Actress Attack Case | പ്രതികൾ വലിയ സ്വാധീനമുള്ളവർ, മുൻകൂർ ജാമ്യം അനുവദിച്ചാൽ പിന്നെ കേസന്വേഷിച്ചിട്ട് കാര്യമില്ലെന്ന് പ്രോസിക്യൂഷൻ
കേസിലെ പ്രതികൾ സാധാരണക്കാരല്ലെന്നും ഇവർ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രോസിക്യൂഷൻ അറിയിച്ചു.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ. പ്രതികൾ സമൂഹത്തിൽ വളരെ സ്വാധീനമുള്ളവരാണെന്നും ഇവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചാൽ പിന്നെ കേസന്വേഷിച്ചിട്ട് കാര്യമില്ലെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ പറഞ്ഞു.
കേസിലെ പ്രതികൾ സാധാരണക്കാരല്ലെന്നും ഇവർ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രോസിക്യൂഷൻ അറിയിച്ചു. വിചാരണക്കോടതിയിൽ വാദിക്കാൻ പോലും പ്രതിഭാഗം അനുവദിക്കാത്ത സ്ഥിതിയാണ്. സ്പെഷ്യൽ പ്രോസിക്യൂട്ടർ കേസിൽ നിന്ന് പിൻമാറാൻ ഒരു കാരണം ഇതാണെന്നും സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ ഓഫ് പ്രോസിക്യൂഷൻ വാദിച്ചു.
Also Read: Actress Attack| ദിലീപിൻറെ ജാമ്യ ഹർജി: കസ്റ്റഡി ആവശ്യമില്ല എന്ന് പറയാനാകുമോ? കോടതി
അതേസമയം കസ്റ്റഡി ആവശ്യം ഇല്ല എന്ന് പറയാനാവുമോ എന്ന് കോടതി പ്രതിഭാഗത്തിനോട് ചോദിച്ചു. കേസ് അന്വേഷിക്കേണ്ടത് പോലീസാണ് അതിന് അവർക്ക് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. ഒരാൾ വീട്ടിലിരുന്ന് പറഞ്ഞ കാര്യത്തിന് എന്താണ് പ്രസക്തിയെന്നും അതിൽ എന്ത് തെളിവാണ് ഹാജരാക്കൻ ഉള്ളതെന്നും പ്രോസിക്യൂഷനോടും ജാമ്യ ഹർജിൽ വാദം കേൾക്കവെ കോടതി ആരാഞ്ഞു.
കേസിൽ ഡിജിറ്റൽ തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷൻ വ്യക്തമാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥരുടെ ജീവൻ രക്ഷിക്കണമെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു. എന്നാൽ ബാലചന്ദ്രകുമാർ കെട്ടിയിറക്കിയ സാക്ഷിയാണെന്നാണ് ദിലീപിൻറെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.
എന്നാൽ കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നത് അതീവ ഗുരുതരമാണെന്ന് കോടതി നിരീക്ഷിച്ചു. പുതിയ കേസിൽ എന്തെല്ലാം തെളിവുകളാണുള്ളതെന്ന് പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...