Actress Attack Case | ബുധനാഴ്ച വരെ അറസ്റ്റ് പാടില്ല, ദിലീപിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റി
പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത് പ്രകാരമാണ് ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി വച്ചത്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ ദിലീപ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ മാറ്റി. അടുത്ത ബുധനാഴ്ച ഹർജി വീണ്ടും പരിഗണിക്കും. അതുവരെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹർജി പരിഗണിക്കുന്നത് നീട്ടി വയ്ക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത് പ്രകാരമാണ് നടപടി.
കേസിൽ ദിലീപടക്കമുള്ള പ്രതികളെ കഴിഞ്ഞ മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. പ്രതികളുടെ മാറ്റിയ പഴയ ഫോൺ ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ദിലീപ് ഫോൺ ഹാജരാക്കിയില്ല.
പ്രതികളായ നടൻ ദിലീപും സംഘവും ഫോണുകൾ മാറ്റിയത് തെളിവുകൾ നശിപ്പിക്കാൻ വേണ്ടിയാണെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു. പ്രതികൾ ഫോണുകൾ മാറ്റിയതിന്റെ പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അന്വേഷണ സംഘം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം ഫോണുകൾ അഭിഭാഷകന്റെ പക്കൽ ഏൽപ്പിച്ചെന്നാണ് പ്രതികളിൽ ഒരാൾ അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്ന മൊഴി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...