എകെജി സെന്റർ ആക്രമണം; പ്രതി കുറ്റം സമ്മതിച്ചു, അറസ്റ്റ് രേഖപ്പെടുത്തി
സ്കൂട്ടർ ആരുടേതാണെന്നോ സ്ഫോടക വസ്തുവിനെ കുറിച്ചോ പ്രതി വ്യക്തമായി ഒന്നും പറയുന്നില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണ കേസിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത യൂത്ത് കോൺഗ്രസ് നേതാവ് ജിതിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജിതിനെ ഉടൻ കോടതിയിൽ ഹാജരാക്കും. ജിതിനെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി അപേക്ഷ നൽകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. എന്നാൽ സ്കൂട്ടർ ആരുടേതാണെന്നോ സ്ഫോടക വസ്തുവിനെ കുറിച്ചോ പ്രതി വ്യക്തമായി ഒന്നും പറയുന്നില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. എകെജി സെന്ററിൽ സ്ഫോടക വസ്തുവെറിഞ്ഞത് ജിതിനാണെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്‍റാണ് അറസ്റ്റിലായ ജിതിന്‍.
മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ മൺവിള സ്വദേശി ജിതിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. സ്ഫോടക വസ്തു എറിഞ്ഞ ശേഷം ജിതിൻ ഡിയോ സ്കൂട്ടറിൽ ഗൗരീശ പട്ടത്തെത്തി. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. ഇവിടെ നിന്ന് കാറിൽ കയറി രക്ഷപ്പെടുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. സിസിടിവി പരിശോധിച്ചപ്പോൾ ഈ കാർ കെഎസ്ഇബിയുടെ ബോര്‍ഡ് വെച്ച കാറാണെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാര്‍ ജിതിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും കണ്ടത്തി. കാറിന്റെ ഡിക്കി അസാധാരണമായ നിലയിൽ തുറന്നിരിക്കുന്നത് സിസിടിവിയിലുണ്ടെന്നാണ് ക്രൈംബ്രാഞ്ച് വ്യത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
കഴിഞ്ഞ ജൂൺ മുപ്പതിന് അർധരാത്രിയിലാണ് എകെജി സെന്‍ററിന് നേരെ ആക്രമണമുണ്ടായത്. എകെജി സെന്‍റര്‍ ആക്രമണം നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തത് പോലീസിന് തലവേദനയായിരുന്നു. ആദ്യം ബോംബ് സ്ഫോടനമെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വന്നത്. പിന്നീട് പരിശോധനകളിൽ പടക്കമാണ് എറിഞ്ഞതെന്ന് സ്ഥിരീകരിച്ചു. അന്വേഷണത്തിന്റെ ഭാഗമായി നൂറുകണക്കിന് ഫോൺകോളുകൾ പരിശോധിച്ചു. ഇതിനിടെ പ്രതിയെന്ന് സംശയിക്കുന്നവരുടെ സിപിഎം ബന്ധമാണ് അന്വേഷണം മുന്നോട്ട് പോകാതിരിക്കാൻ കാരണമെന്ന് ആരോപണങ്ങൾ ഉയർന്നു.
എകെജി സെന്‍റര്‍ ആക്രമിച്ച് 23 ദിവസം കഴിഞ്ഞിട്ടും പൊലീസ് അന്വേഷണത്തിൽ പ്രതികളെ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. ജൂലൈ 23ന് ആണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി ഡിജിപി ഉത്തരവിറക്കിയത്. ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഉടനടി കിട്ടിയെങ്കിലും പ്രതിയിലേക്ക് എത്താൻ പോലീസിന് കഴിഞ്ഞില്ല. അൻപതോളം സിസിടിവി ദൃശ്യങ്ങളും ആയിരത്തിലേറെ ഫോണ്‍ രേഖകളും പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. എകെജി സെന്‍റര്‍ ആക്രമണത്തിന് ഉപയോഗിച്ചത് ഉഗ്രസ്ഫോടന ശേഷിയില്ലാത്ത വസ്തുക്കളാണെന്ന് ഫോറൻസിക് വിഭാഗം വ്യക്തമാക്കിയിരുന്നു. ക്രൈംബ്രാഞ്ച് മേധാവിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടത്തിയത്.
സ്കൂട്ടറിൽ ഒരാൾ വന്ന് പടക്കമെറിയുന്ന എകെജി സെന്‍ററിലെ സിസിടിവി ദൃശ്യമായിരുന്നു പോലീസിന് ലഭിച്ച നിർണായക തെളിവ്. സംഭവം നടന്ന് മിനിട്ടുകള്‍ക്കുള്ളില്‍ പുറത്തുവന്ന ഈ സിസിടിവി ദൃശ്യത്തിനപ്പുറം മാസങ്ങൾ പിന്നിട്ടിട്ടും പോലീസിന് കേസിൽ ഒരു തുമ്പും ലഭിച്ചിരുന്നില്ല. നൂറിലേറെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കി. പ്രതി സഞ്ചരിച്ചെന്ന് സംശയിക്കുന്ന മോഡൽ ഡിയോ സ്കൂട്ടർ ഉടമകളെ മുഴുവൻ ചോദ്യം ചെയ്തു. പടക്കക്കച്ചടവക്കാരെ വരെ ചോദ്യം ചെയ്തു. മാസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനാകാത്തത് നിരവധി ആരോപണങ്ങൾക്കും പ്രത്യാരോപണങ്ങൾക്കും വഴിവച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...