ഡൽഹിയിൽ 40 കോടിയുടെ മയക്കുമരുന്ന് വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ കണ്ണികൾ പിടിയിൽ
മ്യാൻമറിൽ നിന്നെത്തിച്ച മയക്കുമരുന്നാണ് പോലീസ് പിടികൂടിയത്.
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വൻ മയക്കുമരുന്ന് വേട്ട. 40 കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി രണ്ട് പേരെ ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. പിടിയിലാവയർ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ കണ്ണികളാണെന്ന് പോലീസ് പറഞ്ഞു. മ്യാൻമറിൽ നിന്നെത്തിച്ച മയക്കുമരുന്നാണ് പോലീസ് പിടികൂടിയത്.
പത്ത് കിലോഗ്രാം ഹെറോയിനാണ് പിടികൂടിയത്. നസീർ, ദിനേഷ് സിംഗ് എന്നിവരാണ് പിടിയിലായത്. പിടികൂടിയ മയക്കുമരുന്നിന് ഏകദേശം 40 കോടി രൂപയോളം വിലവരുമെന്നാണ് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. മ്യാൻമറിൽ നിന്ന് മണിപ്പൂർ വഴിയാണ് ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തിയതെന്ന് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ ഡിസിപി ജസ്മീത് സിംഗ് പറഞ്ഞു. പ്രതികൾക്കെതിരെ എൻഡിപിഎസ് (നർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സറ്റൻസസ്) നിയമത്തിലെ വകുപ്പുകൾ പ്രകാരം കേസെടുത്തതായും അദ്ദേഹം അറിയിച്ചു.
പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയിലെ കണ്ണികളാണ് തങ്ങളെന്ന് പ്രതികൾ വെളിപ്പെടുത്തിയതായി പോലീസ് അറിയിച്ചു. ഡൽഹി, ഉത്തർ പ്രദേശ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് കഴിഞ്ഞ അഞ്ച് വർഷമായി ഇവർ മയക്കുമരുന്ന് വിതരണം നടത്തിവരികയായിരുന്നു. ജാർഖണ്ഡ് സ്വദേശിയുടെ പക്കൽ നിന്നാണ് ഡൽഹി, യുപി എന്നിവിടങ്ങളിലേക്കായി മയക്കുമരുന്ന് കൊണ്ടുവന്നത്. ഇയാൾക്ക് മ്യാൻമറിലെ മയക്കുമരുന്ന് ശൃംഖലയുമായി ബന്ധമുണ്ടെന്നും പ്രതികൾ വെളിപ്പെടുത്തിയതായി ഡൽഹി പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...