശൈലപുത്രി ക്ഷേത്രം, വാരണാസി 


നവരാത്രിയുടെ ആദ്യദിവസം മാ ശൈലപുത്രിയെയാണ് ആരാധിക്കുന്നത്.  ദുർഗ്ഗാദേവിയുടെ ഒന്നാമത്തെ അവതാരമാണ് ശൈലപുത്രി. 'ശൈലം' എന്നാൽ മല. ശൈലത്തിന്റെ പുത്രി അതായത് ഹിമവാന്റെ പുത്രി എന്നർത്ഥമാക്കുന്നു. 


ശൈലപുത്രി പാർവതിയാണ്.  പ്രകൃതിദത്തമായ അമ്മയുടെ സമ്പൂർണ്ണ രൂപമാണിത്. 


കോലാപ്പൂര്‍ മഹാലക്ഷ്മി ക്ഷേത്രം 


മഹാവിഷ്ണുവും മഹാലക്ഷ്മിയും ലക്ഷ്മീനാരായണ ഭാവത്തിൽ വസിക്കുന്ന ഒരു ക്ഷേത്രമാണ് കോലാപ്പൂർ മഹാലക്ഷ്മി ക്ഷേത്രം.  നവരാത്രിക്കാലത്ത് ഏറെ പ്രസിദ്ധമായ ക്ഷേത്രമാണിത്. മഹാരാഷ്ട്രയിലെ കോലപ്പൂരിലാണ് ഈ മഹാലക്ഷ്മി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രം ആദിശക്തിയുടെ വാസസ്ഥലമാണ്.  


ആറു ശക്തിപീഠങ്ങളിലൊന്നായ ഈ ക്ഷേത്രത്തിൽ മഹാവിഷ്ണുവിന്റെ ഹൃദയ കമലത്തിൽ വസിക്കുന്ന മഹാലക്ഷ്മിയുടെ പ്രതിഷ്ഠയാണുള്ളത്. ഇവിടെ മഹാകാളി മഹാസരസ്വതി എന്നീ രണ്ടു രൂപങ്ങളും പ്രതിഷ്ഠിച്ചിട്ടുണ്ട്. 


കാമാഖ്യദേവി ക്ഷേത്രം 


ഭാരതത്തിലെ ഏറ്റവും പ്രസിദ്ധമായദേവി ക്ഷേത്രമാണിത്.   സ്ത്രീ ശക്തിയെ ആരാധിക്കുന്ന ഈ ക്ഷേത്രം അസമിലെ ഗുവാഹത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. സതീ ദേവിയുടെ 51 ശക്തിപീഠങ്ങളില്‍ ഏറ്റവും ശക്തിയുള്ള ക്ഷേത്രമാണിത്.  



അതായത് സതീദേവിയുടെ യോനീ ഭാഗം വീണ സ്ഥലമാണ് കാമാഖ്യ ക്ഷേത്രം എന്നാണ് വിശ്വാസം. വര്‍ഷത്തില്‍ മൂന്നു ദിവസം ദേവിയുടെ ആര്‍ത്തവം ആഘോഷിക്കുന്ന ക്ഷേത്രം കൂടിയാണിത്. ദേവി രജസ്വലയാകുന്നുവെന്നാണ് ഈ സമയം അറിയപ്പെടുന്നത്.  ഇവിടുത്തെ മുഖ്യ പ്രതിഷ്ഠ കല്ലില്‍ കൊത്തിയ യോനിയാണ്.


ചോറ്റാനിക്കര ദേവി ക്ഷേത്രം 


കേരളത്തിലെ പ്രസിദ്ധമായ ക്ഷേത്രമാണ് ചോറ്റാനിക്കര ദേവി ക്ഷേത്രം.  ഇവിടെ അഞ്ച് ഭാവങ്ങളില്‍ ദേവിയെ ആരാധിക്കുന്നു.  ചോറ്റാനിക്കര ദേവി അറിയപ്പെടുന്നത് രാജരാജേശ്വരി എന്നാണ്. വെള്ളവസ്ത്രത്തിൽ പൊതിഞ്ഞ് വിദ്യാഭഗവതിയായ സരസ്വതിയായി (മൂകാംബിക) പ്രഭാതത്തിലും, ചുവന്ന വസ്ത്രത്തിൽ പൊതിഞ്ഞ് ഭദ്രകാളിയായി ഉച്ചയ്ക്കും, നീലവസ്ത്രത്തിൽ പൊതിഞ്ഞ് ദുഃഖനാശിനിയായ ദുർഗ്ഗാദേവിയായി വൈകുന്നേരവും ആരാധിയ്ക്കുന്നു. 



ഇതുകൂടാതെ മഹാലക്ഷ്മിയായും പാര്‍വ്വതിയായും ദേവിയെ ഇവിടെ ആരാധിക്കുന്നു. വിദ്യാവിജയം മുതല്‍ മാംഗല്യഭാഗ്യം വരെ‌ ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ ലഭിക്കുമെന്നാണ് വിശ്വാസം.


ഐഹോള ദുര്‍ഗ്ഗാ ക്ഷേത്രം 


ഭാരതത്തിലെ നിരവധി ദുര്‍ഗ്ഗാ ക്ഷേത്രങ്ങള്‍ നമുക്ക് പരിചയമുണ്ടെങ്കിലും അത്ര പ്രസിദ്ധമല്ലാത്തതും എന്നാല്‍ നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുമായ ഒരു ക്ഷേത്രമാണ് ഐഹോളയിലെ ദുര്‍ഗ്ഗാ ക്ഷേത്രം. യഥാര്‍ത്ഥത്തില്‍ ഇത് ദുര്‍ഗ്ഗാ ദേവി ക്ഷേത്രമല്ല, പതകം പേരില്‍ മാത്രമാണ് ഇവിടെ ദുര്‍ഗ്ഗയുള്ളത്. 


വടക്കു ദിശയില്‍ നിന്നും ഐഹോളയിലേക്ക് വരുമ്പോള്‍ കോട്ടയ്ക്ക് സമീപം കാണപ്പെടുന്ന ഒരു ക്ഷേത്രമായതിനാലാണ് ഇവിടം ദുര്‍ഗ്ഗാ ക്ഷേത്രമെന്നറിയപ്പെടുന്നത്.  ഇവിടെ വിഷ്ണുവിനും ശിവനും തുല്യപ്രാധാന്യമാണ് ഉള്ളത്. ഇവിടെ സൂര്യ വിഗ്രഹമാണ് പ്രതിഷ്ഠ.   ഇന്ത്യയില്‍ സൂര്യവിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന അത്യപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നു കൂടിയാണിത്.  ഇതിന്റെ നിർമ്മാണം ഒരു ആനയുടെ പിന്‍ഭാഗത്തോട് സാദൃശ്യം തോന്നുന്ന തരത്തിലാണ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.