Crime News: ആയുർവേദ ഉപകരണ നിർമാണ കമ്പനിയിൽ കോടികളുടെ തട്ടിപ്പ്; ജീവനക്കാരിയും മകളും അറസ്റ്റിൽ
Crime News: കമ്പനിയുടെ ഉപയോക്താക്കൾ നൽകുന്ന തുക രാജശ്രീയുടെയും മകളുടെയും അക്കൗണ്ടുകളിലേക്കു മാറ്റിയും ഉടമ അറിയാതെ ഉപകരണങ്ങൾ വിൽപന നടത്തിയുമാണ് ഇവർ വൻതുക തട്ടിയത്.
മൂവാറ്റുപുഴ: വ്യാജ ഡിജിറ്റൽ രേഖകൾ സൃഷ്ടിച്ചും സോഫ്റ്റ്‌വെയറിൽ കൃത്രിമം നടത്തിയും ആയുർവേദ ഉപകരണ നിർമാണ കമ്പനിയിൽ നിന്നും ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ കമ്പനിയിലെ ജീവനക്കാരിയും ഡോക്ടറായ മകളും പിടിയിൽ. ആയുർവേദ ഉപകരണങ്ങൾ നിർമിച്ച് വിദേശങ്ങളിൽ ഉൾപ്പെടെ വിൽപന നടത്തുന്ന ദ്രോണി ആയുർവേദാസിന്റെ മൂവാറ്റുപുഴയിലെ ഓഫീസിലാണ് ഇങ്ങനൊരു കൃത്രിമം നടത്തി പണം തട്ടിയത്.
സംഭവത്തിൽ കമ്പനിയിലെ അക്കൗണ്ട്സ് കം ടെലി മാർക്കറ്റിങ് ജീവനക്കാരി കോതമംഗലം തൃക്കാരിയൂർ വെളിയത്ത് വിനായകം രാജശ്രീ എസ്. പിള്ള ഇവരുടെ മകൾ ഡോ. ലക്ഷ്മി നായർ എന്നിവരാണ് പിടിയിലായത്. അറസ്റ്റു ചെയ്ത ഇവരെ കോടതി റിമാൻഡ് ചെയ്തു. കമ്പനിയുടെ ഉപയോക്താക്കൾ നൽകുന്ന തുക രാജശ്രീയുടെയും മകളുടെയും അക്കൗണ്ടുകളിലേക്കു മാറ്റിയും ഉടമ അറിയാതെ ഉപകരണങ്ങൾ വിൽപന നടത്തിയുമാണ് ഇവർ വൻതുക തട്ടിയത്.
Also Read: PM Modi Kerala Visit: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ
കമ്പനിയിലെ ജീവനക്കാരിയായ രാജശ്രീ മകൾ ലക്ഷ്മി നായരുടെ സഹായത്തോടെയാണു തട്ടിപ്പു നടത്തിയതെന്ന് പോലീസ് പറഞ്ഞു. പുതുതായി ആരംഭിച്ച കൊച്ചിയിലെ മറ്റൊരു ആയുർവേദ ഉപകരണ നിർമാണ കമ്പനിയിലെ ഉടമസ്ഥരും ഇതിൽ പങ്കാളിയാണെന്നു കമ്പനി മാനേജ്മെന്റ് നൽകിയ പരാതിയിലുണ്ട്. ഇത് സംബന്ധിച്ച ഡിജിറ്റൽ രേഖകളും ഇവർ പോലീസിനു കൈമാറിയിട്ടുണ്ട്.
ലാഭത്തിലായിരുന്ന കമ്പനി പെട്ടെന്ന് നഷ്ടത്തിലായതോടെ പിടിച്ചു നിൽക്കാൻ കഴിയാതെ വർഷങ്ങളായി ഇവിടെ ജോലി ചെയ്തിരുന്ന ജീവനക്കാരെ വരെ പിരിച്ചു വിട്ടിരുന്നു. ഇതിനിടയിലും ഇവർ തട്ടിപ്പു തുടരുകയാണ് ഉണ്ടായതെന്ന് കമ്പനി അധികൃതർ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ആഴ്ചകളോളം നീണ്ട സൂക്ഷ്മ പരിശോധനയും സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനും ഒടുവിലാണ് തട്ടിപ്പിനു പിന്നിൽ രാജശ്രീ ആണെന്നു തിരിച്ചറിയാൻ കഴിഞ്ഞത്. മാത്രമല്ല രാജശ്രീ എസ്എസ്എൽസി ബുക്ക് കൃത്രിമമായി നിർമിച്ചതായും കണ്ടെത്തിയിട്ടുണ്ട്. റഷ്യയിലെ വൈദ്യശാസ്ത്ര പഠനത്തിനു ശേഷം യുകെയിൽ ഡോക്ടറായി ജോലി ചെയ്യുകയായിരുന്ന ഡോ. ലക്ഷ്മി ഡിസംബർ 28 ന് നിശ്ചയിച്ചിരുന്ന വിവാഹത്തിനായി നാട്ടിൽ എത്തിയിരുന്നു. വിവാഹം നടന്ന് ആഴ്ചകൾക്കുള്ളിൽ തട്ടിപ്പ് കേസിൽ അറസ്റ്റിലായിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.