Actress Attack Case : നടിയെ ആക്രമിച്ച കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന് ദിലീപിന്റെ അഭിഭാഷകർക്ക് നോട്ടീസ്
അഭിഭാഷകരായ ബി രാമൻ പിള്ള, സുജേഷ് മേനോൻ, ഫിലിപ്പ് വർഗീസ് എന്നിവർക്കാണ് നോട്ടീസ് നൽകിയത്.
Kochi : നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ പരാതിയെ തുടർന്ന് ദിലീപിന്റെ അഭിഭാഷകർക്ക് ബാർ കൗൺസിൽ നോട്ടീസ്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് നോട്ടീസ് നൽകിയിരിക്കുന്നത്. അഭിഭാഷകരായ ബി രാമൻ പിള്ള, സുജേഷ് മേനോൻ, ഫിലിപ്പ് വർഗീസ് എന്നിവർക്കാണ് നോട്ടീസ് നൽകിയത്. നോട്ടീസിൽ രണ്ടാഴ്ചക്കകം മറുപടി നൽകണമെന്നും അറിയിച്ചിട്ടുണ്ട്.
അഭിഭാഷകരുടെ സ്വാധീനത്തെ തുടർന്ന് 20 - ഓളം കക്ഷികൾ കൂറ് മാറിയെന്നാണ് അതിജീവിത പരാതി നൽകിയിരിക്കുന്നത്. നിയമവിരുദ്ധ പ്രവർത്തനം നടത്തിയ അഭിഭാഷകർക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കേസിലെ സാക്ഷിയായ ജിൻസനെ സ്വാധീനിക്കുന്നതിന്റെ ഭാഗമായി ബി രാമൻ പിള്ള 25 ലക്ഷം രൂപയും 5 സെൻറ് ഭൂമിയും വാഗ്ദാനം ചെയ്തതായും പരാതിയിൽ പറയുന്നുണ്ട്.
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വേണ്ടി സഹോദരി ഭർത്താവ് സാക്ഷിയെ സ്വാധീനിക്കുന്ന മൊബൈൽ സംഭാഷണം പുറത്ത് വന്നു. ഡോക്ടർ ഹൈദരാലിയും സുരാജും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. നടി ആക്രമിക്കപ്പെടുമ്പോൾ ആലുവയിലെ ആശുപത്രിയിൽ കടുത്ത പനിയെ തുടർന്ന് ചികിത്സയിലായിരുന്നു എന്നാണ് ദിലീപ് പറഞ്ഞിരുന്നത്. എന്നാൽ പോലീസിനോട് ദിലീപ് അഡ്മിറ്റായിരുന്നില്ലെന്നാണ് ആദ്യം ഡോക്ടർ ഹൈദരലി പറഞ്ഞിരുന്നത്.
പക്ഷെ, കോടതിയിലെത്തിയപ്പോൾ ഡോക്ടർ ദിലീപിന് അനുകൂലമായി മൊഴി മാറ്റി പറഞ്ഞു. സാക്ഷിയെ സ്വാധീനിച്ചതിന്റെ ഭാഗമായാണ് ഹൈദരലി മൊഴിമാറ്റിയതെന്ന് തെളിയിക്കുന്ന നിർണായക ഫോൺ സംഭാഷണമാണ് പുറത്തായിരിക്കുന്നത്. സുരാജിന്റെ ഫോണിൽ നിന്ന് സാക്ഷിയെ സ്വാധീനിക്കാനായി വിളിച്ചത്. ഈ ശബ്ദരേഖ അന്വേഷണസംഘം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ദിലീപിന് അനുകൂലമായി മൊഴി നൽകാൻ സുരാജ് ഡോക്ടറിനോട് ആവശ്യപ്പെടുന്നതാണ് സംഭാഷണം.
സാക്ഷികൾ കൂറുമാറിയത് പ്രതിഭാഗത്തിന്റെ സ്വാധീനത്താൽ ആണെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. പ്രോസിക്യൂഷൻ വാദം ശരിവെക്കുന്നതാണ് പുറത്തുവന്ന സംഭാഷണം. ഈ സംഭാഷണം ഉൾപ്പെടെ മൂന്നു സംഭാഷണങ്ങൾ കോടതിയിൽ പ്രോസിക്യൂഷൻ പുതുതായി ഹാജരാക്കിയിട്ടുണ്ട്. സുരാജും ശരത്തും തമ്മിൽ നടത്തിയ സംഭാഷണവും അഭിഭാഷകനായ സുജേഷ് മേനോനും ദിലീപുമായി നടത്തിയ സംഭാഷണവും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.