ദേവീദേവന്മാര്‍ക്കോരോരുത്തര്‍ക്കും ചെയ്യേണ്ട പ്രധാന വഴിപാടുകളും മൂലമന്ത്രങ്ങളുമുണ്ട്. വരും തലമുറയ്‌ക്ക് ഗുണകരമായിട്ടുള്ള ആചാരാനുഷ്‌ഠാനങ്ങളേ അവര്‍ താളിയോലകളില്‍ ആലേഖനം ചെയ്‌തിട്ടുള്ളൂ. അവ പൂര്‍ണ്ണ വിശ്വാസത്തോടെ ഭക്‌തിപൂര്‍വ്വം ആചരിച്ചാല്‍ സര്‍വ്വ ഐശ്വര്യങ്ങളും കൈവരും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗണപതി
ഗണപതിഭഗവാന്‌ പൂജയ്‌ക്ക് വയ്‌ക്കേണ്ട പ്രധാന പുഷ്‌പമാണ്‌ കറുകപ്പുല്ല്‌. നിവേദ്യം അപ്പവും, മോദകവും. അഷ്‌ടോത്തരാര്‍ച്ചന, ഗണപതിസൂക്‌താര്‍ച്ചന മുതലായ അര്‍ച്ചനകളാണ്‌ പ്രധാനം. ഗണപതിഹോമം നടത്തിയാലോ ഫലം വിഘ്‌നനാശനം. ഗണപതിഭഗവാനുള്ള പ്രത്യേക വഴിപാടാണ്‌ നാളികേരമുടയ്‌ക്കല്‍.
ചൊല്ലേണ്ട മൂലമന്ത്രം
‘ഓം ഗം ഗണപതയേ നമ:’
നിത്യേന നൂറ്റെട്ട്‌ പ്രാവശ്യം ഈ മന്ത്രം ഉരുക്കഴിക്കുക.


ശ്രീമഹാവിഷ്‌ണു
ശ്രീമഹാവിഷ്‌ണുവിന്‌ പ്രിയപ്പെട്ട പുഷ്‌പങ്ങളാണ്‌ തുളസി, ചെത്തി, മന്ദാരം, പിച്ചകം തുടങ്ങിയവ. വിഷ്‌ണുസഹസ്രനാമസ്‌തോത്രം, വിഷ്‌ണുസൂക്‌തം, ഭാഗ്യസൂക്‌തം, പുരുഷസൂക്‌തം തുടങ്ങിയവകൊണ്ടുള്ള അര്‍ച്ചനയാണ്‌ ചെയ്യേണ്ടത്‌. ഭഗവാന്‌ സുദര്‍ശനഹോമമാണ്‌ മുഖ്യം. തൊഴില്‍ലാഭം, ആയുരാരോഗ്യസൗഖ്യം, ഐശ്വര്യവര്‍ദ്ധനവ്‌, ശത്രുനാശം, ബുദ്ധിവികാസം തുടങ്ങിയവയാണ്‌ ഫലങ്ങള്‍.
‘ഓം നമോ നാരായണായ’
(അഷ്‌ടാക്ഷരമന്ത്രം),
‘ഓം നമോ ഭഗവതേ വാസുദേവായ’
(ദ്വാദശാക്ഷരമന്ത്രം)
എന്നിവയാണ്‌ മൂലമന്ത്രങ്ങള്‍.
ഇവ നിത്യേന നൂറ്റെട്ട്‌ പ്രാവശ്യം ചൊല്ലുക.


ശ്രീപരമശിവൻ


ശ്രീപരമശിവന്‌ ഇഷ്‌ട പുഷ്‌പം കൂവളത്തിലയാണ്‌. ആയുര്‍സൂക്‌താര്‍ച്ചന, സ്വയംവരപുഷ്‌പാഞ്‌ജലി, മംഗല്യപുഷ്‌പാഞ്‌ജലി, ഉമാമഹേശ്വരപുഷ്‌പാഞ്‌ജലി എന്നീ അര്‍ച്ചനകള്‍ മുഖ്യം. ഭസ്‌മാഭിഷേകം, ധാര തുടങ്ങിയവയാണ്‌ അഭിഷേകങ്ങളില്‍ പ്രധാനപ്പെട്ടവ. ശിവഭഗവാന്‌ രുദ്രഹോമം, മഹാമൃത്യുഞ്‌ജയഹോമം, മൃത്യുഞ്‌ജയഹോമം തുടങ്ങിയ ഹോമങ്ങളാണ്‌ നടത്തേണ്ടത്‌. ഫലം ദീര്‍ഘായുസ്സ്‌, ആയുരാരോഗ്യസൗഖ്യം, വിദ്യാഗുണം, മനോനിയന്ത്രണം, ദാമ്പത്യസുഖം, ഈശ്വരാധീനം തുടങ്ങിയവ.
ശിവന്റെ മൂലമന്ത്രമായ
‘ഓം നമ:ശിവായ’
നൂറ്റെട്ടുപ്രാവശ്യം നിത്യേന ചൊല്ലുക.


