Divya Missing Case: ദിവ്യ തിരോധാനകേസിൽ നിർണായക വഴിത്തിരിവ്; തമിഴ്നാട്ടിലെത്തിച്ച് കൊലപ്പെടുത്തിയെന്ന് ഭർത്താവിന്റെ മൊഴി
11 വർഷത്തിന് ശേഷമാണ് കൊലപാതക വിവരം പുറത്ത് വരുന്നത്.
തിരുവനന്തപുരം: ഊരൂട്ടമ്പലത്ത് ദിവ്യയും മകൾ ഗൗരിയെയും കാണാതായ സംഭവത്തിൽ നിർണായക വഴിത്തിരിവ്. ഇരുവരെയും തമിഴ്നാട്ടിൽ കൊണ്ടുപോയി കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയെന്ന് ഭർത്താവ് മാഹീൻ കണ്ണിന്റെ വെളിപ്പെടുത്തൽ. തിരുവനന്തപുരം റൂറൽ ജില്ലാം ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച കേസിൽ ഗുരുതര വീഴ്ചയുണ്ടായതിനെ തുടർന്ന് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. മാഹിൻ കണ്ണിന്റെ രണ്ടാ ഭാര്യക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞു. 2011 ഓഗസ്റ്റ് 18നാണ് ഊരൂട്ടമ്പലത്ത് അമ്മയെയും മകളെയും കണാതാകുന്നത്. കൊലപാതകം പുറത്ത് വരുന്നത് 11 വർഷത്തിന് ശേഷം. അമ്മയെയും മകളെയും കാണാതായ സംഭവം സീ മലയാളം ന്യൂസ് തിരുവനന്തപുരം ബ്യൂറോ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കിയിരുന്നു.
കേസ് ലോക്കൽ പൊലീസിൽ നിന്ന് ക്രൈംബ്രാഞ്ചിന് കൈമാറിയതോടെയാണ് നിർണായക വഴിത്തിരിവിലേക്കെത്തിയത്. ദിവ്യയെയും മകൾ ഗൗരിയെയും തമിഴ്നാട്ടിൽ എത്തിച്ച് കൊലപ്പെടുത്തി എന്നാണ് മാഹീൻകണ്ണിൻ്റെ മൊഴി. മാഹീൻകണ്ണിൻ്റെ മൊഴി കൂടി പുറത്തു വന്നതോടെയാണ് സംഭവം കൊലപാതകമാണെന്ന് തെളിയുന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളിലായി തിരുവനന്തപുരം റൂറൽ ജില്ല ക്രൈംബ്രാഞ്ച് ഇതുമായി ബന്ധപ്പെട്ട തിരക്കിട്ട നടപടികളിലേക്ക് കടന്നിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.ജെ ജോൺസൺ ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. നെയ്യാറ്റിൻകര ഡിവൈഎസ്പിയും, ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോയിലെ ഉദ്യോഗസ്ഥരും പൂവാർ, മാറനല്ലൂർ സ്റ്റേഷനുകളിലെ എസ്.ഐ.മാരും എസ്.എച്ച്.ഒ.മാരും അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടിരുന്നു. അന്വേഷണ സംഘത്തിന് ചില സംശയങ്ങൾ തോന്നുകയും ഇതിന്റെ അടിസ്ഥാനത്തിൽ മാഹീൻക്കണ്ണിനെ വിശദമായി ചോദ്യം ചെയ്യുകയുമായിരുന്നു.
കേസിൽ നിർണായക വഴിത്തിരിവ് ഉണ്ടായതിന് പിന്നാലെ തന്നെ തിരുവനന്തപുരം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിന്റെ തുടർനടപടികൾ വരും ദിവസങ്ങളിൽ ഉണ്ടാകും. മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ ശേഖരിക്കുന്നതോടൊപ്പം ചില അനൗദ്യോഗിക ഡിഎൻഎ പരിശോധനകളും അന്ന് നടത്തിയിരുന്നു. എന്നാൽ, പുതിയ വിവരം വന്നതിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിൽ വീണ്ടും എത്തി പരിശോധനകൾ നടത്തും. മാത്രമല്ല നിലവിൽ രണ്ടുപേരെയാണ് ഈ കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്. അതിന് പുറമേ മൂന്നാമതൊരാൾ കൂടി ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. മൂന്നാമനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉൾപ്പെടെ രേഖപ്പെടുത്തി നടപടികളിലേക്ക് കടക്കാനാണ് ക്രൈംബ്രാഞ്ചിൻ്റെ നീക്കം. പാറശ്ശാല ഷാരോൺ വധക്കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണ ചുമതല നിർവഹിച്ച പ്രധാന ഉദ്യോഗസ്ഥനായിരുന്നു ജോൺസൺ. നെയ്യാറ്റിൻകരയിൽ മാറി മാറി വന്ന ഡിവൈഎസ്പിമാരും ഈ കേസന്വേഷണത്തിന് ചുമതല വഹിച്ചിരുന്നു.
