Actor-politician Vijay: സഹോദരനാണ്, കൂടെയുണ്ടാകും; പെൺകുട്ടികൾക്ക് തുറന്ന കത്തുമായി വിജയ്

Actor-politician Vijay: തമിഴ്നാട്ടിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചു വരുന്നത് സംബന്ധിച്ചും, ഭരണകക്ഷിയായ ഡിഎംകെ സർക്കാരിനെ വിമർശിച്ചും കത്തിൽ പ്രസ്താവനകളുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Dec 30, 2024, 11:58 AM IST
  • തമിഴ്നാട്ടിലെ പെൺകുട്ടികൾക്ക് തുറന്ന കത്തെഴുതി നടൻ വിജയ്
  • അണ്ണാ സർവകലാശാലയിൽ വിദ്യാർഥിനി ബലാത്സംഗം ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് കത്ത്
  • ഡിഎംകെ സർക്കാരിനെ വിമർശിച്ച് കൊണ്ടുള്ള പ്രസ്താവനകൾ കത്തിലുണ്ട്
Actor-politician Vijay: സഹോദരനാണ്, കൂടെയുണ്ടാകും; പെൺകുട്ടികൾക്ക് തുറന്ന കത്തുമായി വിജയ്

ചെന്നൈ: അണ്ണാ സ‍‍ർവകലാശാലയിൽ വിദ്യാർഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൻ്റെ പശ്ചാത്തലത്തിൽ തുറന്ന കത്തുമായി തമിഴക വെട്രി കഴകം പാർട്ടി അധ്യക്ഷനും നടനുമായ വിജയ്. തമിഴ്നാട്ടിലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമാണ് സ്വന്തം കൈപ്പട കൊണ്ട് വിജയ് കത്തെഴുതിയത്.

'തമിഴ്‌നാടിൻ്റെ സഹോദരിമാർക്ക്' എന്നാരംഭിച്ച കത്തിൽ 'സുരക്ഷിതമായ തമിഴ്നാടിനെ സൃഷ്ടിക്കാൻ' ഒപ്പമുണ്ടാകുമെന്ന് വിജയ് പറഞ്ഞു. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ വേദനിപ്പിക്കുന്നുവെന്നും ഒരു സഹോദരനായി കൂടെയുണ്ടാകുമെന്നും വിജയ് എഴുതി. 

ഒന്നിനെയും കുറിച്ച് വിഷമിക്കാതെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം തന്റെ കത്തിലൂടെ വിദ്യാർഥിനികളോട് പറഞ്ഞു. തമിഴ്നാട്ടിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചു വരുന്നത് സംബന്ധിച്ചും, ഭരണകക്ഷിയായ ഡിഎംകെ സർക്കാരിനെ വിമർശിച്ചും കത്തിൽ പ്രസ്താവനകളുണ്ട്. 

Read Also: മരണകാരണം ആന്തരിക രക്തസ്രാവം? ദിലീപ് ശങ്കറിന്റേത് ആത്മഹത്യയല്ലെന്ന് പ്രാഥമിക നിഗമനം

'നിങ്ങളുടെ സഹോദരൻ എന്ന നിലയിൽ, ഈ സംസ്ഥാനത്തെ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ അനുദിനം നടക്കുന്ന കുറ്റകൃത്യങ്ങൾ എന്നെ വേദനിപ്പിക്കുന്നു. എന്നാൽ നിങ്ങളുടെ സുരക്ഷ ഞാൻ ആരിൽ നിന്നാണ് ആവശ്യപ്പെടേണ്ടത്? നമ്മളെ ഭരിക്കുന്നവരോട് ഇത് ചോദിക്കുന്നത് കൊണ്ട് പ്രയോജനമില്ല,' എന്നും വിജയ് കത്തിൽ പറയുന്നു.

ക്രിസ്മസ് തലേന്നാണ് അണ്ണാ യൂണിവേഴ്‌സിറ്റിയിലെ രണ്ടാം വർഷ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമമുണ്ടായത്. സീനിയറായ സുഹൃത്തിനൊപ്പം പള്ളിയിൽ പോയി തിരിച്ചെത്തിയപ്പോഴായിരുന്നു വിദ്യാർഥിനി പീഡനത്തിനിരയായത്. സുഹൃത്തിനെ മർദ്ദിച്ച് അവശനാക്കിയ ശേഷം വിദ്യാർഥിനിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോയി ഉപദ്രവിക്കുകയായിരുന്നു. സംഭവത്തിൽ കോട്ടൂർ സ്വദേശി ജ്ഞാനശേഖരൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

മദ്രാസ് കോടതിയുടെ നിർദ്ദേശ പ്രകാരം കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. 3 മുതിർന്ന വനിത ഐപിഎസ് ഉദ്യോഗസ്ഥർ സംഘത്തിലുണ്ട്. കേസിലെ എഫ്ഐആർ ചോർന്നത് പ്രത്യേകം അന്വേഷിക്കണമെന്നും മദ്രാസ് ഹൈക്കോടതി നിർദേശിച്ചു. 

അതേസമയം വിദ്യാർഥിനിയ്ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം തമിഴ്നാട് രാഷ്ട്രീയത്തിൽ ഏറെ കോളിളക്കമാണ് സൃഷ്ടിച്ചത്. ഡിഎംകെ സർക്കാരിന് കീഴിൽ സംസ്ഥാനത്തെ ക്രമസമാധാന നില വഷളായതായി എഐഎഡിഎംകെ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News