തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ധനസമാഹരണത്തിനായി പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുകയാണ്. അത് കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപിത നയവും ആണ്. എന്നാല്‍ കേന്ദ്രം വില്‍ക്കാന്‍ വച്ച സ്ഥാപനങ്ങളെ പോലും സ്വന്തമാക്കി പൊതുമേഖലയില്‍ നിലനിര്‍ത്തുക എന്ന സമീപനമാണ് കേരളം സ്വീകരിക്കുന്നത്. എച്ച്എല്‍എല്‍, ഭെല്‍, ഇഎംഎല്‍ എന്നിവ ഉദാഹരണങ്ങളാണ്. ഇപ്പോഴിതാ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുള്ള ലാഭത്തിന്റെ കണക്കുകള്‍ പുറത്ത് വന്നിരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ വര്‍ഷത്തില്‍ സംസ്ഥാനത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം പ്രവര്‍ത്തന ലാഭം 386.05 കോടി രൂപ ആണെന്നാണ് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 131.6 കോടി രൂപ നഷ്ടത്തിലായിരുന്നു കേരളത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങള്‍. 2015-2016 സാമ്പത്തിക വര്‍ഷത്തെ കണക്കാണ് ഇത്.


യുഡിഎഫ് സര്‍ക്കാരുകളുടെ കാലത്ത് പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലാവുകയും എല്‍ഡിഎഫ് സര്‍ക്കാരുകളുടെ കാലത്ത് ലാഭത്തിലാവുകയും ചെയ്യുക എന്നത് കേരളത്തില്‍ കുറച്ച് കാലങ്ങളായി കണ്ടുവരുന്ന ഒരു 'പ്രതിഭാസം' ആണ്. അത് ഇത്തവണയും തുടരുന്നു എന്ന് വേണം കരുതാന്‍. 2016 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു വര്‍ഷത്തിനകം നഷ്ടം 131.6 കോടിയില്‍ നിന്ന് 71 കോടിയാക്കി കുറയ്ക്കുകയും ചെയ്തിരുന്നു. 


കേരളത്തിലെ വ്യവസായ വകുപ്പിന് കീഴില്‍ മൊത്തം 42 പൊതുമേഖലാ സ്ഥാപനങ്ങളാണുള്ളത്. അതില്‍ 21 എണ്ണവും ഇപ്പോള്‍ ലാഭത്തിലാണ് എന്ന് ദേശാഭിമാനി വാര്‍ത്തയില്‍ പറയുന്നു. അമ്പത് ശതമാനം സ്ഥാപനങ്ങളും ലാഭത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ശേഷിക്കുന്ന അമ്പത് ശതമാനം നഷ്ടത്തിലാണ് എന്ന യാഥാര്‍ത്ഥ്യവും ഈ വാര്‍ത്ത വിളിച്ചോതുന്നുണ്ട്. എന്തായാലും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വെറും 8 സ്ഥാപനങ്ങള്‍ മാത്രമായിരുന്നു ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. മൊത്തത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ സര്‍ക്കാരിന് വലിയ ബാധ്യതയും അന്ന് സൃഷ്ടിച്ചിരുന്നു.


ഏറ്റവും കൂടുതല്‍ ലാഭം ഉണ്ടാക്കിയിരിക്കുന്നത് കെഎംഎംഎല്‍, ടിസിസി, കെല്‍ട്രോള്‍, ട്രാവന്‍കൂര്‍ ടൈറ്റാനിയം എന്നിവയാണ്. ഇതില്‍ പലതും വലിയ വിവാദങ്ങള്‍ക്കും ഹേതുവായിരുന്നു എന്നും മറക്കാനാവില്ല. എന്തായാലും പ്രതീക്ഷ നല്‍കുന്ന മറ്റൊന്ന് കൂടി ദേശാഭിമാനി വാര്‍ത്തയില്‍ പറയുന്നുണ്ട്. അത് ടെക്‌സ്റ്റൈല്‍ മില്ലുകളെ കുറിച്ചാണ്. വലിയ നഷ്ടത്തിലായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇവ. എന്നാലിപ്പോള്‍ 17 മില്ലുകളില്‍ അഞ്ചെണ്ണവും പ്രവര്‍ത്തന ലാഭം സ്വന്തമാക്കിക്കഴിഞ്ഞു. ബാക്കിയുള്ളവയില്‍ മിക്കവയും നഷ്ടത്തിന്റെ അളവ് കുറച്ചുകൊണ്ടിരിക്കുകയാണെന്നും ദേശാഭിമാനി വാര്‍ത്തയില്‍ പറയുന്നുണ്ട്. 


അടുത്തിടെ വലിയ വിവാദമായ ഒന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡിന്റെ (എച്ച്എന്‍എല്‍) ഏറ്റെടുക്കല്‍. കേരള പേപ്പര്‍ ലിമിറ്റഡ് എന്ന് പുനര്‍നാമകരണം ചെയ്ത സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് ശേഷം ന്യൂസ് പ്രിന്റ് ഉത്പാദനം നിലച്ചു എന്ന രീതിയില്‍ ആയിരുന്നു വാര്‍ത്തകള്‍. ഇത് വലിയ വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിരുന്നു. എന്നാലിപ്പോള്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡില്‍ നിന്നുള്ള ന്യൂസ് പ്രിന്റുകള്‍ ദി ഹിന്ദു അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കേരളത്തില്‍ ദേശാഭിമാനിയും ഇവിടെ നിന്ന് ന്യൂസ് പ്രിന്റ് വാങ്ങി അച്ചടിക്കാന്‍ തുടങ്ങി.


കേന്ദ്ര സര്‍ക്കാരിന്റെ കീഴി്‌ലുണ്ടായിരുന്ന ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡിന്റെ (ഭെല്‍) ഇലക്ട്രിക്കല്‍ മെഷിനറി നിര്‍മാണ യൂണിറ്റ് ആയ ഭെല്‍- ഇഎംഎല്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിട്ട് അധികനാള്‍ ആയിട്ടില്ല. ഇവിടെ നിന്നുള്ള ഉത്പാദനവും ഉടൻ തുടങ്ങുമെന്നാണ് ദേശാഭിമാനി വാർത്തയിൽ പറയുന്നത്. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ തരംതിരിച്ചുള്ള ലാഭ- നഷ്ട കണക്കുകൾ ഇനിയും പുറത്ത് വന്നിട്ടില്ല. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.