Union Budget 2024: ആദായ നികുതിയിൽ ഉറ്റുനോക്കി രാജ്യം; പരിഗണിക്കുമോ ഈ ആവശ്യങ്ങൾ?
ഉത്തർപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. ബിജെപിക്കും എൻഡിഎയ്ക്കും ഏറെ നിർണായകമായ തിരഞ്ഞെടുപ്പായതിനാൽ ബജറ്റിലും അതിന്റെ ഗൗരവമുണ്ടാകും.
നാളെ, ജൂലൈ 23ന് മൂന്നാം നരേന്ദ്ര മോദി സർക്കാരിന്‍റെ ആദ്യ സമ്പൂർണ ബജറ്റാണ്. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കാൻ പോകുന്ന ബജറ്റിനായി കാതോർക്കുകയും രാജ്യം. തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ ബജറ്റായതിനാൽ എന്തൊക്കെയാകും ജനങ്ങൾക്കായി കരുതി വച്ചിരിക്കുന്നതെന്ന പ്രതീക്ഷയിലാണ് ഏവരും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ കണക്കിലെടുത്ത് ആദ്യ ബജറ്റിൽ തന്നെ ജനപ്രിയ വാഗ്ദാനങ്ങൾ ഉണ്ടാകാനുള്ള സാധ്യതകളുമുണ്ട്.
റിസർവ് ബാങ്ക്, പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും സർക്കാരിന് ലഭിച്ചത് പ്രതീക്ഷിച്ചതിലും അധികം ലാഭവിഹിതമാണ്. കൂടാതെ ധനക്കമ്മി നിയന്ത്രണ പരിധിക്കുള്ളിലാണെന്നതും ആനുകൂല്യങ്ങൾ നൽകാൻ അനുകൂലഘടകങ്ങളാണ്. ആദായ നികുതിയിൽ ഇളവ് ലഭിക്കുമോ എന്നതാണ് ഇത്തവണയും ഏവരും ഉറ്റുനോക്കുന്ന കാര്യം.
പ്രതീക്ഷിക്കാവുന്ന 5 മാറ്റങ്ങൾ ഇവയാണ്
1. മധ്യവർഗത്തിന്‍റെ കൈവശം പണം ഉറപ്പാക്കുന്നതിനും ഉപഭോക്തൃവിപണിയെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ആദായ നികുതിയിൽ ഇളവ് അനുവദിക്കണമെന്ന ആവശ്യം ഉന്നയിക്കപ്പെടുന്നുണ്ട്.. പഴയ ആദായ നികുതി സ്കീം പ്രകാരം രണ്ടരലക്ഷം രൂപയാണ് ആദായ നികുതി ബാധകമല്ലാത്ത വാർഷിക വരുമാന പരിധി. പുതിയ സ്കീമിൽ ഇത് 3 ലക്ഷം രൂപയുമാണ്. റിബേറ്റുമുള്ളതിനാൽ നിലവിൽ പഴയ സ്കീമിൽ 5 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർക്ക് നികുതി ബാധ്യതയില്ല. പുതിയ സ്കീമിൽ 7 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർക്കാണ് നികുതി ബാധ്യതയില്ലാത്തത്. അതിനാൽ രണ്ട് സ്കീമിലും ഇളവിന്‍റെ പരിധി 5 ലക്ഷം രൂപ വരെയാക്കണമെന്ന ആവശ്യമാണ് മുന്നോട്ട് വച്ചിട്ടുള്ളത്. ഈ ആവശ്യം പരിഗണിച്ചേക്കും. എന്നാൽ മറ്റ് മാറ്റങ്ങളൊന്നും വരുത്താൻ സാധ്യതയില്ലെന്നും വിലയിരുത്തലുകളുണ്ട്.
2. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരമുള്ള ഇളവ് 2 ലക്ഷം രൂപയാക്കണമെന്നതാണ് മറ്റൊരു ആവശ്യം. നിലവിൽ 1.50 ലക്ഷം രൂപയാണ് പരിധി. 10 വർഷം മുമ്പാണ് പരിധി ഒന്നരലക്ഷം രൂപയായി ഉയർത്തിയത്. സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50,000 രൂപയെന്നത് 75,000 രൂപയോ ഒരുലക്ഷം രൂപയോ ആക്കണമെന്ന ആവശ്യവും നിർമല സീതാരാമന് മുൻപിലുണ്ട്.
3. ബജറ്റിൽ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന മറ്റൊരു വിഭാഗം ഭവന വായ്പയെ ആശ്രയിക്കുന്നവരാണ്. ഇത്തവണത്തെ ബജറ്റിൽ ഇവർക്ക് ആശ്വാസമുണ്ടാകുമോ? സെക്ഷൻ 24 പ്രകാരം ഭവന വായ്പാ പലിശയ്ക്ക് നൽകിയിരിക്കുന്ന ഇളവ് രണ്ടുലക്ഷം രൂപവരെയാണ്. ഈ പരിധി 5 ലക്ഷം രൂപയാക്കണമെന്നതാണ് ആവശ്യം. ഈ ആവശ്യം അംഗീകരിക്കപ്പെടുകയാണെങ്കിൽ ഇഎംഐയുടെ കാര്യത്തിൽ വായ്പയെടുത്തവർക്ക് വലിയ ആശ്വാസം ലഭിക്കും.
4. സെക്ഷൻ 80സി പ്രകാരം1.5ലക്ഷം രൂപവരെ ലഭിക്കുന്ന ഇളവുകളുടെ ഭാഗമാണ് നിലവിൽ ഭവന വായ്പയുടെ മുതലിന്‍റെ തിരിച്ചടവും. അതിനെ ഈ സെക്ഷനിൽ നിന്നും മാറ്റി പ്രത്യേക ഇളവായി പ്രഖ്യാപിച്ചാൽ കൂടുതൽ നേട്ടം വായ്പാ ഇടപാടുകാരന് ലഭിക്കും.
5. നേരത്തേ സെക്ഷൻ 80ഇഇഎ പ്രകാരം ആദ്യമായി വീട് വാങ്ങുന്നവർക്ക് വായ്പാ പലിശയിൽ 50,000 രൂപവരെ ഇളവ് കിട്ടുമായിരുന്നു. 2022 മാർച്ചിൽ ഈ ആനുകൂല്യം അവസാനിപ്പിച്ചിരുന്നു. ഇത് തിരികെ കൊണ്ടുവരണമെന്ന ആവശ്യം ശക്തമാണ്. ക്രെഡിറ്റ്-ലിങ്ക്ഡ് സബ്സിഡി സ്കീം (CLSS) പുനരാരംഭിക്കണം എന്നതാണ് മറ്റൊരു ആവശ്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.