Navratri 2023: സ്കന്ദമാതാവിനെ ആരാധിക്കുന്ന അഞ്ചാം ദിനം; ദേവിയുടെ അഞ്ചാമത്തെ അവതാരത്തെ പൂജിക്കേണ്ടതെങ്ങനെയെന്ന് അറിയാം
Navratri 2023 Day 5: അനുകമ്പ, മാതൃത്വം, സ്നേഹം എന്നിവയെ പ്രതിനിധീകരിക്കുന്ന ദുർഗാദേവിയുടെ അഞ്ചാമത്തെ അവതാരമാണ് സ്കന്ദ മാതാ. സ്‌കന്ദമാതയുടെ മാതൃഗുണങ്ങളായ സ്‌നേഹം, പ്രതിരോധം, മാതാവിന്റെ പരിചരണത്തിന്റെ ദൃഢത എന്നിവ തങ്ങളെ സംരക്ഷിക്കുമെന്ന് ഭക്തർ വിശ്വസിക്കുന്നു.
നവരാത്രിയുടെ അഞ്ചാം ദിവസം ദേവിയുടെ സ്കന്ദ ഭാവത്തെയാണ് ആരാധിക്കുന്നത്. അനുകമ്പ, മാതൃത്വം, സ്നേഹം എന്നിവയെ പ്രതിനിധീകരിക്കുന്ന ദുർഗാദേവിയുടെ അഞ്ചാമത്തെ അവതാരമാണ് സ്കന്ദ മാതാ. സ്‌കന്ദമാതയുടെ മാതൃഗുണങ്ങളായ സ്‌നേഹം, പ്രതിരോധം, മാതാവിന്റെ പരിചരണത്തിന്റെ ദൃഢത എന്നിവ തങ്ങളെ സംരക്ഷിക്കുമെന്ന് ഭക്തർ വിശ്വസിക്കുന്നു. അതിനാൽ ആശ്വാസത്തിന്റെയും സുരക്ഷിതത്വത്തിന്റെയും ഉറവിടമായി സ്കന്ദമാതാവിനെ ആരാധിക്കുന്നു.
ശിവനും പാർവതിയും ധ്യാനത്തിലിരിക്കുമ്പോൾ, അവരുടെ ഊർജ്ജം ദൈവികമായി മാറി. ഊർജ്ജങ്ങളിൽ നിന്ന് ജനിക്കുന്ന കുട്ടി താരകാസുരൻ എന്ന അസുരനെ കൊല്ലും. അതിനാൽ ഈ ദിവ്യശക്തി മോഷ്ടിക്കാൻ ഇന്ദ്രൻ അഗ്നിയോട് നിർദ്ദേശിച്ചു. അഗ്നിദേവനെക്കുറിച്ച് അറിഞ്ഞപ്പോൾ ദേവി പാർവ്വതി കോപിഷ്ഠയായി, അവനെ സ്പർശിക്കുന്ന ആരെയും ദഹിപ്പിക്കുകയും ശരിയും തെറ്റും തമ്മിലുള്ള വ്യത്യാസം അറിയാത്തവനാകട്ടെയെന്നും ശപിച്ചു.
സ്കന്ദമാതാ എന്നാൽ സ്കന്ദന്റെ അമ്മ. സ്കന്ദ എന്നതിന് അർഥം നശിക്കാത്ത, കൂടിച്ചേരുക എന്നെല്ലാമാണ്. സ്കന്ദ എന്നത് സുബ്രഹ്മണ്യന്റെ മറ്റൊരു നാമമാണ്. ആറ് താമരപ്പൂക്കളിലെ ശക്തികള്‍ ഒരേക്ഷണത്തില്‍ ഒന്നായതുകൊണ്ടാണ് ആ നാമം ലഭിച്ചത്. ശിവശക്തിക്ക് യോഗശക്തിയിൽ ജന്മം കൊണ്ട പുത്രനാണ് സുബ്രഹ്മണ്യൻ.
