കോവിഡിന്റെ പിടിവിടുവിച്ച് വീണ്ടും പറന്നുതുടങ്ങുന്ന കേരളാ ടൂറിസം വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഒരുക്കിവച്ചതെന്ത് എന്ന ചോദ്യമുയർത്തുകയാണ് ഈ മേഖലയിലെ നിക്ഷേപകനും പ്രമുഖവ്യവസായിയുമായ ഇ എം നജീബ്. വിനോദസഞ്ചാരത്തിൽ  പൊതുമേഖലയുടെ നിക്ഷേപം പശ്ചാത്തല സൗകര്യങ്ങളൊരുക്കാൻ മാത്രമാണ് വേണ്ടിവരിക. ക്രമസമാധാനം ഉറപ്പാക്കൽ സർക്കാരിന്റെ ചുമതലയാണ്. കേരളത്തിന് വലിയ പങ്കാളിത്തമുളളതാണ് രാജ്യത്തെ വിനോദസഞ്ചാരം. അതേസമയം കേരളാ ടുറിസത്തിന്റെ വളർച്ചയ്ക്ക് വേഗതകുറവാണെന്നാണ് ഇ എം നജീബ് സീ മലയാളം ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ചൂണ്ടിക്കാട്ടുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

"വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കേരളത്തിന് കൃത്രിമമായി ഒന്നും ഉണ്ടാക്കേണ്ടതില്ല. നമ്മുടെ കടൽത്തീരങ്ങൾ, കുന്നുകൾ, കലകൾ, ക്ഷേത്രങ്ങൾ, പളളികൾ, ചരിത്രകുടീരങ്ങൾ, നമ്മുടെ സംസ്കാരം, ഇവിടത്തെ നല്ല മനുഷ്യർ, ഇവയൊക്കെയാണ് തുറുപ്പുചീട്ടുകൾ. ഇവ സംരക്ഷിച്ച് നിലനിർത്താൻ മാത്രം സാധിച്ചാൽ വിനോദസഞ്ചാരികൾ
ഇവിടേക്കൊഴുകും. ദൗർഭാഗ്യവശാൽ ഒന്നും സംവിക്കുന്നില്ലെന്ന് ഇ.എം നജീബ്. 


മുമ്പില്ലാത്ത വിധം കടുത്ത മത്സരമാണ് കേരളം നേരിടുന്നത്. കേരളത്തിന്റെ മൂന്നിരട്ടി തുക ബജറ്റിൽ നീക്കിവയ്ക്കുന്ന സംസ്ഥാനങ്ങളുണ്ട്. കേരളം എന്ന വികാരം മാറ്റിനിർത്തി, യാഥാർത്ഥ്യം പരിശോധിച്ചാൽ മത്സരത്തിന്റെ അവസ്ഥ മനസ്സിലാകും. രാജസ്ഥാൻ, ഗോവ തുടങ്ങിയ സംസ്ഥാനങ്ങൾ നൂറു ശതമാനം ടൂറിസം ലക്ഷ്യം വയ്ക്കുന്നു. ഡൽഹി- ആഗ്ര-ജയ്പൂർ എന്ന അച്ചുതണ്ടിലാണ് കാര്യങ്ങൾ നീങ്ങുന്നത്. കശ്മീരിൽ ടൂറിസ്റ്റുകൾക്ക് താമസിക്കാൻ ഇടം കിട്ടാത്ത വിധം തിരക്കായി.    ആന്ധ്ര, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിരവധി കേന്ദ്രങ്ങൾ ശ്രദ്ധേയമായി. ദേശീയ വിനോദസഞ്ചാരത്തിന്റെ ഹൃദയം ഏതു സംസ്ഥാനമാണെന്ന് ഇപ്പോൾ പറയാനാവില്ല. അത് പുനർനിർണയിക്കേണ്ടി വരും. ഈ സാഹചര്യം കണക്കിലെടുത്ത് കേരളം മെച്ചപ്പെടണം, പ്രത്യേകിച്ച് റോഡുകളും മാലിന്യനീക്കവും"- ഇ എം നജീബ് പറഞ്ഞു.


