Alappuzha Ranjith Murder | ആലപ്പുഴ രഞ്ജിത്ത് വധക്കേസിൽ മൂന്ന് പേർ കൂടി പിടിയിൽ
പന്ത്രണ്ടംഗ സംഘമാണ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്താന്‍ എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.
ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 3 പേർ പോലീസ് പിടിയിൽ. പിടിയിലായവരിലിൽ 2 പേർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്നാണ് റിപ്പോർട്ട്. ഇവരുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തിയേക്കും. എന്നാൽ ഇക്കാര്യത്തിൽ പോലീസ് സ്ഥിരീകരണം ഉണ്ടായിട്ടില്ല.
രഞ്ജിത്ത് വധക്കേസിലെ പ്രതികളെ തിരിച്ചറിഞ്ഞതായി എഡിജിപി വിജയ് സാഖറെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തിന് പുറത്തു നിന്നാണ് മൂന്നു പേരെയും പിടികൂടിയതെന്നാണ് വിവരം. കൊലപാതകത്തിന് ശേഷം പ്രതികള്‍ സംസ്ഥാനം വിട്ടെന്ന നിഗമനത്തില്‍ വ്യാപക തെരച്ചിലാണ് പൊലീസ് നടത്തിയത്.
പന്ത്രണ്ടംഗ സംഘമാണ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്താന്‍ എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. കൃത്യമായ ആസൂത്രണമായിരുന്നതിനാല്‍ ആരും തന്നെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നില്ല എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
പ്രഭാതസവാരിക്കായി ഇറങ്ങിയ രഞ്ജിത്തിനെ അടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ സ്ഥലത്ത് നിന്നും പ്രതികൾ രക്ഷപ്പെട്ടു. വെട്ടേറ്റ രഞ്ജിത്തിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആലപ്പുഴയിൽ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയുടെ കൊലപാതകത്തിന് പിന്നാലെയാണ് ബിജെപി നേതാവിനെയും വെട്ടിക്കൊലപ്പെടുത്തിയത്.
അതേസമയം ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാന്‍ വധക്കേസില്‍ ആര്‍എസ്എസ് ജില്ലാ പ്രചാരക് ഇന്നലെ അറസ്റ്റിലായി. മലപ്പുറം സ്വദേശി അനീഷിനെ ആലുവയില്‍ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ ആകെ എണ്ണം 15 ആയി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...