സോഷ്യൽ മീഡിയാ സ്ഥാപനമായ ട്വിറ്ററിന്റെ സിഇഒ ആയി ഒരു വനിതയെത്തുമെന്ന് ഇലോൺ മസ്‌ക്  പ്രഖ്യാപിച്ചത് മുതൽ ഉയർന്നു കേൾക്കുന്ന നാമമാണ്  ലിൻഡ യക്കരിനോ. ആരാണിവർ എന്നും എന്തുകൊണ്ടിവരെ നിയമിക്കുന്നു എന്നും അറിയാനായുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. അമേരിക്കൻ മാധ്യമസ്ഥാപനമായ എൻബിസി യൂണിവേഴ്സലിന്റെ ഗ്ലോബൽ അഡൈ്വർട്ടൈസിങ് ആന്റ് പാർടനർഷിപ്പ് ചെയർമാനാണ് നിലവിൽ ലിൻഡ യക്കരിനോ.ലിങ്ക്ഡ് ഇൻ പ്രൊഫൈലിൽ നിന്നും ലഭിച്ച വിവരങ്ങൾ അനുസരിച്ച്  2011 മുതൽ എൻബിസി യൂണിവേഴ്സലിൽ ജോലി ചെയ്യുന്നയാളാണ് ലിൻഡ യക്കരിനോ.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോൾ ആ മാധ്യമസ്ഥാപനത്തിലെ  ഗ്ലോബൽ അഡൈ്വർട്ടൈസിങ് ആന്റ് പാർടനർഷിപ്പ് ചെയർമാൻ ആണ് ലിൻഡ. ഇതിനു മുമ്പേ  മുമ്പ് എൻബിസിയുടെ കേബിൾ എന്റർടെയ്ൻമെന്റിന്റേയും ഡിജിറ്റൽ അഡ്വർട്ടൈസിങ് സെയിൽസ് ഡിവിഷന്റെയും മേധാവിയായിരുന്നു. എൻബിസി യൂണിവേഴ്സലിൽ പ്രവർത്തിക്കുന്നതിനു മുന്നേ  ടേണർ എന്റർടെയ്ൻമെന്റിലായിരുന്നു യക്കരിനോ ജോലി ചെയ്തിരുന്നത്. ഒരിക്കൽ അമേരിക്കയിൽ വെച്ചു നടന്ന ഒരു മാർക്കറ്റിങ് കോൺഫറൻസിൽ യക്കരിനോയും മസ്‌കും ഒരേ വേദിയിൽ ഒരു അഭിമുഖത്തിൽ പങ്കെടുത്തിരുന്നു.


ALSO READ: വീട്ടിലിരുന്ന് കൈ നിറയെ സമ്പാദിക്കാം!! ഓണ്‍ലൈന്‍ തട്ടിപ്പില്‍ വഞ്ചിതരാകാതിരിക്കൂ..; നിര്‍മാതാവിന് നഷ്ടപ്പെട്ടത് 96 ലക്ഷം രൂപ


എല്ലാ വിധത്തിലും മസ്കിനെ പിന്തുണയ്ക്കുന്ന ലിൻഡ തനിക്ക് ട്വിറ്ററിന്റെ  സിഇഒ സ്ഥാനത്തേക്ക് വരാൻ ആ​ഗ്രഹമുള്ളതായി തന്റെ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നുവെന്ന് അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എൻബിസി യൂണിവേഴ്സലിൽ 2000 ജീവനക്കാർക്ക് മേൽനോട്ടം വഹിക്കുന്നയാളാണ് ലിൻഡ. നിലവിൽ ട്വിറ്ററിലും ജീവനക്കാർ അത്രയേ ഉള്ളൂ. എൻബിസി യുണിവേഴ്സലിന്റെ പീക്കോക്ക് എന്ന സ്ട്രീമിങ് സേവനത്തിലേക്ക് വരുമാനം വർദ്ധിപ്പിക്കുന്ന ചുമതലയാണ് ലിൻഡയ്ക്ക്. ആപ്പിൾ, സ്നാപ്ചാറ്റ്, ബസ്ഫീഡ്, ട്വിറ്റർ, യൂട്യൂബ് എന്നിവരുമായുള്ള പങ്കാളിത്തത്തിലൂടെ കമ്പനിയ്ക്ക് വേണ്ടി 10000 കോടി ഡോളർ ലിൻഡ സമാഹരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.