 


ഹനുമാൻ
ഭക്‌തഹനുമാന്‌ കദളിപ്പഴം ആണ്  നിവേദ്യം. വെറ്റിലമാലയാണ്‌ മറ്റ്‌ വഴിപാട്‌. വീര്യം, ഓജസ്സ്‌, കര്‍മ്മകുശലത, ശനിദോഷശാന്തി എന്നിവയാണ്‌ ഫലം.
”ഓം നമോ ഭഗവതേ ആഞ്‌ജനേയായ മഹാബലായസ്വാഹാ, ഓം ഹം ഹനുമതേ നമ:”
എന്ന മൂലമന്ത്രം നൂറ്റെട്ടുപ്രാവശ്യം നിത്യേന ചൊല്ലുക.


ശ്രീഅയ്യപ്പന്‍


ശ്രീഅയ്യപ്പന്‍, ശ്രീധര്‍മ്മശാസ്‌താവ്‌ തുടങ്ങിയവര്‍ക്ക്‌ ചെത്തി മുതലായ പുഷ്‌പങ്ങളാണ്‌ പ്രാധാന്യം. ഹരിഹരസൂക്‌താര്‍ച്ചന, ശാസ്‌തൃസൂക്‌താര്‍ച്ചന എന്നിവയാണ്‌ അര്‍ച്ചനകള്‍. നാളികേരമുടയ്‌ക്കലാണ്‌ പ്രത്യേക വഴിപാട്‌. നെയ്യഭിഷേകം, ഭസ്‌മാഭിഷേകം എന്നിവയാണ്‌ അഭിഷേകങ്ങള്‍. അരവണ, അപ്പം മുതലായവയാണ്‌ നിവേദ്യങ്ങള്‍. ശനിദോഷശാന്തി, ശത്രുനാശം, പാപനാശം, രോഗനാശം മുതലായവയാണ്‌ ഫലങ്ങള്‍.
‘ഓം ഘ്രും നമ: പരായ ഗോപ്‌ത്രേ’
എന്ന മൂലമന്ത്രം നൂറ്റെട്ട്‌ പ്രാവശ്യം ചൊല്ലുക.


ALSO READ: കുടുംബ ബന്ധങ്ങളുടെ പവിത്രത നിലനിർത്താൻ ഈ മന്ത്രം ജപിക്കൂ...


ശ്രീസുബ്രഹ്‌മണ്യൻ


ശ്രീസുബ്രഹ്‌മണ്യ (മുരുകന്‍) സ്വാമിക്ക്‌ ഇഷ്‌ടപ്പെട്ട പുഷ്‌പങ്ങളാണ്‌ ചെത്തി, ചുവന്നപൂക്കള്‍ എന്നിവ. കുമാരസൂക്‌താര്‍ച്ചനയാണ്‌ അര്‍ച്ചന. പഞ്ചാമൃതം, പാല്‍ എന്നിവയാണ്‌ നിവേദ്യങ്ങള്‍. പഞ്ചാമൃതം, ഭസ്‌മം എന്നിവയാണ്‌ പ്രധാന അഭിഷേകങ്ങള്‍. ജ്യോതിഷപാണ്ഡിത്യം, ശത്രുനാശം, വിഘ്‌നനാശം, ഉദ്യോഗലബ്‌ധി, സന്താനഭാഗ്യം, ആരോഗ്യവര്‍ദ്ധന മുതലായവയാണ്‌ ഫലം.
‘ഓം വചത്ഭുവേ നമ:’
എന്ന മൂലമന്ത്രം നൂറ്റെട്ട്‌ പ്രാവശ്യം ചൊല്ലുക.


നവഗ്രഹങ്ങള്‍


നവഗ്രഹങ്ങള്‍ക്ക്‌ നവഗ്രഹമന്ത്രാര്‍ച്ചനയാണ്‌ അര്‍ച്ചന. ഗ്രഹങ്ങള്‍ക്ക്‌ പറഞ്ഞിരിക്കുന്ന വസ്‌ത്രം, ധാന്യം, രത്നം തുടങ്ങിയവ സമര്‍പ്പിക്കലാണ്‌ പ്രത്യേക വഴിപാടുകള്‍. ഗ്രഹദോഷശാന്തി, നാഗദോഷശാന്തി എന്നിവയാണ്‌ ഫലം.