തിരുവനന്തപുരം : സംസ്ഥാന സർക്കാരിനെതിരെ സമരപരിപാടികൾ തുടങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നവംബർ 3 മുതൽ പ്രക്ഷോഭ പരിപാടികൾ തുടങ്ങും. സെക്രട്ടേറിയേറ്റ് വളയൽ അടക്കമുള്ള സമര പരിപാടികൾക്കാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. നവംബർ ഒന്നിന് യുഡിഎഫിന്റെ ലഹരി വിരുദ്ധ പ്രചാരണം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യും. നവംബർ രണ്ടിന് മഹിളാ കോൺഗ്രസിന്റെ ഡിജിപി ഓഫീസ് മാർച്ച് നടക്കും. നവംബർ മൂന്നിന് സെക്രട്ടേറിയേറ്റിലേക്കും ജില്ലാ കളക്ട്രേറ്റിലേക്കും കോൺഗ്രസ് മാർച്ച് നടത്തും.
നവംബർ എട്ടിന് യുഡിഎഫിന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ രാജ്ഭവനിലേക്ക് മാർച്ച് നടത്തും. നവംബർ 14 ന് 'നരബലിയുടെ തമസ്സില്‍ നിന്ന് നവോത്ഥാനത്തിന്റെ തുടര്‍ച്ചയിലേക്ക്' എന്ന പ്രചാരണ പരിപാടി തുടങ്ങും. നവംബർ 20 മുതൽ 30 വരെ വാഹന പ്രചാരണ ജാഥകൾ നടത്തും. ഡിസംബർ രണ്ടാം വാരത്തിൽ സംസ്ഥാനത്തിന്റെ ഭരണ സിരാ കേന്ദ്രമായ സെക്രട്ടേറിയേറ്റ് വളയുമെന്നും വിഡി സതീശൻ വ്യക്തമാക്കി.
വിഴിഞ്ഞം പ്രക്ഷോഭത്തിൽ സർക്കാർ കാര്യമായി ഇടപ്പെട്ടില്ലെങ്കിൽ പ്രതിപക്ഷം കൂടുതൽ ശക്തമായ നിലപാടുകളുമായി രംഗത്തെത്തുമെന്ന് സതീശൻ മുന്നറിയിപ്പ് നൽകി. സമരക്കാർക്ക് പ്രതിപക്ഷത്തിന്റെ ഐക്യദാർഢ്യമുണ്ട്. സമരക്കാരുമായി നേരിട്ട് ചർച്ചയ്ക്ക് മുഖ്യമന്ത്രി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭരിക്കാൻ മറന്നു പോയ സർക്കാരാണ് ഇപ്പോഴുള്ളതെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. സംസ്ഥാനത്ത് അരി വില കൂടുന്നു, അവശ്യസാധന വില കൂടുന്നു, എന്നാൽ ഒന്നിലും സർക്കാർ ഇടപെടൽ ഉണ്ടാകുന്നില്ല. വില നിയന്ത്രിക്കുന്നതിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നു എന്നും അദ്ദേഹം വിമർശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...