സ്കന്ദ ഊർജ്ജരൂപത്തിൽ അവതരിച്ച സമയം ശിവശക്തീയുടെ പ്രഭാവം അറിയാതെ താരകാസുരനില്‍നിന്ന് രക്ഷിക്കാനായി അഗ്നി ആ ഊർജ്ജത്തെ ആവാഹിച്ചു, പക്ഷേ താപം താങ്ങാനാവാതെ ആ ഊർജ്ജത്തെ ഗംഗയില്‍ നിക്ഷേപിച്ചു. ഗംഗയ്ക്കും ആ താപം ഉള്‍ക്കൊള്ളാൻ സാധിച്ചില്ല. ഗംഗയതു ശരവണപ്പൊയ്കയിലൊഴുക്കി. അവിടെനിന്നാണ് ആറ് താമരപ്പൂക്കളില്‍ ആറ് കുമാരന്മാരായി ആ ശക്തി രൂപപ്പെട്ടുവെന്നാണ് വിശ്വാസം.
ALSO READ: Navratri 2023: ആദിശക്തിയായ ദേവി; നവരാത്രിയുടെ നാലാം ദിവസം പൂജിക്കേണ്ടത് കുഷ്മാണ്ഡ ദേവിയെ
സംരക്ഷിച്ചത് കാർത്തിക നക്ഷത്രത്തിന്റെ ദേവതമാരാണ്. ഈ സമയം ധ്യാനത്തിലായിരുന്ന പാർവതി ധ്യാനം തീർന്നപ്പോൾ തന്റെ പുത്രനെ കാണാതെ ദു:ഖിതയായി. ആ ദു:ഖം കരിനിഴലായി അഗ്നിയിലാഴ്ന്നു. അതിനുശേഷമാണ് അഗ്നിക്ക് പുകയും അഗ്നി സ്പർശിക്കുന്നതെല്ലാം ചാരവുമായി മാറിയത്. പിന്നീട് ദേവീദർശനത്താല്‍ ആ ആറ് കുമാരന്മാരും ഒന്നായി സ്കന്ദനായിത്തീർന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ഒരമ്മയുടെ വാത്സല്യത്തിന് തന്റെ കുഞ്ഞിനെ സംരക്ഷിക്കാൻ സാധിക്കുന്നത്ര മറ്റൊന്നിനും സംരക്ഷിക്കാൻ സാധിക്കുകയില്ലെന്നും അമ്മ നല്കുന്ന പ്രാഥമിക ശിക്ഷണമാണ് മറ്റേതു ശിക്ഷണത്തിന്റെയും അടിത്തറയെന്നും ആണ് പാർവതീദേവി അഗ്നിയ്ക്കും മറ്റ് ദേവകൾക്കും മനസ്സിലാക്കി നൽകുന്നത്. പിന്നീട് തന്റെ പുത്രനെ ഏറ്റെടുത്ത് താരകാസുര നിഗ്രഹത്തിനായി കുമാരനെ സജ്ജമാക്കുന്നിടത്താണ് സ്കന്ദജനനീ ഭാവം ദർശനമാകുന്നത്.
ആറ് മുഖങ്ങളുള്ള കുമാരനെ മടിയിലിരുത്തി സിംഹത്തിന്റെ പുറത്ത് ആസനസ്ഥയായാണ് സ്കന്ദാ ദേവിയെ ദർശിക്കാൻ സാധിക്കുന്നത്. ഈ ആറ് മുഖങ്ങള്‍ ആറ് ഗുണങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ഈശാനം, തത്പുരുഷം, വാമദേവം, അഘോരം, സത്യോജാതം, അധോമുഖം തുടങ്ങിയവയാണ് ആറ് ഗുണങ്ങള്‍. ഈ ഗുണങ്ങൾ കുഞ്ഞുങ്ങൾക്ക് സമ്മാനിക്കുന്ന മാതാവ് പരാശക്തി തന്നെയെന്നാണ് അടിസ്ഥാനം.
ധ്യാന ശ്ലോകം:
സിംഹാസനഗതാ നിത്യം പത്മാശ്രിതകര ദ്വയാ l
ശുഭദാസ്തു സദാ ദേവീ സ്കന്ദമാതാ യശസ്വിനീ ll
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy