Chithra Ramakrishna Arrest: എൻഎസ്ഇ തിരിമറി: മുൻ എംഡി ചിത്ര രാമകൃഷ്ണ അറസ്റ്റിൽ
Chithra Ramakrishna Arrest: നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (National Stock Exchange) മുൻ മാനേജിങ് ഡയറക്ടറും, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ചിത്ര രാമകൃഷ്ണയെ (Chitra Ramkrishna) സിബിഐ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു.
മുംബൈ: Chithra Ramakrishna Arrest: നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (National Stock Exchange) മുൻ മാനേജിങ് ഡയറക്ടറും, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ചിത്ര രാമകൃഷ്ണയെ (Chitra Ramkrishna) സിബിഐ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. സ്റ്റോക്ക് എക്സ്ചേഞ്ച് തിരിമറി കേസിൽ ചിത്രയുടെ മുൻകൂർ ജാമ്യാപേക്ഷ ഡൽഹി സിബിഐ പ്രത്യേക കോടതി തള്ളിയതിനെ തുടർന്നായിരുന്നു അറസ്റ്റ്.
ഇന്നലെ രാത്രി ഡൽഹിയിൽ നിന്നും അറസ്റ്റ് ചെയ്ത ചിത്രയെ വൈദ്യപരിശോധനയ്ക്ക് ശേഷം സിബിഐ ആസ്ഥാനത്തേക്ക് കൊണ്ടുപോയി. മുൻപ് മൂന്നുദിവസത്തോളം ചിത്രയെ സിബിഐ ചോദ്യം ചെയ്‌തെങ്കിലും ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകിയില്ലെന്നും ഒഴിഞ്ഞുമാറുകയായിരുന്നെന്നും മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് സിബിഐ കോടതിയിൽ അറിയിച്ചിരുന്നു.
ഇതിനിടയിൽ ചിത്ര രാമകൃഷ്ണയ്ക്ക് ഉപദേശം നൽകിയിരുന്ന ആ ഹിമാലയൻ യോഗി മുൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസറും ചിത്രയുടെ ഉപദേശകനുമായിരുന്ന ആനന്ദ് സുബ്രഹ്മണ്യൻ ആണെന്നു കണ്ടെത്തിയ സിബിഐ ഇയാളെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു.
2013 മുതൽ 2016 വരെ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് എംഡി ആയിരുന്നു ചിത്ര. ഈ കാലയളവിൽ പല തിരിമറികളും നടന്നെന്നാണ് സിബിഐയുടെ കണ്ടെത്തൽ. ചോദ്യം ചെയ്യലിൽ ഹിമാലയത്തിലെ ഒരു സന്യാസിയുടെ താൽപര്യപ്രകാരമാണ് താൻ പല കാര്യങ്ങളും ചെയ്തതെന്നായിരുന്നു ചിത്രയുടെ മറുപടി. എന്നാൽ ഇയാൾ ആരെന്ന് വ്യക്തമാക്കിയിരുന്നില്ല. ഇയാളുമായുള്ള ചിത്രയുടെ ആശയവിനിമയം അടിമുടി ദുരൂഹമാണെന്ന സെബിയുടെ റിപ്പോര്‍ട്ടിൽ നടത്തിയ അന്വേഷണങ്ങളാണ് ചിത്രയുടെ അറസ്റ്റിലേക്ക് വഴിത്തിരിവായത്.