ശ്രീചിത്രപുവർ ഹോമിൽ പതിനാലുകാരനെ ക്രൂരമായി മർദിച്ച് സഹപാഠികൾ; ഗുരുതരമായി പരിക്കേറ്റ കുട്ടി ചികിത്സയിൽ
സംഭവത്തിൽ കുട്ടിയുടെ ചികിത്സ പൂർത്തിയായ ശേഷം ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും വകുപ്പ് മന്ത്രിക്കും പരാതി നൽകുമെന്ന് കുട്ടിയുടെ മാതാവ് പ്രതികരിച്ചു.
തിരുവനന്തപുരം: ശ്രീചിത്രപുവര്‍ ഹോമില്‍ പതിനാലുകാരനെ അഞ്ച് സഹപാഠികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. ആര്യനാട് സ്വദേശിയായ വിദ്യാർഥിക്കാണ് മര്‍ദനമേറ്റത്. മർദനമേറ്റ പതിനാലുകാരൻ ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കുട്ടിയുടെ ചികിത്സ പൂർത്തിയായ ശേഷം ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും വകുപ്പ് മന്ത്രിക്കും പരാതി നൽകുമെന്ന് കുട്ടിയുടെ മാതാവ് പ്രതികരിച്ചു.
ഓണാഘോഷ പരിപാടിക്കിടെ ഈ മാസം ആറിനാണ് സംഭവമുണ്ടായത്. ആര്യനാട് സ്വദേശിയായ പതിനാലുകാരനെ അഞ്ച് സഹപാഠികൾ ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു. മർദനത്തിൽ ശരീരമാസകലം മുറിവുകളുണ്ട്. ഓണാഘോഷ പരിപാടിക്ക് ശേഷം സെപ്റ്റംബർ എട്ടിനാണ് കുട്ടി വീട്ടിൽ മടങ്ങിയെത്തിയത്. പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ മാതാവ് കൂടുതൽ കാര്യങ്ങൾ ചോദിച്ചപ്പോഴാണ് വിദ്യാർഥി സംഭവം പുറത്തു പറയുന്നത്.
ആദ്യഘട്ടത്തിൽ നെടുമങ്ങാട് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും കൂടുതൽ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിദ്യാർത്ഥി നിലവിൽ ഇവിടെ ചികിത്സയിൽ തുടരുകയാണ്. പുറത്ത് പറഞ്ഞാൽ വീണ്ടും മർദനം നേരിടേണ്ടി വരുമെന്ന വെല്ലുവിളിയും ഭീഷണിയും മൂലമാണ് കുട്ടി സംഭവങ്ങൾ പുറത്ത് പറയാതിരുന്നത് എന്നതാണ് മാതാവ് പറയുന്നത്.
കുട്ടികൾ തമ്മിൽ അടിപിടിയും കശപിശയും പലപ്പോഴായി ഉണ്ടാകാറുണ്ട്. ഇതിൽ മറ്റ് അസ്വാഭാവികത ഒന്നുമില്ലെന്നാണ് സംഭവത്തിൽ ശ്രീചിത്രപുവർ ഹോം അധികൃതരുടെ ന്യായീകരണം. കുട്ടിക്ക് മർദനമേറ്റ സംഭവം വാർത്തയായതോടെ മാതാവിനോട് പരാതി കൊടുക്കേണ്ട എന്നാണ് അധികൃതർ പറഞ്ഞത്. അതേസമയം, ശ്രീചിത്ര പുവർ ഹോം അധികൃതർ പോലീസിൽ പരാതി നൽകിയിട്ടില്ല. പരാതി ലഭിക്കാത്തതിനാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. എന്നാൽ, കുട്ടിയുടെ ചികിത്സ പൂർത്തിയാക്കിയശേഷം വകുപ്പ് മന്ത്രിക്കും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും ഉൾപ്പെടെ പരാതി നൽകുമെന്നാണ് മാതാവ് വ്യക്തമാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...