കൂലിപ്പണിക്കാരനായിരുന്ന ജയചന്ദ്രന്റെയും രാധമ്മയുടെയും മകളായിരുന്നു ദിവ്യ. പൂവ്വാർ സ്വദേശി മാഹിൻക്കണ്ണിനോട് ദിവ്യക്ക് പ്രണയമായിരുന്നു. എന്നാൽ, പ്രണയം വീട്ടുകാർ എതിർത്തു. ഇതോടെ മാഹിൻക്കണ്ണിന് ദിവ്യയുടെ രക്ഷിതാക്കളോട് വെറുപ്പായി. പിന്നീട്, ദിവ്യ ഗർഭിണിയായതോടെ ഇയാൾ വിദേശത്തേക്ക് കടന്നു. 2009 മാർച്ച് 14നാണ് ദിവ്യ ഗൗരിയെന്ന പെൺകുഞ്ഞിന് ജന്മം നൽകിയത്.
വിദേശത്തേക്ക് പോയ മാഹീൻ ഒന്നര വർഷത്തിനുശേഷം നാട്ടിൽ മടങ്ങിയെത്തി. ഇയാൾക്ക് മറ്റൊരു യുവതിയുമായി അടുപ്പമുണ്ടായിരുന്നു. ഇത് പിന്നീട് ദിവ്യ അറിഞ്ഞതോടെ നിരന്തരം കുടുംബബന്ധങ്ങളിൽ തർക്കങ്ങളും പ്രശ്നങ്ങളുമായി.
2011 ഓഗസ്റ്റ് 18ന് വൈകിട്ട് ആറരയോടെ മാഹിൻക്കണ്ണ് ദിവ്യയെയും മകളെയും കൊണ്ട് യാത്രപോയി. പിന്നീട് ഇയാൾ മടങ്ങി വന്നെങ്കിലും മറ്റുള്ള രണ്ടുപേരും കാണാമറയത്തായി. ദിവ്യയും മകൾ ഗൗരിയും വേളാങ്കണ്ണിയിൽ ഉണ്ടെന്നാണ് മാഹിൻക്കണ്ണ് അന്ന് പൊലീസിനോട് പറഞ്ഞത്. മൂന്നു ദിവസത്തിനകം ഇവർ തിരികെയെത്തുമെന്ന് പൊലീസിനോട് പറഞ്ഞോടെ അന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ വിട്ടയച്ചു.
ദിവ്യയുടെയും ഗൗരിയുടെയും തിരോധാനത്തിൽ ഉൾപ്പെട്ടവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഈ അമ്മ മാറനല്ലൂരിലും പൂവാർ സ്റ്റേഷനിലുമായി പരാതി നൽകി. ഇവരെ എത്രയും വേഗം കണ്ടെത്തണം എന്നുള്ളതായിരുന്നു പരാതിയിലെ പ്രധാന ഉള്ളടക്കം. എന്നാൽ, ഒന്നും നടന്നില്ല. മാഹീൻക്കണ്ണ് സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിച്ചു. പരാതിക്കാരിയായ രാധമ്മയെയും ഭർത്താവിനെയും വിളിച്ചുവരുത്തി സ്റ്റേഷനിലിരുത്തുന്നതൊഴിച്ചാൽ ഒരു അന്വേഷണവും നടന്നില്ല. മാത്രമല്ല രണ്ട് സ്റ്റേഷനുകളിലെയും ഉദ്യോഗസ്ഥർ ചേർന്ന് കേസ് നിരന്തരം അട്ടിമറിക്കുകയും ചെയ്തു.
2019ൽ മാറനല്ലൂർ പൊലീസ് വീണ്ടും ഈ കേസിന്റെ ഫയൽ തുറന്നു. മാഹീനു നോട്ടിസ് നൽകി വിളിപ്പിച്ചു. അന്ന് സ്റ്റേഷനിലെത്തിയ മാഹീൻ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി. മാത്രമല്ല, 10 മാസത്തിനുള്ളിൽ അൺനോൺ എന്നെഴുതി ഫയൽ ക്ലോസ് ചെയ്യുകയും ചെയ്തിരുന്നു. ഈ കേസിലാണ് ഇപ്പോൾ നിർണായക വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...