ALSO READ : Oommen Chandy: ഉമ്മൻ ചാണ്ടിയെ കാണാൻ മമ്മൂട്ടി എത്തി, ആരോഗ്യനില സംബന്ധിച്ച വാർത്ത തെറ്റെന്ന് കുടുംബം


തിരുവനന്തപുരത്ത് ഇതുപോരാ, അദാനി വന്നത് നന്നായി
 


തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തെ അവഗണിച്ചിരുന്നു എന്നത് വസ്തുതയാണ്. ധാരാളം ഫ്ളൈറ്റുകൾ റദ്ദായിപ്പോയി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലുളളവരും തിരുവനന്തപുരത്തോടു ചേർന്നുകിടക്കുന്ന തമിഴ്നാട്ടിലെ ജില്ലകളും ഈ വിമാനത്താവളത്തെ ആശ്രയിച്ചിരുന്നു. അവരൊക്കെ മറ്റു വഴികൾ തേടി. വിമാനത്താവളം അദാനിയുടെ കമ്പനി ഏറ്റെടുത്തത് നല്ല പ്രതീക്ഷയാണ് ടൂറിസത്തിന് നൽകുന്നത്. കൂടുതൽ സർവീസുകൾ ഇവിടെ ഉണ്ടായേക്കും. അതിനുളള ശ്രമങ്ങൾ യോജിച്ച് നടത്തുന്നുണ്ട്. ട്രെയിനുകളിലും ടിക്കറ്റ് കിട്ടാനില്ല. റോഡുകളിൽ മണിക്കൂറുകൾ കാത്തുകിടക്കേണ്ട അവസ്ഥ വിനോദസഞ്ചാരത്തിന് ഗുണമല്ല. പ്രധാന റോഡുകൾ പലതും തകർന്നു കിടക്കുകയാണ്. അറ്റകുറ്റപ്പണികൾക്ക് വേഗത പോരാ. നൈറ്റ്ലൈഫ് പദ്ധതി തീരുമാനിച്ച മാനവീയത്തിൽ അഭികാമ്യമല്ലാത്ത പലതുമാണ് നടക്കുന്നത്. ഇതെല്ലാം സർക്കാരിന്റെ പരിഗണനയിൽ വരേണ്ട വിഷയങ്ങളാണ്. 


പദ്മനാഭസ്വാമി ക്ഷേത്രം പ്രസിദ്ധ തീർത്ഥാടനകേന്ദ്രമാണെങ്കിലും അതിനെ ടൂറിസം പദ്ധതിയായി പ്രഖ്യാപിക്കാത്തത് കുറവ് തന്നെയാണ്. ലോകത്തെ ഏറ്റവും സമ്പന്നവും ചരിത്രപ്രധാനവുമായ ക്ഷേത്രത്തിന്റെ ചരിത്രം കൂടി പഠിക്കാൻ അവസരമുണ്ടാകത്തക്ക തരത്തിൽ പദ്ധതി പ്രഖ്യാപിക്കണം. ക്ഷേത്രത്തിലെ തിരുവാഭരണങ്ങളുടെയും 
അമൂല്യവസ്തുക്കളുടെയും മാതൃകകൾ പ്രദർശിപ്പിക്കുന്നത് ലോകമെമ്പാടുമുളള ഗവേഷകരെയും ഇവിടേക്ക് നയിക്കും. 