കമ്പനിയുടെ വരുമാനം മെച്ചപ്പെടുത്താൻ കെൽപ്പുള്ള ഒരു മേധാവിയെ തന്നെയാണ്  ട്വിറ്ററിനും ഇപ്പോൾ ആവശ്യം. നിലവിൽ എക്സ് കോർപ്പ് എന്ന കമ്പനിയാണ് ട്വിറ്ററിനെ നിയന്ത്രിക്കുന്നത്. ഈ കമ്പനിയുടെ സിഇഒ ആയാണ് പുതിയ ആൾ വരിക. കമ്പനിയുടെ എക്സിക്യൂട്ടീവ് ചെയർ, ചീഫ് ടെക്നോളജി ഓഫീസർ സ്ഥാനങ്ങളാണ് ഇനി ഇലോൺ മസ്‌ക് വഹിക്കുക. ട്വിറ്ററിന്റെ സിഇഒ ആയി പുതിയൊരാളെ കണ്ടെത്തിയതായും അത് ഒരു വനിതയുമായിരിക്കുമെന്നാണ് ഇലോൺ മസ്ക് വെളിപ്പെടുത്തിയിരുന്നത്.  ആറ് ആഴ്ചയ്ക്കുള്ളിൽ ചുമതലയേൽക്കുമെന്നും മസ്‌ക് വ്യക്തമാക്കിയിരുന്നു. എന്നാൽ അത് ആരായിരിക്കുമെന്ന് അദ്ദേഹം ഇത് വരെ വ്യക്തമാക്കിയിട്ടില്ല. ഇത്തരം സാഹചര്യങ്ങളെ കണക്കിലെടുത്താണ് ലിൻഡാ യക്കാരിനോയുടെ പേരുകൾ ഉയർന്നത്. 


ലിൻഡ യക്കാരിനോയെ സിഇഒ സ്ഥാനത്തേക്കു കൊണ്ടുവരാനുള്ള ചർച്ചകൾ നടക്കുന്നതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടിനെ ഉദ്ധരിച്ച് ഐഎഎൻഎസ് പറഞ്ഞിരുന്നു. ഇതിനു മുമ്പേ ട്വിറ്ററിന്റെ  സിഇഒ സ്ഥാനം ഇലോൺ മസ്ക് ഒഴിയുന്നതായി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. കമ്പനി വലിയ നഷ്ടം നേരിടുകയും, കമ്പനിയിലെ ജീവനക്കാരെയെല്ലാം സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പിരിച്ചുവിടേണ്ടി വന്ന സാഹചര്യത്തിലുമായിരുന്നു അത്. സിഇഒ സ്ഥാനം രാജി വെക്കുന്ന കാര്യത്തിൽ ഉപഭോക്താക്കളുടെ താൽപര്യം അറിയുന്നതിനും വേണ്ടി ഒരു പോളും നടത്തി. ഇതിൽ ഭൂരിഭാഗം ആളുകളും മസ്‌ക് സിഇഒ സ്ഥാനം ഒഴിയണം എന്ന അഭിപ്രായമാണ് മുന്നോട്ട് വെച്ചത്. ഉപഭോക്താക്കളുടെ  അഭിപ്രായവും മസ്ക് ഒഴിയണമെന്നതായതോടെ സ്ഥാനത്തിരുന്നു കൊണ്ട് കമ്പനിയെ നയിക്കാൻ കഴിയുന്ന നല്ലൊരാളെ കിട്ടിയാൽ സ്ഥാനം ഒഴിയുമെന്ന് മസ്‌ക് പ്രഖ്യാപിക്കുകയും ചെയ്തു. പുതിയ സിഇഒ ചുമതലയേറ്റാലും ട്വിറ്ററിന്റെ പ്രവർത്തനത്തിൽ ഇലോൺ മസ്‌ക് തുടർന്നും സജീവമായി ഇടപെടുമോ എന്ന് കണ്ടറിയണം.