കോട്ടയത്ത് യുവാവിനെ ഹെൽമറ്റ് കൊണ്ട് അടിച്ചുകൊന്ന കേസ്; രണ്ട് പേർ അറസ്റ്റിൽ
ശനിയാഴ്ച രാത്രിയാണ് ഷൈജുവിനെ പ്രതികളായ ലാലുവും സിബിയും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തിയത്.
കോട്ടയം: തിരുവഞ്ചൂരിൽ യുവാവിനെ ഹെൽമെറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവഞ്ചൂർ പുത്തൻപുരയ്ക്കൽ വീട്ടിൽ സിബി മാത്യു (47), തിരുവഞ്ചൂർ ലക്ഷംവീട് കോളനി പടിഞ്ഞാറെ പോളച്ചിറ വീട്ടിൽ ലാലു എം.പി (41) എന്നിവരെയാണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. തിരുവഞ്ചൂർ സ്വദശി ഷൈജുവാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി ഇരുവരും ചേർന്ന് ഷൈജുവിനെ കൊലപ്പെടുത്തി സമീപമുള്ള വീടിന് മുൻപിൽ കൊണ്ടിടുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത അയർകുന്നം പോലീസ് ഇരുവരെയും അന്ന് തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ ഇവർ തന്നെയാണ് കൊല ചെയ്തതെന്ന് കണ്ടെത്തുകയായിരുന്നു.
ശനിയാഴ്ച രാത്രി വീട്ടിലേക്ക് പോകും വഴി ഷൈജു ലാലുവിനെയും സിബിയെയും കാണുകയും മൂവരും തമ്മിൽ വാക്കു തർക്കം ഉണ്ടാവുകയുമായിരുന്നു. തുടർന്ന് സിബി കയ്യിലിരുന്ന ഹെൽമെറ്റ് കൊണ്ട് ഷൈജുവിന്റെ തലയ്ക്ക് അടിക്കുകയും, പിന്നീട് കത്തികൊണ്ട് കുത്തുകയുമായിരുന്നു. കൊലപ്പെടുത്തിയ ശേഷം നിലത്തുകിടന്ന ഷൈജുവിനെ വലിച്ച് കൊണ്ടുപോയി സമീപത്തുള്ള വീട്ടുമുറ്റത്ത് കൊണ്ടിടുകയായിരുന്നു. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സ്ഥലത്തെത്തി നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ ഇവരാണ് പ്രതികളെന്ന് കണ്ടെത്തുകയും തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ പ്രതികൾ പോലീസിനോട് കുറ്റം സമ്മതിക്കുകയുമായിരുന്നു.
Also Read: Murder: കോട്ടയത്ത് യുവാവിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു; 2 പേർ കസ്റ്റഡിയിൽ
അയർക്കുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ മധു ആർ, എസ്.ഐ സജി ലൂക്കോസ്, എ.എസ്.ഐ പ്രദീപ്, സി.പി.ഓ മാരായ ജിജോ ജോസ്, ശ്രീനിഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥർ. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...