നെയ്യാറ്റിൻകരയിൽ അയൽവാസിയുടെ പെട്രോൾ ബോംബ് ആക്രമണത്തിന് ഇരയായ ഭിന്നശേഷിക്കാരൻ കൊല്ലപ്പെട്ടു
പെട്രോൾ ബോംബ് ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഭിന്നശേഷിക്കാരൻ മരിച്ചു. നെയ്യാറ്റിൻകര അരുവിയോട് സ്വദേശി വർഗീസാണ് മരിച്ചത്
തിരുവനന്തപുരം: അയൽവാസി പെട്രോൾ ബോംബ് (Bomb) എറിഞ്ഞതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ (Treatment) കഴിഞ്ഞിരുന്ന ഭിന്നശേഷിക്കാരൻ മരിച്ചു. നെയ്യാറ്റിൻകര അരുവിയോട് സ്വദേശി വർഗീസാണ് മരിച്ചത്.
മെയ് പന്ത്രണ്ടിനാണ് അയൽവാസിയായ സെബാസ്റ്റ്യൻ വർഗീസിന് നേരെ പെട്രോൾ ബോംബ് (Petrol Bomb) എറിഞ്ഞത്. ഇതേ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ വർഗീസിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ വർഗീസിന്റെ ആരോഗ്യനില ഇന്നലെ രാത്രിയോടെ അതീവ ഗുരുതരമാകുകയും മരണം സംഭവിക്കുകയുമായിരുന്നു.
ALSO READ: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട; പിടികൂടിയത് ഒന്നേകാൽ കോടി രൂപയുടെ സ്വർണ്ണം
വീടിനോട് ചേർന്ന് ശവപ്പെട്ടിക്കട നടത്തിവരികയായിരുന്നു വർഗീസ്. എന്നാൽ അയൽവാസിയായ സെബാസ്റ്റ്യന് ഇതിൽ എതിർപ്പുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ശവപ്പെട്ടിക്കട നടത്താൻ വർഗീസിനെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സെബാസ്റ്റ്യൻ പലതവണ പഞ്ചായത്തിലും മാരായമുട്ടം പൊലീസിലും പരാതി (Complaint) നൽകിയിരുന്നു. എന്നാൽ മുൻവശം ടാർപ്പോളിൻ കൊണ്ട് മറച്ച് ശവപ്പെട്ടിക്കട നടത്താൻ വർഗീസിന് പഞ്ചായത്ത് അനുമതി നൽകി. ഇതേച്ചൊല്ലി ഇവർ തമ്മിൽ വാക്കുതർക്കം നിലനിന്നിരുന്നു.
സംഭവം നടന്ന ദിവസവും ഇവർ തമ്മിൽ ശവപ്പെട്ടിക്കടയെച്ചൊല്ലി തർക്കമുണ്ടായി. തുടർന്ന് സെബാസ്റ്റ്യൻ വർഗീസിന് നേരെ പെട്രോളിൽ മുക്കിയ പന്തവും പെട്രോൾ നിറച്ച കുപ്പികളും എറിയുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. തീ ആളിക്കത്തുന്നത് കണ്ട വർഗീസിന്റ വീട്ടുകാർ നിലവിളിച്ചത് കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് തീ അണച്ച് വർഗീസിനെ കടയ്ക്കുള്ളിൽ നിന്ന് പുറത്തെത്തിച്ചത്. അംഗപരിമിതനായതിനാൽ വർഗീസിന് ഓടി രക്ഷപ്പെടാൻ സാധിച്ചിരുന്നില്ല. ശവപ്പെട്ടിക്കടയോടെ കത്തിക്കാൻ വേണ്ടിയാണ് സെബാസ്റ്റ്യൻ ആക്രമണം നടത്തിയതെന്ന് വർഗീസിന്റെ ബന്ധുക്കൾ ആരോപിച്ചു. സംഭവത്തെത്തുടർന്ന് സെബാസ്റ്റ്യൻ ഒളിവിൽ പോയെങ്കിലും പ്രതിയെ അന്നുതന്നെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...