Actress Attack Case : ദിലീപിന് തിരിച്ചടി; തെളിവുകൾ നൽകാത്തത് ഗൂഢാലോചനയുടെ ഭാഗം; തിങ്കളാഴ്ച ഫോൺ കൈമാറണമെന്ന് ഹൈക്കോടതി
തിങ്കളാഴ്ച രാവിലെ 10.15 ന് ഫോണുകൾ ഹാജരാക്കണം. നടൻ ദിലീപിന്റെ അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
Kochi : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഫോണുകൾ എല്ലാം തിങ്കളാഴ്ച ഹാജരാക്കണമെന്ന് ഹൈക്കോടതി. തിങ്കളാഴ്ച രാവിലെ 10.15 ന് ഹൈക്കോടതി രജിസ്റ്റർ ജനറലിന് മുന്നിൽ ഫോണുകൾ ഹാജരാക്കണമെന്നാണ് ഉത്തരവ്. നടൻ ദിലീപിന്റെ അടക്കമുള്ള 6 പ്രതികളുടെ മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതി നിർദ്ദേശം മുന്നോട്ട് വെച്ചത് . ആറ് ഫോണുകൾ ഹാജരാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്
ഫോൺ കൈവശം വെയ്ക്കാൻ ദിലീപിന് അവകാശമില്ലെന്നും കോടതി പറഞ്ഞു. എന്നാൽ ഫോണുകൾ മുംബൈയിൽ ഉണ്ടെന്നാണ് ദിലീപ് അറിയിച്ചത്. നാല് ഫോണുകൾ ഉണ്ടെന്നാണ് അന്വേഷണ സംഘം പറഞ്ഞിരിക്കുന്നത്. മൂന്ന് ഫോണുകൾ മാത്രമേയുള്ളുവെന്ന് ദിലീപ് കോടതിയിൽ പറഞ്ഞു.
ഫോണുകൾ ഹാജരാക്കാൻ ചൊവ്വാഴ്ച വരെ സമയം വേണമെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു . മൊബൈലുകൾ മുംബൈയിലാണ് ഉള്ളതെന്നും അത് എത്തിക്കാൻ സമയം വേണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടിരുന്നത്. അതെ സമയം നാലാമത്തെ ഫോണിനെ കുറിച്ച് അറിയില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ദിലീപ്.
സിഡിആറിൽ നിന്നാണ് ഈ ഫോണിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതെന്നും, ഇതിന്റെ ഐഎംഇഐ നമ്പർ സമർപ്പിച്ചിട്ടുണ്ട്. ഫോണുകളുടെ കാൾ റെക്കോർഡുകൾ പരിശോധിച്ചതിൽ നിന്നാണ് നാലാമത്തെ ഫോണിന്റെ ഡാറ്റ ലഭിച്ചതെന്നും അന്വേഷണ സംഘം അറിയിച്ചു.
എന്നാൽ അന്വേഷണ ഏജൻസിക്ക് ഫോൺ കൈമാറാൻ തങ്ങൾക്ക് വിശ്വാസമില്ലെന്ന് ദിലീപിൻറെ അഭിഭാഷകൻ അറിയിച്ചിരുന്നു. കോടതിയിൽ മാത്രമേ വിശ്വാസം ഉള്ളൂവെന്നും ദിലീപ് പറഞ്ഞിരുന്നു. സംസ്ഥാന സർക്കാരിനെയും പോലീസിനെയും തനിക്ക് വിശ്വാസമില്ലെന്നും ദിലീപ് പറഞ്ഞു.
ഈ ഫോണുകൾ പരിശോധിക്കാൻ താൻ സ്വകാര്യ ഏജൻസികളെ ഏൽപ്പിച്ചിട്ടുണ്ടെന്നും ദിലീപ് അറിയിച്ചു. ഫോണുകളിൽ തനിക്ക് അനുകൂലമായ തെളിവുകൾ ഉണ്ടെന്നും, അത് അന്വേഷണ ഏജൻസികളെ ഏൽപ്പിക്കാൻ കഴിയില്ലെന്നും ദിലീപ് പറഞ്ഞു.
അതേസമയം കോടതിക്ക് നേരിട്ട് ഫോൺ പരിശോധിക്കാൻ സാധിക്കില്ലെന്നും, അംഗീകൃത കോടതി വഴി മാത്രമേ ഫോൺ പരിശോധിക്കാൻ സാധിക്കുള്ളുവെന്ന് കോടതി അറിയിച്ചിട്ടുണ്ട്. ഈ കേസ് പ്രോസിക്യുഷൻ കെട്ടി ചമച്ചതാണെന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ ആരോപിച്ചു.
ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും ദിലീപിന്റെ അഭിഭാഷകൻ വ്യക്തമാക്കി. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകൾ പുറത്ത് വന്നതിന് ശേഷം ദിലീപും മറ്റ് പ്രതികളും ഫോൺ മാറ്റിയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഈ ഫോണുകൾ ലഭിക്കണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...