ടോയ്ലറ്റ്, ഫുഡ് സ്ട്രീറ്റ്, ബീച്ച്


ബസ് സ്റ്റോപ്പുകളിൽ ടോയ്ലറ്റുകൾ ഇല്ലാത്തത് വളരെ വലിയ കുറവാണ്. വിദേശരാജ്യങ്ങളിൽ ടോയ്ലറ്റ് പോലുളള സംവിധാനങ്ങൾ ഇന്ധനം നിറയ്ക്കുന്ന കേന്ദ്രങ്ങളോടു ചേർന്നുണ്ടാവും. അവിടെത്തന്നെ ഭക്ഷണം കഴിക്കാനും സൗകര്യമുണ്ടാവും. ഇത് ലോകം മുഴുവൻ സാധ്യമെങ്കിൽ കേരളത്തിലും നടക്കില്ലേ? ഫുഡ് സ്ട്രീറ്റ് ടൂറിസത്തിൽ ഒഴിവാക്കാനാകാത്തതാണ്. അതിനെ എന്തിനെതിർക്കണം! തിരുവനന്തപുരത്ത് കവടിയാർ മുതൽ പട്ടം വരെ വൈകുന്നേരങ്ങളിൽ രൂപപ്പെടുന്ന ഭക്ഷണക്കടകൾ ശ്രദ്ധിച്ചിട്ടില്ലേ? അന്താരാഷ്ട്ര രൂചികളാണ് അവിടെ വിളമ്പുന്നത്. അതും സ്വകാര്യ മേഖലയാണെന്നും അസംഘടിതമാണെന്നും ഓർക്കണം. ബീച്ചുകൾ കേരളത്തിന്റെ ഭാഗ്യമാണെന്നു കാണണം. കോവളം മുതൽ കാസർഗോഡ് വരെയും ബീച്ചുകളാണ്. ഇവയൊന്നും പക്ഷെ ടൂറിസം കേന്ദ്രീകരിച്ചല്ല പ്രവർത്തിക്കുന്നത്. എല്ലാ ബീച്ചുകളും മത്സ്യത്തൊഴിലാളികളുടെ കയ്യിലാണ്. അവയിൽ ഇരുപതു ശതമാനമെങ്കിലും സ്വകാര്യമേഖലയ്ക്ക് കൈമാറുകയും വ്യവസായവത്കരിക്കുകയും വേണം. യൂറോപ്യൻ വിനോദസഞ്ചാരികൾക്ക് ബീച്ച് ഒഴിവാക്കാനേ ആവില്ല. അവരെ കരുതാൻ നമ്മൾ തയ്യാറാകണം. 


ALSO READ : ഭരിക്കാൻ മറന്നു പോയ സർക്കാരാണ് ഇപ്പോഴുള്ളത് ; സർക്കാരിനെതിരെ സമരവുമായി യുഡിഎഫ്


ഒരു പഞ്ചായത്ത്, ഒരു ടൂറിസം കേന്ദ്രം മണ്ടൻ ആശയം. 


പഞ്ചായത്തു തോറും ടൂറിസം കേന്ദ്രങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നത് അന്താരാഷ്ട്ര ടൂറിസത്തിന് ഗുണം ചെയ്യില്ല. തീർത്തും അപ്രായോഗികമാണ് സർക്കാരിന്റെ ഈ പദ്ധതി. ഒരു ചെറിയ കായലും കുന്നുമുളളയിടത്തെല്ലാം ടൂറിസം വികസിപ്പിക്കാൻ ശ്രമിക്കുന്നത് ശരിയല്ല. നിലവിലുളള ടൂറിസം കേന്ദ്രങ്ങളിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയാണ് വേണ്ടത്. അതേസമയം ആഭ്യന്തര ടൂറിസത്തിന്റെ വികാസത്തിന് ഇത് പ്രയോജനം ചെയ്യും.


കോവിഡ് ആഗോളതലത്തിൽ അടിച്ചേൽപ്പിച്ച വരൾച്ച പിന്നിട്ട് വളർച്ചയിലേക്കാണ് ലോകം നീങ്ങുന്നത്. ഒട്ടുമിക്ക രാജ്യങ്ങളും വിനോദസഞ്ചാര മേഖലയെ പണം മുടക്കി മിനുക്കിയൊരുക്കിയെടുക്കാനുളള ശ്രമത്തിലാണ്. കേരളവും ഈ കാഴ്ചപ്പാടിലേക്കാണ് നീങ്ങേണ്ടതെന്നും ഇ എം നജീബ് പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.